നാരദാ ലേഖകന്റെ വാർത്ത ഷെയർ ചെയ്ത സഹോദരനെതിരെ പോലീസ്; വാർത്തയുടെ പേരിൽ ലേഖകന്റെ കുടുംബത്തെ പീഡിപ്പിച്ചു പകതീർക്കാൻ ഗൂഢസംഘം

ഇതിനൊക്കെയുളള ധൈര്യം പോലീസിന് എവിടുന്നു കിട്ടിയെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കുക എന്നു മാത്രമേ നാരദാ ന്യൂസിനു പറയാനുളളൂ. ഇതൊന്നും കണ്ട് പതറുന്നവരല്ല ഞങ്ങൾ.

നാരദാ ലേഖകന്റെ വാർത്ത ഷെയർ ചെയ്ത സഹോദരനെതിരെ പോലീസ്; വാർത്തയുടെ പേരിൽ ലേഖകന്റെ കുടുംബത്തെ പീഡിപ്പിച്ചു പകതീർക്കാൻ ഗൂഢസംഘം

മിശ്രവിവാഹിത ദമ്പതികളിൽ ഭാര്യയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് മനപ്പൂർവം നീക്കം ചെയ്ത വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ നാരദാ ന്യൂസ് ലേഖകനും കുടുംബത്തിനുമെതിരെ പോലീസ് പീഡനം. ബാലിശമായ കാരണങ്ങൾ ചുമത്തി നാരദാ ന്യൂസ് ലേഖകൻ പി സി ജിബിന്റെ സഹോദരനെ കേസിൽ പെടുത്താനും മാതാപിതാക്കളെ അപമാനിക്കാനുമുളള നീക്കങ്ങൾക്കു പിന്നിൽ ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരാണെന്നും സംശയം.

വാർത്ത ഇങ്ങനെയായിരുന്നു
പട്ടാന്നൂർ കൊടോളിപ്രം തൊട്ടിങ്ങൽ വീട്ടിൽ കെ റംലയുടെ പേര് ബിഎൽഒ ആയ കെ കൃഷ്ണൻ മനപ്പൂർവം നീക്കം ചെയ്തുവെന്ന ആരോപണമായിരുന്നു വാർത്ത.

റംലയുടെ ഭർത്താവ് ഇ കെ സുരേഷ് കുമാറിന്റെ പേര് വോട്ടർ പട്ടികയിൽ നിലനിർത്തിയിട്ടുണ്ട്. രണ്ട് കുട്ടികൾക്കും ഭർത്താവിനും ഒപ്പം സ്വന്തം വീട്ടിൽ താമസിക്കുന്ന റംല ബിഎൽഒയ്ക്കെതിരെ കളക്ടർക്കു പരാതിയും നൽകിയിട്ടുണ്ട്. ഇതേ ബിഎൽഒ തന്നെയാണ് റംലയ്ക്ക് ഏതാനും മാസങ്ങൾക്കു മുമ്പ് പുതിയ രൂപത്തിലുളള തിരിച്ചറിയൽ കാർഡു നൽകിയത്. എന്നിട്ടും ഇവർ  പ്രദേശത്ത് താമസമില്ല എന്ന കാരണം പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതാണ് വാർത്തയും വിവാദവുമായത്.

വാർത്തയെഴുതിയ ലേഖകനെതിരെയല്ല, ഷെയർ ചെയ്ത സഹോദരനെതിരെ പരാതി 

ബിഎൽഒ പരാതിപ്പെട്ടത് നാരദാ ന്യൂസ് ലേഖകനെതിരെയല്ല. ലേഖകന്റെ സഹോദരനെതിരെയാണ്. തന്നെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം കൊടോളിപ്രത്തെ കേബിൾ ടിവി ഉടമയും പത്ര ഏജൻസി ഉടമയും പല പ്രമുഖരുമായി അടുത്ത ബന്ധവുമുള്ള സന്ദീപ് കുമാറിന്റെ മൊബൈലിൽ പി സി ജിതിൻ അയച്ചുവെന്നാണ് പരാതിയിലെ ആരോപണം.

