സഹകരണ ബാങ്ക് പ്രതിസന്ധി; ആത്മഹത്യയുടെ മുനമ്പിൽ കേരളത്തിന്റെ നെല്ലറ

റിസര്‍വ്വ് ബാങ്ക് വരുന്നതിന് മുമ്പ് തന്നെ സഹകരണ ബാങ്കു വഴി ബാങ്കിങ്ങ് തുടങ്ങിയവരാണ് പാലക്കാട്ടുകാര്‍. കേരളത്തിലെ ആദ്യത്തെ സഹകരണ ബാങ്ക് 1909 ല്‍ കണ്ണമ്പ്രയില്‍ തുടങ്ങി. പിന്നീട് ഓരോ നാട്ടിന്‍പുറത്തും ഓരോ സഹകരണ ബാങ്ക് എന്ന നിലയില്‍ വളര്‍ന്നു വന്നു.

സഹകരണ ബാങ്ക് പ്രതിസന്ധി; ആത്മഹത്യയുടെ മുനമ്പിൽ കേരളത്തിന്റെ നെല്ലറ

പാലക്കാട്: നാൽപ്പത്തി നാലായിരത്തോളം കർഷകർ. കിട്ടാനുളളത് 300 കോടി. സഹകരണ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന പാലക്കാട്ടെ കർഷകരുടെ അധ്വാനമൂല്യത്തിന്റെ വലിപ്പമാണിത്. എന്നു കിട്ടുമെന്നോ എങ്ങനെ കിട്ടുമെന്നോ അവർക്കൊരു പിടിയുമില്ല.    വയലിലെ നീരൊഴുക്ക് പോലെ പാലക്കാട്ടുകാർക്ക്  പ്രധാനമാണ് അവരുടെ സഹകരണ ബാങ്കുകളും.

റിസര്‍വ്വ് ബാങ്ക് വരുന്നതിന് മുമ്പ് തന്നെ സഹകരണ ബാങ്കു വഴി ബാങ്കിങ്ങ് തുടങ്ങിയവരാണ് പാലക്കാട്ടുകാര്‍. കേരളത്തിലെ ആദ്യത്തെ സഹകരണ ബാങ്ക് 1909 ല്‍ കണ്ണമ്പ്രയില്‍ തുടങ്ങി. പിന്നീട് ഓരോ നാട്ടിന്‍പുറത്തും ഓരോ സഹകരണ ബാങ്ക് എന്ന നിലയില്‍ വളര്‍ന്നു വന്നു.


വിത്ത്, വളം, ക്യഷിയിറക്കാനുള്ള ലോണ്‍ മുതല്‍ വിളവെടുത്ത നെല്ലിന്റേയും പച്ചക്കറികളുടേയും പണം വരെ വിതരണം ചെയ്യുന്നത് സഹകരണ ബാങ്കുകളാണ്. അവ പ്രതിസന്ധിയിലായാൽ കർഷകരുടെ ജീവിതമാണ് വഴിമുട്ടുന്നത്. ഈ സ്ഥിതി പരിഹാരമില്ലാതെ തുടർന്നാൽ നെല്ലറയുടെ നാട്ടിൽ നിന്ന് കൂട്ട ആത്മഹത്യകളുടെ വാർത്തകൾ കേരളത്തിനു കേൾക്കേണ്ടി വരും.

സഹകരണ ബാങ്കുകളില്‍  കെട്ടിക്കിടക്കുന്നത് കര്‍ഷകരുടെ 300 കോടി 

ജില്ലയിലെ സഹകരണബാങ്കുകൾ നെല്ലു സംഭരിച്ചതിനു വിതരണം ചെയ്യാനുളള തുകയാണ് 300 കോടി. 25000 രൂപ മുതൽ ലക്ഷങ്ങൾ വരെ കിട്ടാനുളളവരുണ്ട്. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമായി അഞ്ഞൂറിൽ കുറയാത്ത കർഷകരുണ്ട്.

ജില്ലയിലെ ഒട്ടുമിക്ക സ്ഥലത്തും കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലക്ക് സഹകരണ ബാങ്കുകള്‍ നെല്ല് സംഭരിച്ചിരുന്നു. ചില ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലയ്ക്കു നെല്ലുവാങ്ങി വന്‍ ലാഭം കൊയ്യുന്ന സാഹചര്യത്തിലാണ് സഹകരണ ബാങ്കുകള്‍ നെല്ല് സംഭരിക്കാന്‍ തുടങ്ങിയത്. ഈ ഇനത്തില്‍ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ കോടികണക്കിന് രൂപയാണ് നെല്‍ കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്.

