പിണറായി വിജയനും നിലമ്പൂരിലെ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന പോലീസുകാരും

നാൽപ്പത്താറു കൊല്ലം മുമ്പത്തെ ആഭ്യന്തരമന്ത്രിയുടെ പരാമർശങ്ങൾക്കു പോലീസ് അസോസിയേഷന്റെ നടപ്പു പ്രമേയത്തിലെ ചില ഭാഗങ്ങളുമായി വല്ലാത്ത സാമ്യമുണ്ട്. ആ സാമ്യം ഒരു ജനാധിപത്യസമൂഹത്തിലുണ്ടാക്കുന്നത് ചെറുതല്ലാത്ത ആശങ്കയാണ്.

പിണറായി വിജയനും നിലമ്പൂരിലെ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന പോലീസുകാരും

നിലമ്പൂരിൽ രണ്ടു മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന ദൌത്യത്തിൽ പങ്കെടുത്ത പോലീസുകാരെ അഭിനന്ദിച്ചില്ലെങ്കിലും രാജ്യദ്രോഹികളായി ചിത്രീകരിക്കരുത് എന്നാണു പോലീസ് അസോസിയേഷൻ പ്രമേയം പൊതുസമൂഹത്തോട് ആവശ്യപ്പെടുന്നത്. രൂപേഷ് ഉൾപ്പെടെയുള്ളവരെ പിടികൂടിയതുപോലെ മറ്റുള്ളവരേയും ജീവനോടെ പിടികൂടുക എന്നതു തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പോലീസ് പ്രഖ്യാപിക്കുന്നു. എന്നാല്‍ നവംബര്‍ 24ാം തീയതി  നിലമ്പൂര്‍ കാടുകളില്‍ പരിശോധന നടത്തിവരവേ അപ്രതീക്ഷിതമായി പോലീസിനു നേരേ വെടിയുതിര്‍ത്തപ്പോള്‍ തിരികെ വെടിവയ്‌ക്കേണ്ടി വന്നുവെന്നും ജീവനോടെ പിടിക്കപ്പെടേണ്ടിയിരുന്ന അനേകംപേര്‍ രക്ഷപ്പെടുകയും ദൗര്‍ഭാഗ്യവശാല്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തുവെന്നും അസോസിയേഷൻ പാസാക്കിയ പ്രമേയത്തിൽ പറയുന്നു.


പോലീസുകാർക്കു പറയാനുള്ളതു കേൾക്കുകതന്നെ വേണം. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടക്കുമ്പോൾ ഇന്ത്യയിലെ പലഭാഗത്തും ഇതുപോലെ പോലീസ് ഭാഷ്യങ്ങളുണ്ടാകാറുണ്ട്. കൊല്ലപ്പെടേണ്ടിയിരുന്നവരെയാണ് തങ്ങൾ തീർത്തുകളഞ്ഞത് എന്നു പൊതുസമൂഹത്തെ വിശ്വസിപ്പിക്കാൻ കഥകളും ഉപകഥകളും ധാരാളമിറങ്ങും. സൃഷ്ടിച്ചെടുക്കേണ്ടത്, കൊലപാതകത്തിന്റെ ന്യായീകരണമാണ്. അതിന്റെ മറുവശമാണ്, ന്യായീകരണം സംഘടിപ്പിക്കാനൊരു സംവിധാനമുണ്ടെങ്കിൽ കൊലപാതകം പോലീസുകാരുടെ ദിനചര്യയായി മാറുമെന്ന യാഥാർത്ഥ്യം. എന്നാൽ നിലമ്പൂർ വിഷയത്തിൽ അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ട്, പോലീസ് അസോസിയേഷൻ. അതു സ്വാഗതാർഹമാണ്.

1970 മാർച്ച് 2ന് അന്നത്തെ ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദു കോയ നിയമസഭയിൽ നടത്തിയ പ്രസംഗമുണ്ട്. നക്സലൈറ്റ് വർഗീസിനെ വെടിവെച്ചു കൊന്ന സംഭവം നിയമസഭയിൽ ഉന്നയിക്കപ്പെട്ടതിനു മറുപടിയായി നടത്തിയ പ്രസംഗം... അദ്ദേഹം അന്നു പറഞ്ഞു;
"മരംകോച്ചുന്ന വയനാടൻ തണുപ്പത്ത്, മരണം പതിയിരിക്കുന്ന കാടുകളിൽ കുറ്റാം കുറ്റിരുട്ടിൽ ജീവനെ പണയം വച്ചുകൊണ്ട് അന്വേഷണം നടത്തി ഈ ഭീകരപ്രവർത്തകരെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന്മാരെ അഭിനന്ദിച്ചുകൊണ്ട് ഒരു വാക്കുപോലും പറയാനുളള സാമാന്യമര്യാദയില്ലാതെ പോയതിൽ വേദന തോന്നുകയാണ്... വാസ്തവത്തിൽ അവിടെ എന്താണുണ്ടായത്? പോലീസിനു നേരെ വെടിവെയ്ക്കുകയാണ് ഉണ്ടായത്. പോലീസിനെ വെടിവച്ചപ്പോൾ അങ്ങോട്ടും പോലീസ് വെടിവച്ചു. ഉത്തരവാദിത്തപ്പെട്ട ഡിവൈഎസ്പിയുടെ നിർദ്ദേശമനുസരിച്ചാണ് വെടിവയ്പുണ്ടായത്".

