ഇന്ത്യയില്‍ നിന്നും നാല് എംബസി ഉദ്യോഗസ്ഥരെ പിന്‍വലിക്കാനൊരുങ്ങി പാകിസ്ഥാന്‍

കോമേഷ്യല്‍ കൌണ്‍സിലര്‍ സെയിദ് ഹബീബ്, ഫസ്റ്റ് സെക്രട്ടറിമാരായ ഖാദിം ഹുസൈന്‍, മുഥാസീര്‍ ചീമ, ഷിഹാദ് ഇഖ്ബാല്‍ എന്നിവരെ തിരിച്ചു വിളിക്കാനാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത്

ഇന്ത്യയില്‍ നിന്നും നാല് എംബസി ഉദ്യോഗസ്ഥരെ പിന്‍വലിക്കാനൊരുങ്ങി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈ കമ്മിഷനില്‍ നിന്നും നാല് പ്രധാന ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുന്നു. പാക് എംബസിയിലെ ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടു ദിവസങ്ങള്‍ക്കകമാണ് തങ്ങളുടെ പ്രധാന ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്ന കാര്യം പാകിസ്ഥാന്‍ പരിഗണിക്കുന്നത്.

കോമേഷ്യല്‍ കൌണ്‍സിലര്‍ സെയിദ് ഹബീബ്, ഫസ്റ്റ് സെക്രട്ടറിമാരായ ഖാദിം ഹുസൈന്‍, മുഥാസീര്‍ ചീമ, ഷിഹാദ് ഇഖ്ബാല്‍ എന്നിവരെ തിരിച്ചു വിളിക്കാനാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത്. ഇന്ത്യ നേരത്തെ പുറത്താക്കിയ ഹൈ കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തര്‍ ഇവര്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ചാരന്മാരാണെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആ മൊഴി പോലീസ് തന്നെ കൊണ്ട് ബലംപ്രയോഗിച്ചു പറയിപ്പിച്ചതാണെന്ന് അക്തര്‍ ചില പാക് മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പാകിസ്ഥാന്‍ ഹൈകമ്മിഷണിലെ ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്നും അവിടത്തെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ലയെന്നും ചൂണ്ടികാണിച്ചാണ് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നത്. മുന്‍പും പല തവണ ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ പുറത്താക്കിയവരുടെ വിവരങ്ങള്‍ പുറത്തു വിടുന്നത്.

Read More >>