ഇപ്പോള്‍ 25000 രൂപ വരെ കര്‍ഷകര്‍ക്ക് കൊടുക്കാമെന്ന് പുതിയ ഉത്തരവ് വന്നെങ്കിലും ഒരു രൂപ പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജില്ലയിലെ സഹകരണ ബാങ്കുകള്‍. കൊടുക്കാനുള്ള കറന്‍സി നോട്ടുകള്‍ ഇല്ല. കര്‍ഷകര്‍ക്ക് 25000 രൂപ വെച്ച് കൊടുക്കാമെന്ന് ഉത്തരവ് ബാങ്കിന്റെ കൈയിൽ പൊതിയാത്തേങ്ങയാണ്.

പച്ചക്കറി കര്‍ഷകര്‍ക്കും കൊടുക്കാനുള്ളത് ലക്ഷങ്ങള്‍

നെല്ല് കൂടാതെ കര്‍ഷകരില്‍ നിന്ന് പച്ചക്കറി വാങ്ങി വില്‍പ്പന നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങളുമുണ്ട്. കര്‍ഷകരില്‍ നിന്നും വിവിധ തരം പയര്‍, വഴുതന, പാവക്ക, പടവലം, വെണ്ട, കുമ്പളങ്ങ, മത്തന്‍, ചേന, വെള്ളരിക്ക, അമര, തുടങ്ങിയ പച്ചക്കറികളാണ് തുടങ്ങിയവയാണ് വാങ്ങുന്നത്. ഈ ഇനത്തിലും ലക്ഷങ്ങൾകര്‍ഷകര്‍ക്ക് കിട്ടാനുണ്ട്.

മഴ കുറവായതോടെ നെല്‍ക്യഷി പകുതിയധികം കുറഞ്ഞിട്ടുണ്ട്.  വെള്ളമില്ലാത്തതിനാല്‍ പാടങ്ങൾ  ഉണങ്ങിവരണ്ട  അവസ്ഥയിലാണ്. ബാങ്കില്‍ നിന്നും നെല്ലിന്റെ പണം കിട്ടി വളമിടാനും കൃഷിയിറക്കാനും കാത്തിരിക്കുന്നവരും അനേകമുണ്ട്. പണം കിട്ടാതായതോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. പണം കൊടുത്ത് അരി വാങ്ങുന്നത് അഭിമാനക്ഷതമായി കാണുന്നവരാണ് പാലക്കാട്ടെ നെല്‍ കര്‍ഷകര്‍ അധികവും.

പത്തായത്തില്‍ സൂക്ഷിക്കപ്പെടുന്ന നെല്ലിന്റെ അളവിലാണ് അവരുടെ പ്രൗഢിയും മാന്യതയുമൊക്കെ നാട്ടില്‍ വിലയിരുത്തപ്പെടുന്നത്. ഇവരെല്ലാമിപ്പോൾ ആന്ധ്രയില്‍ നിന്നു വരുന്ന അരിയും കാത്തിരിപ്പാണ്.

എന്താണ് ഈ ക്രെഡിറ്റ് ചെയ്യല്‍? കര്‍ഷകനായ ദൊര ചോദിക്കുന്നു

എലപ്പുള്ളിയിലെ നെല്‍കര്‍ഷനായ ദൊരയുടെ മകളുടെ വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. കല്യാണം ഈ മാസത്തിലേക്ക് തീരുമാനിച്ചതു തന്നെ നെല്ലു വിറ്റ പണം ഈ മാസം കിട്ടുമല്ലോ എന്നു കരുതിയാണ്. ഒന്നര ലക്ഷത്തിനടുത്ത് രൂപ കിട്ടാനുണ്ട്. നോട്ട് പ്രതിസന്ധിയായപ്പോള്‍ മുതല്‍ നെല്ലു കൊടുത്ത വകയില്‍ പണം കിട്ടാനുള്ള സഹകരണ ബാങ്കില്‍ കയറിയിറങ്ങുകയാണ്. നൂറിന്റെ നോട്ടുകള്‍ വെച്ച് പരമാവധി രണ്ടായിരം അല്ലെങ്കില്‍ രണ്ടായിരത്തിന്റെ ഒരു നോട്ട് മാത്രമേ തരാന്‍ കഴിയു എന്ന നിലയിലാണ് ബാങ്ക്.

