അണക്കെട്ടുകളിൽ നിന്നും കൃഷി ആവശ്യങ്ങൾക്കു വെള്ളം നൽകില്ല; പാലക്കാട്ടെ നെൽകൃഷി പ്രതിസന്ധിയിൽ

ജില്ല നേരിടാന്‍ പോകുന്നത് കടുത്ത വരള്‍ച്ചയാണെന്ന് ഉറപ്പായതിനാല്‍ ഡാമുകളില്‍ അവശേഷിക്കുന്ന ജലം കുടിവെള്ളത്തിനു വേണ്ടി സൂക്ഷിച്ചു വെക്കാനാണ് അധികൃതരുടെ തീരുമാനം. ചിറ്റൂര്‍, മീങ്കര, ചുള്ളിയാര്‍, വാളയാര്‍, പറമ്പിക്കുളം- ആളിയാര്‍ ഡാമുകളിലെ വെള്ളമെല്ലാം കുടിവെള്ളത്തിന് മാത്രമേ വിട്ടു നല്‍കൂ.

അണക്കെട്ടുകളിൽ നിന്നും കൃഷി ആവശ്യങ്ങൾക്കു വെള്ളം നൽകില്ല; പാലക്കാട്ടെ നെൽകൃഷി പ്രതിസന്ധിയിൽ

പാലക്കാട്: മഴയില്ലാതെ വറ്റി വരണ്ടു തുടങ്ങുന്ന വയലുകളിലേക്ക് ഡാമുകളില്‍ നിന്നുള്ള വെള്ളം വിട്ടു നല്‍കില്ല. ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷകരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇതോടെ പാതി മൂപ്പെത്തി നില്‍ക്കുന്ന നെല്‍കൃഷി കൊയ്‌തെടുക്കാനാവില്ലെന്ന് ഉറപ്പായി.

ഇതാദ്യമായാണു ഡാമുകളിൽ നിന്നു കാർഷികാവശ്യങ്ങൾക്കു വെള്ളം വിട്ടു നല്‍കേണ്ടെന്നു തീരുമാനിക്കുന്നത്. ജില്ല നേരിടാന്‍ പോകുന്നത് കടുത്ത വരള്‍ച്ചയാണെന്ന് ഉറപ്പായതിനാല്‍ ഡാമുകളില്‍ അവശേഷിക്കുന്ന ജലം കുടിവെള്ളത്തിന് വേണ്ടി സൂക്ഷിച്ചു വെക്കാനാണ് അധികൃതരുടെ തീരുമാനം. ചിറ്റൂര്‍, മീങ്കര, ചുള്ളിയാര്‍, വാളയാര്‍, പറമ്പിക്കുളം- ആളിയാര്‍ ഡാമുകളിലെ വെള്ളമെല്ലാം കുടിവെള്ളത്തിന് മാത്രമേ വിട്ടു നല്‍കു. മഴയില്ലാത്തതിനാല്‍ മിക്ക ഡാമുകളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. പല ഡാമുകളു വറ്റിത്തുടങ്ങി . മംഗലം ഡാമിൽ മാത്രമേ പേരിനെങ്കിലും വെള്ളമുള്ളൂ.


കര്‍ഷകരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം മലമ്പുഴ ഡാമില്‍ നിന്നു മാത്രം 22 ദിവസത്തേക്ക് കൃഷിയാവശ്യത്തിന് വെള്ളം വിട്ടു നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്രയും കുറഞ്ഞ ദിവസം വെള്ളം വിട്ടു കിട്ടിയതു കൊണ്ട് ഇറക്കിയ കൃഷി കൊയ്‌തെടുക്കാനാവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടുത്ത മാസം നാലു മുതല്‍ പത്തു ദിവസം തുടര്‍ച്ചായി മലമ്പുഴയിൽ നിന്നും  വെള്ളം തുറന്നു വിടും. പിന്നീട് വെള്ളം നിര്‍ത്തി പത്തു ദിവസത്തിന് ശേഷം പിന്നേയും പത്ത് ദിവസം വെള്ളം തുറന്നു വിടും.  എന്നാല്‍ ഇതു കൃഷിക്ക് പര്യാപ്തമല്ലെന്നും  മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചതിന്റെ പകുതി പോലുമില്ലെന്നതുമാണ് കര്‍ഷകര്‍ പറയുന്നത്.

90 മുതല്‍ 100 ദിവസം വരെയാണ് നെല്ലു പാകമാകാൻ വേണ്ട സമയം . മഴയില്ലാത്തതിനാല്‍ പല കര്‍ഷകരും വിള ഇറക്കി തുടങ്ങിയിട്ടേയുള്ളു. നേരത്തെ കൃഷി ഇറക്കിയവരുടെ വിള തന്നെ 40 ദിവസത്തില്‍ അധികം പ്രായമായിട്ടില്ല. വെള്ളത്തിന്റെ കുറവു മൂലം വിള മൂപ്പെത്തും മുൻപ് തന്നെ ഉണങ്ങി പോകാനാണ് സാദ്ധ്യത. മഴയില്ലെങ്കിലും ഡാമിൽ നിന്നും  വെള്ളം കിട്ടും എന്ന് പ്രതീക്ഷിച്ച് വിള ഇറക്കിയ കര്‍ഷകരാണ് ഇതോടെ പ്രതിസന്ധിയിലായതെന്ന് കര്‍ഷകനായ രാജേഷ് നാരദ ന്യൂസിനോട് പറഞ്ഞു.

Read More >>