പരാതി എസ്പി ഓഫിസിൽ നിന്നും മട്ടന്നൂർ പൊലീസിലേക്ക് കൈമാറി. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ നാരദാ ന്യൂസ് ലേഖകനെ പരിചയമുളളവരാണ് ഈ സ്റ്റേഷനിലെ പോലീസുകാർ. ചില ഗ്രേഡ് എസ്‌ഐ മാരുടെ കയ്യിൽ ലേഖകന്റെ മൊബൈൽ നമ്പറും ഉണ്ട്. എന്നാൽ കാര്യം അന്വേഷിക്കാൻ നേരിട്ടു വിളിക്കുകയല്ല പോലീസ് ചെയ്തത്.

'ഫ്ലയിങ് സ്‌ക്വാഡ് ' എന്ന് എഴുതിയ പോലീസ് വാഹനത്തിൽ നാല് പോലീസുകാർ ലേഖകന്റെ മാതാപിതാക്കൾ അധ്യാപന ജോലി ചെയ്യുന്ന വിദ്യാലയത്തിലെത്തി. പിന്നീട് വീട്ടിലും പരിശോധന. ഫെയ്‌സ്ബുക്കിൽ കെ കൃഷ്ണൻ എന്ന ആളിനെക്കുറിച്ച് ജിതിൻ മോശമായ സന്ദേശമയച്ചതായി എസ്പിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത പരാതിയിൽ അന്വേഷണം നടത്താനായി വൈകീട്ട് നാലുമണിക്ക് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ചെല്ലണമെന്നും പോലീസുകാർ അറിയിച്ചു. സ്റ്റേഷനിൽ ചെല്ലണമെന്ന് നാരദാ ന്യൂസ് ലേഖകനോടും ആവശ്യപ്പെട്ടു.

ചിരിച്ചു മണ്ണുകപ്പിപ്പോകുന്ന കേസ്


സന്ദീപ് എന്ന ഒരാൾക്ക് ജിതിൻ എന്നയാൾ, കെ കൃഷ്ണനെക്കുറിച്ച് മോശമായി സന്ദേശമയച്ചു എന്നതാണ് പരാതി. കുറ്റാരോപിതർ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പരാതിക്കാരനും ഹാജരായിരുന്നു. എന്നാൽ കേസിൽ സുപ്രധാന സാക്ഷിയായി പരാമർശിക്കപ്പെട്ട സന്ദീപ് കുമാർ ഹാജരാവുകയോ അയാളെ പോലീസ് വിളിപ്പിക്കുകയോ ചെയ്തില്ല. എന്നാൽ നാരദാ ന്യൂസ് വാർത്ത ജിതിൽ ഷെയർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് തെളിവായി ഹാജരാക്കിയിരുന്നു.

യഥാർത്ഥത്തിൽ സന്ദീപ് കുമാറിന് ജിതിൻ സന്ദേശം അയച്ചിട്ടില്ല. കൃഷ്ണനെ സംബന്ധിക്കുന്ന നാരദാ ന്യൂസ് വാർത്ത ജിതിൻ തന്റെ ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്യുകയായിരുന്നു. സന്ദീപ് ജിതിന്റെ ഫേസ്ബുക്ക് സുഹൃത്തുമല്ല. ജിതിൻ ഷെയർ ചെയ്ത വാർത്ത സന്ദീപിന്റെ മൊബൈലിൽ എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് വിശദീകരണവുമില്ല. പരാതിക്കാരനായ കെ കൃഷ്ണന് ഫേസ് ബുക്ക് അക്കൌണ്ടില്ല, പരാതി കേൾക്കാൻ നിന്നവർക്കും എന്താണ് ഷെയർ, എന്താണ് ലിങ്ക് എന്നൊന്നും അറിയുകയുമില്ല.

