ജനത്തെ സഹായിക്കാന്‍ ബില്‍ തിയതി 30 വരെ നീട്ടി കേരളം: കേന്ദ്രത്തെ ആക്രമിച്ച് പിണറായി- 'ഗുണമുണ്ടായത് റിലയന്‍സിനും കള്ളപ്പണക്കാര്‍ക്കും'

നോട്ട് നിരോധനം: ജനത്തെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിലേക്ക് അടക്കേണ്ട ബില്ലുകളുടെ തിയ്യതി ഈ മാസം 30 വരെ നീട്ടി നല്‍കി. വൈദ്യുതിബില്‍, വെള്ളക്കരം, പരീക്ഷാഫീസ്, കെട്ടിട നികുതി എന്നിവ പിഴ ഈടാക്കാതെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ വാറ്റ്, എക്‌സൈസ് നികുതികള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനത്തെ സഹായിക്കാന്‍ ബില്‍ തിയതി 30 വരെ നീട്ടി കേരളം: കേന്ദ്രത്തെ ആക്രമിച്ച് പിണറായി-

തിരുവനന്തപുരം: നോട്ട് അസാധുവാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണം തടയാനുദ്ദേശിച്ച നടപടിയല്ലെന്നും, കള്ളപ്പണലോബിക്ക് സുരക്ഷിതമായി പണം മാറ്റുന്നതിന് സൗകര്യങ്ങള്‍ ലഭ്യമായെന്നും പിണറായി വിജയന്‍ പറഞ്ഞു. സാധാരണ ജനങ്ങള്‍ മാത്രമാണ് ഇക്കാര്യം അറിയാതിരുന്നത്. കേരളത്തിന്റെ ആശങ്ക ഇന്ന് കേന്ദ്ര ധനമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം ചില കേന്ദ്രങ്ങള്‍ക്കറിയാമായിരുന്നു. റിലയന്‍സ് ഉള്‍പ്പെടെയുള്ളവയ്ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും പിണറായി വിജയന്‍ ആരോപിച്ചു. നിത്യജീവിതത്തില്‍ മിച്ചം വെച്ച് പല കാര്യങ്ങള്‍ക്കും കരുതി വെച്ച സാധാരണജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. അവരുടെ കയ്യിലുള്ളത് കള്ളപ്പണമല്ല. രാജ്യത്ത് ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സാധാരണഗതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും, പ്രധാനമന്ത്രി രാജ്യത്തില്ലെന്നും പിണറായി പറഞ്ഞു.

പിന്‍വലിച്ച നോട്ടുകള്‍ ബാങ്കില്‍ മാറിയെടുക്കുന്നതിന് ഡിസംബര്‍ 30 വരെ അവധിയുള്ളതിനാല്‍ അതു വരെയെങ്കിലും ക്രയവിക്രയം ചെയ്യാനുള്ള സൗകര്യം ഒരുക്കണമായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്കകള്‍ ഇന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ട് അറിയിക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

സര്‍ക്കാരിലേക്ക് അടക്കേണ്ട ബില്ലുകളുടെ തിയ്യതി ഈ മാസം 30 വരെ നീട്ടി നല്‍കി. വൈദ്യുതിബില്‍, വെള്ളക്കരം, പരീക്ഷാഫീസ്, കെട്ടിട നികുതി എന്നിവ പിഴ ഈടാക്കാതെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ വാറ്റ്, എക്‌സൈസ് നികുതികള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>