നാൽപ്പത്താറു കൊല്ലം മുമ്പത്തെ ആഭ്യന്തരമന്ത്രിയുടെ പരാമർശങ്ങൾക്കു പോലീസ് അസോസിയേഷൻറെ നടപ്പു പ്രമേയത്തിലെ ചില ഭാഗങ്ങളുമായി വല്ലാത്ത സാമ്യമുണ്ട്. ആ സാമ്യം ഒരു ജനാധിപത്യസമൂഹത്തിൽ ചെറുതല്ലാത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. മുഹമ്മദു കോയയുടെ പ്രസംഗത്തിൽ പരാമർശിക്കുന്ന "ഉത്തരവാദിത്തപ്പെട്ട ഡിവൈഎസ്പി"യുടെ പേര് എ ലക്ഷ്മണ എന്നാണ്. കൊലപാതകം നടന്ന് 40 വർഷത്തിനു ശേഷം സിബിഐ കോടതി ജീവപര്യന്തം ശിക്ഷിച്ച പോലീസുദ്യോഗസ്ഥൻ. വിധി വരുമ്പോൾ സിഎച്ച് മുഹമ്മദു കോയ മരിച്ചിട്ട് 27 വർഷം കഴിഞ്ഞിരുന്നു. രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ നടന്നതു സിഎച്ച് മരിച്ച് 15 വർഷത്തിനു ശേഷവും.

അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മഹാമൌനവും സഭാരേഖകളിലുണ്ട്. ദേവരാജിന്റെയും അജിതയുടെയും കൊലപാതകത്തോട് അച്യുതമേനോന്റെയും സിഎച്ച് മുഹമ്മദു കോയയുടെയും മാതൃകയിലല്ല, ഇന്നത്തെ സർക്കാരിന്റെ സമീപനം. അതൊരു മാറ്റമാണ്. പുതിയ മാതൃകകൾ സൃഷ്ടിയ്ക്കാനുളള ചുവടുവെയ്പ്പാണത്. നിലമ്പൂർ കൊലപാതകങ്ങളെ ഇന്നത്തെ മുഖ്യമന്ത്രി ന്യായീകരിക്കുന്നില്ല. മജിസ്ട്രേറ്റു തലത്തിലെങ്കിലും ഒരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ പോലീസ് ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങാനാവില്ലെന്നു പ്രഖ്യാപിക്കാൻ ഡിവൈഎഫ്ഐ നേതാവും യുവ എംഎൽഎയുമായ എം സ്വരാജും പരസ്യമായി രംഗത്തുണ്ട്.

കൊല്ലപ്പെടുമ്പോൾ നക്സലൈറ്റായിരുന്നു വർഗീസ്. രണ്ടു കൊലപാതകക്കേസുകളിൽ പ്രതിയും. എന്നാൽ അങ്ങനെയൊരാളെപ്പോലും പോലീസിനു വെടിവച്ചുകൊല്ലാമെന്ന ഭരണകൂട സിദ്ധാന്തം വകവച്ചുകൊടുക്കാൻ അന്നത്തെ സിപിഎം തയ്യാറായിരുന്നില്ല. പാടിക്കുന്നു രക്തസാക്ഷികളുടെ ചരിത്രം വിളിച്ചു പറഞ്ഞുകൊണ്ടാണു വർഗീസിന്റെ കൊലപാതകം ഇഎംഎസ് അന്നു നിയമസഭയിലുന്നയിച്ചത്. ഇങ്ങനെയായിരുന്നു ആ പരാമർശങ്ങൾ:
"1950ൽ കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നിരുന്ന രയിരു നമ്പ്യാർ, അപ്പൂട്ടി നമ്പ്യാർ, ഗോപാലൻ നമ്പ്യാർ എന്നീ മൂന്നുപേരെ പട്ടാപ്പകൽ നിങ്ങൾക്കു ജാമ്യമുണ്ടെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി. അങ്ങനെ കൂട്ടിക്കൊണ്ടുപോയതിന്റെ പിറ്റേദിവസം രാവിലെ പത്രത്തിൽ പാടിക്കുന്ന് എന്ന സ്ഥലത്തുവച്ച് ഈ മൂന്നുപേരും പോലീസുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി കൊല്ലപ്പെട്ടു എന്ന വാർത്ത വരികയുണ്ടായി".

