കണ്ണൂരില്‍ സിപിഐഎം പ്രവർത്തകരുടെ മുറുമുറുപ്പ്; എംവി രാഘവന്‍ അനുസ്മരണ സെമിനാറില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറി

എംവിആര്‍ അനുസ്മരണം നടക്കുന്ന പശ്ചാത്തലത്തില്‍ കൂത്തുപറമ്പ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട റോഷന്റെ പിതാവ് കെവി വാസു എംവി രാഘവനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എംവിആറിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നടത്തിയ കൊടുംക്രൂരത മറക്കാനോ പൊറുക്കാനോ കഴിയാത്തതാണെന്നും തങ്ങളുടെ ജീവനുള്ള കാലം വരെ രാഘവനെ കൊലയാളി എന്നുതന്നെ വിളിച്ചുകൊണ്ടേയിരിക്കുമെന്നും വാസു തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ സൂചിപ്പിരുന്നു.

കണ്ണൂരില്‍ സിപിഐഎം പ്രവർത്തകരുടെ മുറുമുറുപ്പ്; എംവി രാഘവന്‍ അനുസ്മരണ സെമിനാറില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറി

സിഎംപി പാര്‍ട്ടി സ്ഥാപകനും മുന്‍ സിപിഐഎം നേതാവുമായ എംവി രാഘവന്റെ അനുസ്മരണത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി. എംവിആര്‍ അനുസ്മണരണത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണര്‍റില്‍ സംഘടിപ്പിച്ചിരുന്ന സെമിനാറില്‍ നിന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറിയത്. എംവിആര്‍ വിഷയവുമായി കണ്ണൂരില്‍ ഉയര്‍ന്നു വരുന്ന എതിര്‍പ്പാണ് പിണറായിയുടെ പിന്‍മാറ്റത്തിനു പിന്നിലുള്ളതെന്നാണ് സൂചന.


എംവിആര്‍ അനുസ്‌രണത്തോടനുബന്ധിച്ചുള്ള സെമിനാറിന്റെ ഉദ്ഘാടകനായാണ് പിണറായി വിജയനെ നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ചുള്ള അറിയിപ്പുകളും മറ്റും ജില്ലയിലെമ്പാടും പ്രചരിക്കുകയും ചെയ്തിരുന്നു. സിഎംപി നികേഷ്‌കുമാര്‍ പക്ഷം സംഘടിപ്പിക്കുന്ന പിരിപാടിയില്‍ പിണറായിക്കൊപ്പം സിഎംപിയിലെ പ്രമുഖരുടേയും പേരുകളുണ്ടായിരുന്നു. എന്നാല്‍ പരിപാടി തുടങ്ങാനിരിക്കേ മുഖ്യമന്ത്രി നാടകീയമായി ഇതില്‍ നിന്നും ഒഴിവാകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഈ നടപടി നികേഷ്‌കുമാറിനെയും സിഎംപിയിലെ നേതാക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്.

എംവിആര്‍ അനുസ്മരണം നടക്കുന്ന പശ്ചാത്തലത്തില്‍ കൂത്തുപറമ്പ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട റോഷന്റെ പിതാവ് കെവി വാസു എംവി രാഘവനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എംവിആറിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നടത്തിയ കൊടുംക്രൂരത മറക്കാനോ പൊറുക്കാനോ കഴിയാത്തതാണെന്നും തങ്ങളുടെ ജീവനുള്ള കാലം വരെ രാഘവനെ കൊലയാളി എന്നുതന്നെ വിളിച്ചുകൊണ്ടേയിരിക്കുമെന്നും വാസു തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ സൂചിപ്പിരുന്നു. പുതിയ തലമുറയുടെ മുന്നില്‍ എംവി രാഘവനെന്ന കൊലയാളിയുടെ വികൃതമുഖം ഞങ്ങള്‍ വരച്ചുകാണിച്ചുകൊണ്ടേയിരിക്കുമെന്നും വാസു പറഞ്ഞിരുന്നു. എംവിആര്‍ അനുസ്‌രണം നടക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്നേയാണ് ഈ പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. കണ്ണൂരിലെ സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഒരു വ്യക്തിയുടെ അനുസ്മരണം പാര്‍ട്ടി ഏറ്റെടുത്ത് നടത്തുന്നതിലൂടെ, കണ്ണൂരിലെ സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാരുടെ വികാരം വാസുവിന്റെ ഫേസ്‌പോസ്റ്റിലൂടെ പ്രതിഫലിച്ചുവെന്ന വാദമാണ് ഇതിനെത്തുടര്‍ന്ന് ഉയര്‍ന്നുവന്നത്.

ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സെമിനാറില്‍ നിന്നും പിണറായി വിജയന്‍ പിന്‍മാറിയതെന്നാണ് സൂചനകള്‍. പകരം പിണറായി സംസാരിക്കുന്ന 12 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സെമിനാറില്‍ പ്രദര്‍ശിപ്പിക്കും. നിയമസഭ സമ്മേളനം നടക്കുന്നതിന്റെ തിരക്കുകള്‍ കാരണമാണ് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് തുടക്കത്തിലും പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം അവസാനവും പ്രകടിപ്പിക്കുന്ന പിണറായി പക്ഷേ സംഘപരിവാര്‍ രാഷ്ട്രീയത്തെപ്പറ്റിയും കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗ്ഗീയ നയങ്ങളെപ്പറ്റിയുമാണ് വീഡിയോയിലുടനീളം സംസാരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

സാധാരണയായി ബുധനാഴ്ച ദിവസം നടക്കേണ്ട കാബിനറ്റ് യോഗം തലേദിവസത്തേക്ക് മാറ്റുകയായിരുന്നു. തലസ്ഥാനത്ത് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രസാദ് കൂടി പങ്കെടുത്ത,
റോഡ് സുരക്ഷയും സുഗമ ഗതാഗതവും ഉറപ്പാക്കാനുള്ള മന്ത്രിതല ഗ്രൂപ്പിന്റെ നാലാമത് യോഗത്തിലും മുഖ്യമന്ത്രി ഇന്ന് പങ്കെടുത്തിരുന്നു.

എഡിറ്റര്‍: പ്രഹ്ലാദ് രതീഷ് തിലകന്‍

Read More >>