കൂടെ നിന്നില്ലെങ്കില്‍ പുറത്ത് പോകാന്‍ താലിബാന് പാകിസ്ഥാന്റെ നിര്‍ദ്ദേശം

അടുത്തിടെ അഫ്ഗാനിസ്ഥാനുമായി താലിബാൻ ചർച്ചകൾ നടത്തിയതിന്റെ പേരിൽ പാകിസ്ഥാനുണ്ടായ അതൃപ്‌തി ചർച്ചയിലൂടെ പരിഹരിക്കാന്‍ രാജ്യത്തെത്തിയ മൂന്ന് താലിബാന്‍ നേതാക്കളോടാണ് പാകിസ്ഥാന്‍ നയം വ്യക്തമാക്കിയത്

കൂടെ നിന്നില്ലെങ്കില്‍ പുറത്ത് പോകാന്‍ താലിബാന് പാകിസ്ഥാന്റെ നിര്‍ദ്ദേശം

ഇസ്‌ലാമാബാദ്: ഒന്നുകിൽ ഞങ്ങളോടൊപ്പം, അല്ലെങ്കിൽ രാജ്യത്തിന് പുറത്ത്. ഭീകര സംഘടനയായ താലിബാന് പാകിസ്ഥാന്റെ മുന്നറിയിപ്പ്. തങ്ങളെ പങ്കെടുപ്പിക്കാതെ അഫ്ഗാനിസ്ഥാൻ അധികൃതരുമായി താലിബാന്‍ രഹസ്യ ചർച്ചകൾ നടത്തിയതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഒന്നുകിൽ തങ്ങളുടെ നിർദ്ദേശങ്ങള്‍ക്കനുസരിച്ച്  പ്രവർത്തിക്കുക, അല്ലെങ്കിൽ കുടുംബ സമേതം രാജ്യത്തിന് പുറത്തുപോകുകയെന്ന നിര്‍ദ്ദേശം പാകിസ്ഥാന്‍ താലിബാൻ തീവ്രവാദികള്‍ക്ക്നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


അടുത്തിടെ അഫ്ഗാനിസ്ഥാനുമായി താലിബാൻ ചർച്ചകൾ നടത്തിയതിന്റെ പേരിൽ പാകിസ്ഥാനുണ്ടായ അതൃപ്‌തി ചർച്ചയിലൂടെ പരിഹരിക്കാന്‍ രാജ്യത്തെത്തിയ മൂന്ന് താലിബാന്‍ നേതാക്കളോടാണ് പാകിസ്ഥാന്‍ നയം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച്ചകളില്ലെന്നും ഒന്നുകിൽ പാകിസ്ഥാന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തിന് പുറത്തുപോകാനുമാണ് ഇവർക്ക് കിട്ടിയ നിർദ്ദേശം.

എന്നാൽ ഈ വാർത്തകൾ പാകിസ്ഥാൻ അധികൃതർ നിഷേധിച്ചു. തങ്ങൾക്ക് താലിബാനുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്‌‌ടാവ് സർതാജ് അസീസ് പ്രതികരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More >>