അമ്പതു രൂപയ്ക്ക് ഡോക്ടറെ കാണാം; ഇതു പാലക്കാട് ജില്ലാ സഹകരണ ആശുപത്രി; ഭരണസമിതി കോൺഗ്രസിന്റേത്

മറ്റു ആശുപത്രികളെ അപേക്ഷിച്ച് എല്ലാ കാര്യത്തിനും കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. ജനറല്‍ പ്രാക്ടീഷണര്‍ക്ക് 50 രൂപയാണെങ്കില്‍ ഫിസിഷ്യന് 120 രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍ക്ക് 150 രൂപയും നല്‍കിയാല്‍ മതി.

അമ്പതു രൂപയ്ക്ക് ഡോക്ടറെ കാണാം; ഇതു പാലക്കാട് ജില്ലാ സഹകരണ ആശുപത്രി; ഭരണസമിതി കോൺഗ്രസിന്റേത്

പാലക്കാട്: അമ്പത് രൂപ നല്‍കിയാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടി പോകാവുന്ന ഒരാശുപത്രി പാലക്കാട് നഗരത്തിലുണ്ട്. സാധാരണ ഡോക്ടര്‍മാര്‍ പോലും വീട്ടിലിരുന്ന് തന്നെ 200 രൂപയോളം ഫീസ് വാങ്ങുന്ന കാലത്താണ് പാലക്കാട്ടെ ജില്ലാ സഹകരണ ആശുപത്രിയില്‍ ഈ നിരക്ക് . സഹകരണ ബാങ്കുകളിലും അനുബന്ധ മേഖലകളിലും ഒഴുകുന്നത് കള്ളപണമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് പാലക്കാട്ടെ ഈ ആശുപത്രിയും സന്ദർശിക്കാവുന്നതാണ്.

നോട്ടില്ലാത്തതിനാല്‍ ആരുടേയും ചികിത്സ ഇവിടെ നിഷേധിച്ചിട്ടില്ല. രോഗികളില്‍ നിന്ന് വാങ്ങുന്നത് അസാധുവാക്കിയ പഴയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ്. നോട്ട് പ്രശ്‌നം കാരണം മറ്റു ആശുപത്രികളില്‍ നിന്ന് ചികിത്സ തേടി ഇവിടെയെത്തിയ രോഗികളും കുറെയുണ്ട്.


' ഞങ്ങള്‍ക്ക് വാങ്ങുന്ന എല്ലാ പണത്തിനും കൃത്യമായ അക്കൗണ്ടുണ്ട്. കിട്ടുന്ന പഴയ നോട്ടുകള്‍ നാഷണലൈസ്ഡ് ബാങ്കുകളിലും കോപ്പറേറ്റീവ് ബാങ്കിലുമുള്ള അക്കൗണ്ടുകളില്‍ ഇടുന്നുണ്ട്. മറച്ചു വെക്കേണ്ട കണക്കില്ലാത്തതിനാല്‍ പഴയ നോട്ടുകള്‍ ഇവിടെ സാധാരണ പോലെ ഉപയോഗിക്കുന്നുണ്ട്. ബാങ്കില്‍ അക്കൗണ്ടില്‍ ഈ നോട്ട് നിക്ഷേപിക്കാന്‍ കഴിയുന്ന കാലം വരെ ഇത് സ്വീകരിക്കും.' ജില്ലാ സഹകരണ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടര്‍ നാരദ ന്യൂസിനോട് പറഞ്ഞു.

മറ്റു ആശുപത്രികളെ അപേക്ഷിച്ച്  എല്ലാ കാര്യത്തിനും കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. ജനറല്‍ പ്രാക്ടീഷണര്‍ക്ക് 50 രൂപയാണെങ്കില്‍ ഫിസിഷ്യന് 120 രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍ക്ക് 150 രൂപയും നല്‍കിയാല്‍ മതി. മരുന്നുകള്‍ക്ക് വിലക്കുറവ്, കാരുണ്യ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡയാലിസിസ് നടത്തുന്നതും ഇവിടെയാണ്. കാരുണ്യയില്‍ ഡയാലിസിന് 650 രൂപ ഈടാക്കുമ്പോള്‍ ഇവിടത്തെ ചാര്‍ജ് 950 ആണ്.

മാസത്തില്‍ 150 ഡയാലിസിസ് ഇവിടെ നടത്തുന്നുണ്ട്.   സ്‌കാനിംഗിന് പുറത്ത് 1700 രൂപയോളം ചാര്‍ജ് ഈടാക്കുമ്പോള്‍ ഇവിടെ 1000 രൂപ കൊടുത്താല്‍ മതി. ഒരു വര്‍ഷത്തില്‍ ഏകദേശം ഒന്നര ലക്ഷത്തോളം രോഗികളാണ് ഓ. പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത്. 150 കിടക്കകളുള്ള ഇവിടെ കിടത്തി ചികിത്സക്കും നിരവധി പേരെത്തുന്നുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഈ സഹകരണ ആശുപത്രിയുടെ രജിസ്‌ട്രേഷന്‍ 1984 ലാണ് നടന്നത്. 1989 ല്‍ കല്‍മണ്ഡപത്തില്‍ വാടകക്കെട്ടിടത്തില്‍ ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. തുടക്കത്തില്‍ ഒരു ആര്‍ എം ഓ  മാത്രമാണ് ഉണ്ടായിരുന്നത്. വിസിറ്റിങ്ങ് ഡോക്ടര്‍മാരാണ് അന്നു അധികവും ഉണ്ടായിരുന്നത്. 1999- 2000 ത്തിലാണ് ജില്ലാ ആശുപത്രിക്ക് സമീപത്തെ വലിയ വാടകക്കെട്ടിടത്തിലേക്ക് മാറിയത്. ഇപ്പോള്‍ ഇവിടെ എല്ലാ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും ഉള്‍പ്പടെ 30 ഓളം ഡോക്ടര്‍മാരുണ്ട്. എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

സഹകരണ മേഖലയിലെ ജില്ലയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജായി മാറാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിനായി പാലക്കാട് കല്ലെക്കാട് സ്വന്തം സ്ഥലത്ത് നാലര ലക്ഷം സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടം നിര്‍മ്മിച്ചു കഴിഞ്ഞു. ഇവിടെ രണ്ടു വര്‍ഷമായി വിവിധ പാരമെഡിക്കല്‍ കോഴ്‌സുകള്‍ ഗവ അംഗീകാരത്തോടെ നടത്തി വരുന്നുണ്ട്.  രാജീവ് ഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ എന്നു പേരിലുള്ള ഈ ആശുപത്രി ഒന്നു രണ്ട് വര്‍ഷത്തിനകം മെഡിക്കല്‍ കോളേജായി ഉയര്‍ത്താനാണ് ശ്രമം. രോഗികളുടെ സൗകര്യം മാനിച്ച് പാലക്കാട് നഗരത്തിലുള്ള ആശുപത്രി നിലനിര്‍ത്തി കൊണ്ടാണ് ഇത് ചെയ്യുന്നത്.

Read More >>