സ്വര്‍ണമെടുക്കാനും ചെലവിനും എന്തു ചെയ്യുമെന്നറിയില്ല. ജ്വല്ലറിയില്‍ പോയി സ്വര്‍ണം എടുത്ത ശേഷം അറിയിച്ചാല്‍ ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു കൊടുക്കാം എന്ന് ബാങ്കിലെ മാനേജര്‍ പറഞ്ഞിട്ടുണ്ട്. പണം തരാത്തത് കറന്‍സി ഇല്ലാത്തതു കൊണ്ടാണ്. ക്രെഡിറ്റ് ചെയ്യാന്‍ തടസമില്ലെന്നാണ് മാനേജരുടെ നിലപാട്. പലചരക്കു വാങ്ങിയാലും ഇങ്ങിനെ ക്രെഡിറ്റ് ചെയ്യാമെന്നാണ് പറഞ്ഞിട്ടുള്ളത്.

അതിനും അക്കൗണ്ടൊക്കെയുള്ള പുതിയ കടക്കാരനെ കണ്ടു പിടിക്കണം. വര്‍ഷങ്ങളായി പലചരക്കു സാധനങ്ങള്‍ കടമായി വാങ്ങി കൊണ്ടിരിക്കുന്ന കടയില്‍ നിന്ന് മകളുടെ കല്യാണ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ദൊര പറയുന്നു.ഇതൊക്കെ മാനേജര്‍ പറഞ്ഞതാണ്. എന്താണ് ക്രെഡിറ്റ് ചെയ്യല്‍ എന്നൊന്നും ദൊരക്കറിയില്ല. അവസാന സമയത്ത് എന്തെങ്കിലും കാരണവശാല്‍ ഇച് നടക്കാതെ വന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരും എന്നും ഈ പാലക്കാടന്‍ കര്‍ഷകന്‍ പറഞ്ഞു.

ഗോള്‍ഡ് ലോണുകള്‍ പൂര്‍ണമായും നിലച്ചു


സഹകരണ ബാങ്കുകള്‍ വഴിയുള്ള ഗോള്‍ഡ് ലോണ്‍ ഏറെക്കുറെ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. നിത്യേന കോടികണക്കിന് രൂപയുടെ ഇടപാടാണ് ഇതുവഴി നടന്നിരുന്നത്. ആശുപത്രി, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാം ജനം ആശ്രയിക്കുന്നത് അധികവും സഹകരണ ബാങ്കുകളേയാണ്.

കര്‍ഷകരും ഇടത്തരക്കാരുമാണ് ഇതിനായി അധികവും സഹകരണ ബാങ്കുകളിലെത്തുന്നത്. വാണിജ്യ ബാങ്കുകളേക്കാള്‍ കൂടിയ തുക ലഭിക്കുമെന്നതും സ്വകാര്യ ഫൈനാന്‍സ് സ്ഥാപനങ്ങളെക്കാള്‍ കുറഞ്ഞ പലിശയുമാണ് എന്നതിലുമാണ് ഇക്കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ മുന്നിട്ട് നിന്നിരുന്നത്.

നിത്യേന നൂറുകണക്കിന് ഗോള്‍ഡ് ലോണ്‍ ഇടപാട് നടന്നിരുന്ന പാലക്കാട്ടെ കോപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്കില്‍ ഇപ്പോള്‍ ഇത് പത്തില്‍ താഴെയായി കുറഞ്ഞു. ഇത് തന്നെയാണ് ജില്ലയുടെ മൊത്തം അവസ്ഥ. സ്വര്‍ണം വെച്ചാല്‍ കറന്‍സി കൊടുക്കാന്‍ കഴിയാത്തതാണ് പ്രധാന കാരണം. പിന്നെ ഇപ്പോള്‍ നടക്കുന്നത് അധികവും രണ്ടായിരം രൂപയില്‍ താഴെ വരുന്ന പലിശ അടച്ച് പുതുക്കുന്ന കാര്യങ്ങളാണ്.