തരികിടപ്പരാതിയ്ക്ക് ഉപദേശം നൽകാൻ എസ് പി ഓഫീസ്

നാരദാ ന്യൂസിനെ ഒരു വാർത്താമാധ്യമം ആയോ എന്നെ ഒരു പത്രപ്രവർത്തകൻ ആയോ കാണരുതെന്നും അപകീർത്തികരമായ സന്ദേശം തയ്യാറാക്കി പ്രചരിപ്പിച്ചു എന്ന കുറ്റം നാരദാ ലേഖകനും സഹോദരനും എതിരെ ചുമത്തണം എന്നുമാണ് ബിഎൽഒ കെ കൃഷ്ണന്റെ വാദം. ഇങ്ങനെ ഒരു കേസ് എടുക്കാൻ കഴിയില്ലെന്ന് എസ്‌ഐ പലതവണ കൃഷ്ണനോട് പറഞ്ഞെങ്കിലും എസ്പി ഓഫിസിൽ താൻ അങ്ങനെയാണ് പരാതി നൽകിയതെന്നും കേസ് എടുക്കാൻ കഴിയുമെന്ന് മുകളിൽ നിന്ന് ഉപദേശമുണ്ടായെന്നുമുളള വാദത്തിൽ പരാതിക്കാരൻ ഉറച്ചു നിന്നു.

എസ്പി ഓഫിസിൽ നിന്ന് വന്ന 'നിർദേശം' എന്ന നിലയിൽ പരാതിക്കാരന്റെയും കുറ്റാരോപിതരുടെയും മൊഴി രേഖപ്പെടുത്തണമെന്നായി ഒടുവിൽ എസ്ഐ. ഇതിനിടയിൽ വ്യാജവാർത്ത നൽകിയ കേസിൽ നാരദാ ന്യൂസ് ലേഖകനെയും അനുജനെയും പോലീസ് അറസ്റ്റ് ചെയ്തു എന്ന് അഭ്യൂഹങ്ങൾ പരന്നു.

മൊഴിയെടുക്കൽ വൻ തമാശയായിരുന്നു. ഫെയ്‌സ്ബുക്ക് എന്താണെന്നോ ഷെയറിങ് എന്താണെന്നോ അറിയാത്ത പൊലീസുകാരനെയാണ് മൊഴി രേഖപ്പെടുത്താൻ ചുമതലപ്പെടുത്തിയത്. ഇതെല്ലാം സൈബർ സെല്ലുകാരുടെ പണിയല്ലേ എന്ന് പോലീസുകാർ തന്നെ പരസ്പരം പറയുന്നുണ്ടായിരുന്നു. ഫെയ്‌സ്ബുക്കിനെക്കുറിച്ചും ഷെയറിങ്ങിനെക്കുറിച്ചും ഒക്കെ ബന്ധപ്പെട്ട പോലീസുകാരനെ മനസിലാക്കിയെടുക്കാൻ ഏറെ പണിപ്പെട്ടു. ഇതൊക്കെ അസംബന്ധമാണെന്നു ചൂണ്ടിക്കാട്ടിയപ്പോൾ 'എസ്പി ഓഫിസിൽ നിന്ന് ലഭിച്ചതുപ്രകാരമുള്ള പരാതിയിലെ നടപടികൾ' എന്നായിരുന്നു പോലീസുകാരുടെ മറുപടി.

മട്ടന്നൂർ പോലീസ് നല്ല രീതിയിൽ ആണ് പെരുമാറിയത്. 'എസ്പി ഓഫീസിൽ നിന്നും വന്ന പരാതി' എന്ന നിലയിലാണ് ഈ നടപടിയൊക്കെ എന്നും ഇതോടെ കേസ് ക്ളോസ് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും എസ്‌ഐ ഉൾപ്പെടെയുള്ളവർ പറഞ്ഞു. പക്ഷേ, സൈബർ പോലീസ് കൈകാര്യം ചെയ്യേണ്ട പരാതി ലോക്കൽ പോലീസിൽ എങ്ങനെയെത്തി എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല.

ലേഖകന്റെ സഹോദരൻ ഷെയർ ചെയ്ത പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വാചാലമാണ്. എന്താണ് ചെയ്തത് എന്ന് അതിലുണ്ട്. പക്ഷേ, അതൊക്കെ മനസിലാക്കാൻ ആ മേഖലയിൽ പണിയെടുക്കുന്ന പോലീസുകാർക്കേ അറിയൂ. നാരദാ ന്യൂസിൽ നിന്നും നേരിട്ട് ഷെയർ ചെയ്തു എന്നല്ലാതെ സ്വന്തമായി ഒരു വാചകം പോലും ലേഖകന്റെ സഹോദരൻ ഷെയർ ചെയ്തിരുന്നില്ല.

