പേരാമംഗലം സിഐ എംവി മണികണ്ഠനെതിരെ നേരത്തെയും ആരോപണം; പല തവണ നടപടി നേരിട്ടു

2009 ല്‍ ചെർപ്പുളശേരി സി ഐ ആയിരിക്കുമ്പോഴാണ് മണികണ്ഠനെ സസ്പെന്റ് ചെയ്യുന്നത്

പേരാമംഗലം സിഐ എംവി മണികണ്ഠനെതിരെ നേരത്തെയും ആരോപണം; പല തവണ നടപടി നേരിട്ടു

തൃശൂര്‍:  വടക്കാഞ്ചേരി കൂട്ടബലാല്‍സംഗ കേസില്‍ ആരോപണ വിധേയനായ പേരാമംഗലം സി ഐ  എം വി മണികണ്ഠന് എതിരെ നേരത്തെയും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ചെര്‍പ്പുളശേരി സി ഐ ആയിരിക്കെ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിന് അഞ്ചു മാസത്തിലേറെ സസ്‌പെന്‍ഷൻ നടപടി നേരിട്ടിരുന്നു.  മാത്രമല്ല ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിൽ എല്ലാം തന്നെ ഇയാൾ പല തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചതായി സഹപ്രവർത്തകരായിരുന്നവർ പറയുന്നു.

2009 ല്‍ ചെർപ്പുളശേരി സി ഐ ആയിരിക്കുമ്പോഴാണ് മണികണ്ഠനെ സസ്പെന്റ് ചെയ്യുന്നത്.  അന്ന് പാലക്കാട് ജില്ലയും സമീപജില്ലകളും കേന്ദ്രീകരിച്ച് വീടുകളില്‍ നിന്ന് വ്യാപകമായി സ്വർണം മോഷണം പോകുന്ന പതിവുണ്ടായിരുന്നു. രാത്രി കാലത്ത് വീടുകള്‍ തകര്‍ത്ത് അകത്തു കയറിയാണ് മോഷ്ടാക്കള്‍ സ്വര്‍ണം മോഷ്ടിച്ചിരുന്നത്. ഇങ്ങിനെ കിലോകണക്കിന് സ്വര്‍ണമാണ് മോഷണം പോയത്.


ഇതുമായി ബന്ധപ്പെട്ട്  തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ക്രിമിനല്‍ പരുത്തി വീരനും സംഘവും അറസ്റ്റിലായി. മോഷണ മുതൽ വാങ്ങിയതിന് കസ്റ്റഡിയിൽ കഴിയുന്നയാളിന്റെ  ഭാര്യയോട് മണികണ്ഠൻ ഫോണിലൂടെ കൈക്കൂലി ആവശ്യപ്പെട്ടു. ഇതു  ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് എസ് പി ക്ക് പരാതി നല്‍കുകയും ചില ചാനലുകളില്‍ ഈ സംഭാഷണം അതേപടി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതോടെ മണികണ്ഠനെ അന്വേഷണ നടപടികളുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തു.  2009 മേയ് 28 മുതല്‍  2009 ഒക്ടോബർ എട്ടു വരെയായിരുന്നു സസ്‌പെന്‍ഷന്‍ കാലാവധി. പ്രതിയെ പിടിക്കുന്നതിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് കൈക്കൂലി ആവശ്യപ്പെട്ട് സംസാരിച്ചതെന്നായിരുന്നു സി ഐയുടെ വിശദീകരണം.

സസ്‌പെന്‍ഷന്‍ കാലത്തിന് ശേഷം പാലക്കാട് ഹേമാംബിക നഗറിലാണ് സി ഐയായി എത്തിയത്. ഇവിടെ ഒരു ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും സി ഐക്ക് എതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാളെ മട്ടഞ്ചേരിയിലേക്ക് മാറ്റി. അവിടെ നിന്നും ചില പ്രശ്നങ്ങളുണ്ടായതിന്റെ പേരിൽ ഇയാളെ ഒറ്റപ്പാലത്തേക്ക് മാറ്റി.

ഒറ്റപ്പാലത്ത് സി ഐ ആയിരിക്കുമ്പോള്‍ കീഴൂര്‍ വച്ചുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് പേരാമംഗലത്തേക്ക് സ്ഥലം മാറ്റിയത്. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വ്യവസായി നിസാം വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസ് കത്തി നില്‍ക്കുന്ന സമയത്താണ് പേരാമംഗലത്തേക്ക് സി ഐ ആയെത്തിയത്.

നേരത്തെ ഒറ്റപ്പാലത്ത് എസ് ഐ ആയി എത്തിയാണ് പത്തുവര്‍ഷം മുമ്പ് മണികണ്ഠന്‍ പോലീസ് ജീവിതം തുടങ്ങിയത്. അതിന് മുമ്പ് കുറച്ചു കാലം ഫയര്‍ഫോഴ്‌സിലായിരുന്നു. മണികണ്ഠന്റെ സ്വത്തു വിവരം അന്വേഷിക്കണമെന്നു പോലീസിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.

Read More >>