ജില്ലയില്‍ 400 ഓളം സംഘങ്ങളും ബാങ്കുകളും, 12 ലക്ഷത്തിലേറെ സജീവ ഇടപാടുകാര്‍

ജില്ലയില്‍ പാലക്കാട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, നെന്‍മാറ, ഷൊര്‍ണൂര്‍, എന്നിവിടങ്ങളിലാണ് കോപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്കുകള്‍ ഉള്ളത്. ഇവക്ക് പലതിനും പത്തിനടുത്ത് ബ്രാഞ്ചുകളുമുണ്ട്. നിക്ഷേപത്തിന്റെ കാര്യത്തില്‍ 450 കോടിയുമായി പാലക്കാട്ടെ കോപ്പറേറ്റീവ് ബാങ്ക് ആണ് മുന്നില്‍. ഒറ്റപ്പാലവും ഒപ്പത്തിനൊപ്പമുണ്ട്. സര്‍വീസ് സഹകരണ ബാങ്കുകളും എംപ്ലോയ്‌മെന്റ് സൊസൈറ്റികളും ഉള്‍പ്പടെ ആകെ 400 ഓളം സഹകരണ സംഘങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

ഇവയില്‍ ഒരെണ്ണത്തില്‍ ഏകദേശം ആക്ടീവായ 3000 അക്കൗണ്ട് എന്ന കണക്കു നോക്കിയാല്‍ തന്നെ 12 ലക്ഷത്തോളം ഇടപാടുകാരുണ്ട്. പാലക്കാടും ചെര്‍പ്പുളശേരിയിലും സഹകരണ സംഘത്തിന്റെ കീഴില്‍ രണ്ട് പ്രധാന ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാട്ടെ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിനു വേണ്ടി ഏകദേശം നാലു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതി വരുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.

ജില്ലയെ ബാങ്കിങ്ങ് പഠിപ്പിച്ച്ത് സഹകരണ മേഖല

പാലക്കാട്ടെ കര്‍ഷകരേയും സാധാരണക്കാരേയും അധികവും ബാങ്കിങ്ങ് ഇടപാടുകള്‍ പഠിപ്പിച്ചത് സഹകരണ ബാങ്കുകളാണ്.  നാട്ടിന്‍പുറത്തെ ഷര്‍ട്ടിടാത്ത സാധാരണ കര്‍ഷകന്‍  ബാങ്ക് ജീവനക്കാരന്റെ പേരു വിളിച്ച് തന്നെ കയറി വരികയും ഇടപാട് നടത്തി പോകുകയും ചെയ്യുന്നത് ഇപ്പോഴും സഹകരണ ബാങ്കുകളില്‍ തന്നെയാണ്. വീടിനടുത്തുള്ള ആളാവും മിക്കവാറും ബാങ്ക് ജീവനക്കാര്‍ എന്നതിനാല്‍ ബാങ്കിങ്ങ് ഇടപാടുകളെ പറ്റി ഇവര്‍ക്കു ആശങ്കയുമില്ല.

രാഷട്രീയ പകപോക്കലിന് ഇരയാകുന്നു

റിസര്‍വ് ബാങ്ക് വരുന്നതിന് മുമ്പു തന്നെ നിലവില്‍ വന്ന സഹകരണ ബാങ്കുകളെ രാഷ്ട്രീയത്തിന്റെ പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വേര്‍തിരിച്ചു കാണുന്നത്. മൊത്തം ഇന്ത്യയിലുള്ള സഹകരണ രംഗത്തുള്ള നിക്ഷേപത്തില്‍ 75 ശതമാനവും കേരളത്തില്‍ നിന്നാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഒരു ലക്ഷം വരെ സംസ്ഥാന സര്‍ക്കാറിന്റെ ഗ്യാരണ്ടിയുമുണ്ട്.

പണം പോയാല്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. എന്നാല്‍ പണം പോയതിന്റെ പേരില്‍ ഒരിക്കല്‍ പോലും ഒരു ലക്ഷം രൂപ സര്‍ക്കാറിന് നല്‍കേണ്ടി വന്നിട്ടില്ല. കാരണം ആരുടേയും പണം പോയിട്ടില്ല. ഓഹരിയെടുത്തവര്‍ക്ക് 25 ശതമാനം ഡിവിഡന്റ് നല്‍കുന്ന സഹകരണ സംഘം ലാഭത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നും പാലക്കാട്ടെ കോ.ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് മാനേജര്‍ പി ജി രാമദാസ് നാരദ ന്യൂസിനോട് പറഞ്ഞു.

Read More >>