സഭയിൽ മൗനിയായി നരേന്ദ്ര മോദി; അധോസഭയിലെ സാമ്പത്തിക വിദഗ്ദ്ധർക്കു മുന്നിൽ മിണ്ടാട്ടം മുട്ടി പ്രധാനമന്ത്രി

ഡീമോണിറ്റൈസേഷനെ തുടർന്നു താറുമാറായ ജനജീവിതത്തെ കുറിച്ചുള്ള പ്രതിപക്ഷവിമർശനങ്ങളുടെ മൂർച്ച കൂടവേ, സ്വതവേയുള്ള അദ്ദേഹത്തിന്റെ ആവേശഭരിതമായ വാചാലത മാറ്റിവച്ച് ട്രഷറി ബഞ്ചിൽ നിശബ്ദനും മ്ലാനവദനനുമായി കാണപ്പെട്ടു, പ്രധാനമന്ത്രി മോദി.

സഭയിൽ മൗനിയായി നരേന്ദ്ര മോദി; അധോസഭയിലെ സാമ്പത്തിക വിദഗ്ദ്ധർക്കു മുന്നിൽ മിണ്ടാട്ടം മുട്ടി പ്രധാനമന്ത്രി

പ്രധാനമന്ത്രിയെ സഭയിൽ കാണുന്നില്ലല്ലോ എന്ന മുറവിളിക്കു ശമനമായി.  'കള്ളപ്പണം തടയാൻ' ആയിരം രൂപയുടെയും അഞ്ഞൂറു രൂപയുടെയും നോട്ടുകൾ പിൻവലിക്കുന്ന തീരുമാനം നവംബർ 8ന് വൈകി പ്രഖ്യാപിച്ച് സുമാർ രണ്ടാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ലോൿസഭയിൽ ഹാജരായി.

ഡീമോണിറ്റൈസേഷനെ തുടർന്നു താറുമാറായ ജനജീവിതത്തെ കുറിച്ചുള്ള പ്രതിപക്ഷവിമർശനങ്ങളുടെ മൂർച്ച കൂടവേ, സ്വതവേയുള്ള അദ്ദേഹത്തിന്റെ ആവേശഭരിതമായ വാചാലത മാറ്റിവച്ച് ട്രഷറി ബഞ്ചിൽ നിശബ്ദനും മ്ലാനവദനനുമായി കാണപ്പെട്ടു, പ്രധാനമന്ത്രി മോദി. മൗനി ബാബ എന്ന ഇരട്ടപ്പേരു നേടിയ മുൻപ്രധാനമന്ത്രി നരസിംഹറാവുവിനെ പോലെയോ വിഷയം വിട്ട് രാഷ്ട്രീയമൊന്നും ഉരിയാടാത്ത മൻമോഹൻസിംഗിനെ പോലെയോ ആയിരുന്നില്ലല്ലോ, ഗുജറാത്തിലെ 'സിംഹം'! എന്നിട്ടും അദ്ദേഹം മൗനം ദീക്ഷിച്ചു.


അധ്വാനിച്ചുണ്ടാക്കിയ പണത്തിനായി എടിഎമ്മുകൾക്കും ബാങ്ക് ശാഖകൾക്കും മുന്നിൽ വരിനിൽക്കവേ കുഴഞ്ഞുവീണു മരിച്ചവരോ, ബിൽ അടയ്ക്കാൻ പുതിയ നോട്ടുകൾ ഇല്ലാതിരുന്ന കാരണത്താൽ ചികിത്സ നിഷേധിക്കപ്പെട്ട് കാലപുരി പൂകിയവരോ ആയ ഹതഭാഗ്യരുടെ എണ്ണം 75 കടന്നിരിക്കുന്നു.

സഭയിലെ ശണ്ഠയിലൊന്നും ഇടപെടാൻ പ്രധാനമന്ത്രി തുനിഞ്ഞതേയില്ല. എന്തുകൊണ്ട്? എന്താവാം, മിണ്ടാട്ടംമുട്ടിയതുപോലെയുള്ള ഈ മഹാമൗനത്തിനു പിന്നിലെ ചേതോവികാരം? ഉത്തരം അത്രയ്ക്കു സങ്കീർണ്ണമൊന്നുമല്ല.

മറുപടിക്കായി എണീറ്റാൽ കുപിതരായ പ്രതിപക്ഷാംഗങ്ങളുന്നയിക്കുന്ന ചോദ്യശരങ്ങൾക്കു മുന്നിൽ അസ്തപ്രജ്ഞനായി നിൽക്കേണ്ടിവരും, പ്രധാനമന്ത്രിക്ക് എന്നുറപ്പായിരുന്നു, ഭരണകക്ഷിയായ ബിജെപിക്ക്. ഉദാഹരണത്തിന്, നടപ്പുപാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ എന്തു പ്രതിഫലനമാകും ഈ തീരുമാനം സൃഷ്ടിക്കുക എന്നു ചോദിച്ചാൽ, അല്ലെങ്കിൽ റീപോ റേറ്റിനെ കുറിച്ചോ റിവേഴ്സ് റീപോ റേറ്റിനെ കുറിച്ചോ തിരക്കിയാൽ ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടമായ ബാറ്റ്സ്മാനെ പോലെ പകച്ചിരിക്കാനേ അദ്ദേഹത്തിനാവൂ. അത്തരം ധാരണകൾ അദ്ദേഹത്തിനില്ലെന്നു തന്നെയല്ല, ഭരണകൂടം എന്ന വലിയ ചിത്രത്തെക്കുറിച്ചു തീരെ പിടിയുമില്ല. ഈ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ സംസാരിക്കില്ല എന്നു ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി കട്ടായം പറഞ്ഞതും അതുകൊണ്ടു തന്നെയാണ്.

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ഉന്നയിച്ച സഹാറ/ബിർള അഴിമതി ആരോപണം ഉയർത്തി പ്രതിപക്ഷം തന്നെ അരുക്കാക്കുമെന്ന ഭയംമൂലം പാർലമെന്റിനെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രിക്കു മടിയാണെന്ന അഭ്യൂഹവും ഇന്ദ്രപ്രസ്ഥത്തിൽ പടർന്നിരുന്നു.

ഇരുസഭകളിലും വിഷയത്തിൽ പ്രവീണരായ സാമ്പത്തികവിദഗ്ദ്ധർ പ്രതിപക്ഷ ബഞ്ചുകളിലുള്ളപ്പോൾ സാമ്പത്തിക ശാസ്ത്രത്തിലെ തന്റെ അവഗാഹമില്ലായ്ക ലൈവ് ടെലിവിഷനു മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ പ്രധാനമന്ത്രി വിമുഖനായിരുന്നു. റെക്കോർഡ് ചെയ്ത ഡീമോണിറ്റൈസേഷൻ പ്രഖ്യാപനം പോലെ വേഷംകെട്ടിയാടാൻ കഴിയുന്ന ഇടമല്ല, പാർലമെന്റ് നടപടിക്രമങ്ങൾ. നോട്ടു പിൻവലിച്ചതുമൂലം തൊഴിൽമേഖലയിലുണ്ടായ വീഴ്ചയുടെ ശതമാനമോ മൊത്ത വില സൂചികയിലുണ്ടായ ഇടിവോ ആരെങ്കിലും തിരക്കിയാൽ കൂടുതൽ വേഗതയിൽ അദ്ദേഹത്തിന്റെ മുഖവും ഇടുമിക്കുന്നതു കാണേണ്ടിവരുമായിരുന്നു.

Read More >>