സൈബർ പോലീസ് അന്വേഷിക്കേണ്ട കേസ് ലോക്കൽ പോലീസിനു വിട്ടതു തന്ത്രപരം

കുടുംബസമേതം പീഡിപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമായിരുന്നു കേസന്വേഷണവും മൊഴിയെടുക്കലും എന്നു മനസിലാക്കാൻ പോലീസ് ബുദ്ധി തന്നെ ധാരാളം. ഒരു മാധ്യമ വാർത്ത ഷെയർ ചെയ്തതിനെ അപകീർത്തികരമായ സന്ദേശം അയച്ചു എന്നൊക്കെ വ്യാഖ്യാനിക്കാനുളള ശ്രമവും എസ് പി ഓഫീസിൽ നിന്ന് ആ വ്യാഖ്യാനത്തിന് ലഭിച്ച സാധുതയുമൊക്കെ പരാതിക്കാരന്റെ പിൻബലം വ്യക്തമാക്കുന്നുണ്ട്.. ഫ്ലെയിംഗ് സ്ക്വാഡ് എന്നെഴുതിയ ജീപ്പിൽ ലേഖകന്റെ മാതാപിതാക്കളെ തിരഞ്ഞ് അവർ ജോലി ചെയ്യുന്ന സ്ക്കൂളിലെത്തുക, തുടർന്ന് വീട്ടിലെത്തി അന്വേഷിക്കുക... ഇത്തരം ആസൂത്രിത നീക്കങ്ങൾ നടത്താൻ പരാതി സൈബർ പോലീസിനു കൈമാറിയാൽ കഴിയില്ല.

നാരദാ ന്യൂസ് നൽകുന്ന വാർത്തകളെ നിഷേധിക്കാനും മറിച്ചുള്ള അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കാനും നാരദാ ന്യൂസ് തന്നെ അവസരം ഒരുക്കാറുണ്ട്. പ്രസിദ്ധീകരിച്ച വാർത്തയുടെ ഉള്ളടക്കം ചോദ്യം ചെയ്യാനും നിയമനടപടികൾ സ്വീകരിക്കാനും ഉള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ നാരദാ വാർത്തയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ബിഎൽഒ നാരദാ ലേഖകനെതിരെ നേരിട്ടു പരാതി നൽകിയിട്ടില്ല. വാർത്ത ഷെയർ ചെയ്ത കുറ്റം ചുമത്തി ലേഖകന്റെ സഹോദരനെ നിയമക്കുരുക്കിൽപ്പെടുത്താമെന്നാണ് കരുതിയത്. ആ ബുദ്ധി മറ്റാരുടേതോ ആണ്. ആ ഉദ്ദേശം നടത്തിക്കൊടുക്കാൻ എസ് പി ഓഫീസിലടക്കം ശ്രമമുണ്ടായി എന്നതും നേര്.

ജ്യേഷ്ഠൻ തയ്യാറാക്കിയ വാർത്ത ഫേസ് ബുക്കിൽ പങ്കുവെച്ചതിന് അനുജനെയും മാതാപിതാക്കളെയും പിന്തുടർന്നെത്തുന്ന പോലീസ് ഒരു സൂചനയാണ്. വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തെയോ അതു തയ്യാറാക്കിയ ലേഖകനെയോ അല്ല ഉന്നം വെയ്ക്കുന്നത്. കുടുംബത്തെ ഒന്നടങ്കമാണ്. ഇതു മാഫിയാ സ്വഭാവമുളള പ്രവർത്തനരീതിയാണ്.

ഇതിനൊക്കെയുളള ധൈര്യം പോലീസിന് എവിടുന്നു കിട്ടിയെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കുക എന്നു മാത്രമേ നാരദാ ന്യൂസിനു പറയാനുളളൂ. ഇതൊന്നും കണ്ട് പതറുന്നവരല്ല ഞങ്ങൾ.

Read More >>