ചരിത്രബോധത്തെ ഇഎംഎസിനോളം ഉളളംകൈയിലിട്ട് അമ്മാനമാടിയ രാഷ്ട്രീയനേതാവില്ല. നോക്കുക. ഇന്നത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുമായി പാടിക്കുന്നിന് എന്തൊരു സാമ്യം! പത്രവാർത്തയിൽ "ഏറ്റുമുട്ടൽ" എന്നൊരു വാക്കു തിരുകിയാൽ ഏതു കൊലപാതകത്തെയും പൊതുസമൂഹത്തിൽ ന്യായീകരിച്ചെടുക്കാമെന്നു പണ്ടേയ്ക്കു പണ്ടേ പോലീസിന് അറിയാമായിരുന്നു. പോലീസ് അതു ചെയ്യുമെന്ന് ഇഎംഎസിനും. അന്നുമിന്നും ഈ സമവാക്യം പ്രയോഗിക്കുന്ന പോലീസുകാരുണ്ട്. അവർ തോക്കുചൂണ്ടുന്നിടത്തേയ്ക്കല്ല, സമൂഹം മുന്നേറേണ്ടത്.

വർഗീസിനെ വെടിവച്ചു കൊല്ലുമ്പോൾ പിണറായി വിജയനു വയസ് 25 തികഞ്ഞിട്ടില്ല. അന്ന് സിപിഐഎം കണ്ണൂർ ജില്ലാക്കമ്മിറ്റി അംഗമായിരുന്നു, ഇന്നത്തെ മുഖ്യമന്ത്രി. ആ ജില്ലാക്കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു വർഗീസ്. ആദിവാസികളെ സംഘടിപ്പിക്കാൻ സിപിഐഎം തന്നെയാണ് വർഗീസിനെ വയനാട്ടിലേയ്ക്കു നിയോഗിച്ചത്.

ദീർഘകാലം കണ്ണൂരിൽ പാർടി ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ച വർഗീസിനെ, മാതൃഭൂമി വാരികയ്ക്കു വേണ്ടി കമൽറാം സജീവ് തയ്യാറാക്കിയ അഭിമുഖത്തിൽ ഇങ്ങനെ അനുസ്മരിച്ചിട്ടുണ്ട്, പിണറായി:
"ആ അർത്ഥത്തിൽ വർഗീസുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. പക്ഷേ, പിന്നീട് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചു പോയതിനുശേഷം ഞാൻ നേരിട്ടു ബന്ധപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ല. വർഗീസ് എല്ലാവർക്കും പ്രിയങ്കരനായ സഖാവായിരുന്നു. ആശയപരമായി എടുത്ത നിലപാടിലൂടെ വളരെ എക്സ്ട്രീമായിപ്പോയി എന്നതാണ് വർഗീസിനെക്കുറിച്ചു കാണാൻ കഴിയുക. എന്നാൽ അപ്പോഴും എല്ലാവരും ഇഷ്ടപ്പെടുന്ന പ്രകൃതമായിരുന്നു വർഗീസിന്റേത്".

എല്ലാവരും ഇഷ്ടപ്പെടുന്ന പ്രകൃതമുളള ഒരു മനുഷ്യൻ കൊലയാളിയായത് അയാളുടെ ഏതെങ്കിലും സ്വകാര്യതാൽപ്പര്യത്തിനു വേണ്ടിയായിരുന്നില്ല. കുടുംബസ്വത്തു സംരക്ഷിക്കലോ, വ്യക്തിപരമായ ഏതെങ്കിലും കണക്കുതീർക്കലോ അയാളുടെ ലക്ഷ്യവുമായിരുന്നില്ല.

സ്വാതന്ത്ര്യം കിട്ടി രണ്ടുദശാബ്ദം പിന്നിട്ടിട്ടും വയനാട്ടിൽ അക്കാലത്ത് അടിമവ്യാപാരമുണ്ടായിരുന്നു. അതടക്കം ആദിവാസികളെ ചവിട്ടിമെതിച്ച ക്രൂരതകളുടെ ചോരമണമാണ്, വർഗീസിനെ നക്സലൈറ്റാക്കിയത്. കൊല്ലപ്പെടുമ്പോൾ രണ്ടു കൊലക്കേസിലെ പ്രതിയായിരുന്നതിനു കാരണവും അസമത്വത്തിന്റെ ആ ചോരമണമായിരുന്നു.

അങ്ങനെയൊരാളെ പൊലീസിന് സ്വേച്ഛാപരമായി വെടിവെച്ചുകൊല്ലാനാവില്ലെന്ന നിലപാടു സ്വീകരിച്ചു, എഴുപതുകളിലെ സിപിഎം. മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയെപ്പോലും വിചാരണനടത്തി ശിക്ഷിച്ച ഇന്ത്യയുടെ പാരമ്പര്യം ഓർമ്മിപ്പിച്ചാണ് അന്നത്തെ ഭരണപക്ഷത്തെ ഇഎംഎസും കെപിആർ ഗോപാലനും കെ ആർ ഗൌരിയമ്മയും കുടഞ്ഞത്. പക്ഷേ, അന്വേഷണം നടത്താനോ, സത്യം കണ്ടുപിടിക്കാനോ ഭരണാധികാരികൾക്കു തന്റേടമുണ്ടായില്ല.

പിന്നീടു സത്യം തുറന്നു പറയാനും ഒരു പോലീസുകാരൻ തന്നെ വേണ്ടി വന്നു. പോലീസുണ്ടാക്കി പ്രചരിപ്പിച്ചു സ്ഥാപിച്ച അസത്യം പോലീസുകാരൻ തന്നെ പൊളിച്ചുകളഞ്ഞു. അപ്പോഴേയ്ക്കും വർഗീസിന്റേത് ഏറ്റുമുട്ടൽ കൊലപാതകമാണെന്നു തർക്കിച്ചു സ്ഥാപിക്കാൻ ശ്രമിച്ചവരും നിശബ്ദത കൊണ്ടു വരവുവച്ചവരും കാലയവനികയ്ക്കുള്ളിലായിരുന്നു.

അടിച്ചമർത്തലിന്റെ ഭാഗമായി കൊലപാതകങ്ങളുണ്ടാകും. അതിജീവനത്തിന്റെ ഭാഗമായും. രണ്ടും ഒരുപോലെയാണോ? അല്ലെന്ന ഉത്തരമാണ് എം എം മണി. നിലമ്പൂർ കാട്ടിൽ തണ്ടർബോൾട്ട് ദേവരാജിനെയും അജിതയെയും വെടിവെച്ചുകൊല്ലുമ്പോൾ മന്ത്രിസഭയിൽ അദ്ദേഹമുണ്ട്. ഒന്ന്, രണ്ട്, മൂന്ന്... പട്ടികയുണ്ടാക്കി തങ്ങളും കൊന്നുതള്ളിയിട്ടുണ്ടെന്ന് പരസ്യമായി തുറന്നടിച്ച കമ്മ്യൂണിസ്റ്റുകാരൻ.

മണിയുടെ പ്രസംഗവുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങളോടു പ്രതികരിച്ചുകൊണ്ട്, "ബലപ്രയോഗത്തെ തൊഴിലാളികള്‍ ചെറുക്കുമ്പോള്‍ ചിലപ്പോള്‍ ഏറ്റുമുട്ടലുകളും മരണവും സംഭവിക്കു"മെന്നു പറഞ്ഞത് പാർടിയുടെ കേന്ദ്രക്കമ്മിറ്റി അംഗമായ ടി എം തോമസ് ഐസക്കാണ്. അദ്ദേഹവും ഇന്ന് മണിയോടൊപ്പം മന്ത്രിസഭയിലുണ്ട്. "ഇടുക്കിയിലെ രൂക്ഷമായ വര്‍ഗസമരത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി വ്യക്തിഗത ഗൂഢാലോചനയിലേക്ക് ആ പോരാട്ടത്തെ ചുരുക്കുകയായിരുന്നു എം എം മണി"യെന്ന വിമർശനവും അന്നദ്ദേഹം എം എം മണിക്കെതിരെ ഉന്നയിച്ചു.

കൈയിൽകിട്ടുന്ന കൊലക്കേസ് പ്രതിയെ പോയിന്റ് ബ്ലാങ്കിൽ പൊലീസുകാരൻ വെടിവെച്ചു കൊല്ലുന്നതുപോലെയല്ല, "വർഗസമരത്തിന്റെ പശ്ചാത്തലത്തിൽ" കൊലപാതകങ്ങൾ സംഭവിക്കുന്നത്. പോലീസുകാർക്കതു തിരിഞ്ഞില്ലെങ്കിലും ഇടതുസൈബർ സേനയ്ക്കു കാര്യം മനസിലാകേണ്ടതാണ്.