അഴിമതി ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് മുന്‍മന്ത്രി പി കെ ജയലക്ഷ്മി

മന്ത്രിയായിരുന്ന കാലം മുതല്‍ തനിക്കെതിരെ മാധ്യമവേട്ട തുടരുകയാണ്. ഇതില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. ഞാനൊരു സ്ത്രീയാണെന്നും ആദിവാസിയാണെന്നൊന്നുമുള്ള പരിഗണനപോലും പലപ്പോഴും കിട്ടാറില്ലെന്നും പി കെ ജയലക്ഷ്മി പറഞ്ഞു

അഴിമതി ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് മുന്‍മന്ത്രി പി കെ ജയലക്ഷ്മി

കല്‍പറ്റ: തനിക്കെതിരെ ഇപ്പോള്‍ ഉയർന്നു വന്ന അഴിമതി ആരോപണങ്ങള്‍ തെളിയിക്കാനായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു  മുന്‍ പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി . മന്ത്രിയായിരിക്കെ ജയലക്ഷ്മി ഇടപെട്ട് ബന്ധുക്കളുടെയും സമുദായംഗങ്ങളുടെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം. തന്റെ ബന്ധുക്കളായ ഒറ്റ കാരണങ്ങള്‍ക്ക് കൊണ്ട് കുറിച്യവിഭാഗത്തിന് എങ്ങനെ അവകാശങ്ങള്‍ നിഷേധിക്കാനാകുമെന്ന് ജയലക്ഷ്മി ചോദിച്ചു.


മന്ത്രിയായിരുന്ന കാലം മുതല്‍ തനിക്കെതിരെ മാധ്യമവേട്ട തുടരുകയാണ്. ഇതില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. ഞാനൊരു സ്ത്രീയാണെന്നും ആദിവാസിയാണെന്നൊന്നുമുള്ള പരിഗണനപോലും പലപ്പോഴും കിട്ടാറില്ല. താനുള്‍പ്പെടുന്ന പാലോട്ട് കുറിച്യ തറവാട്ടംഗങ്ങള്‍ വലിയൊരു കൂട്ടുകുടുംബമാണ്. പക്ഷേ അവരൊന്നും തന്റെ വീട്ടില്‍ കഴിയുന്നവരല്ല. തന്റെ ബന്ധുക്കളായത് കൊണ്ട് ആദിവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് അവര്‍ അര്‍ഹരല്ലെന്ന് പറയുന്നതിനോട് യോജിക്കാനാവില്ലെന്നും പി കെ ജയലക്ഷ്മി പറഞ്ഞു.

മാനന്തവാടി കേന്ദ്രീകരിച്ചുള്ള സൈബര്‍ ക്വട്ടേഷന്‍ ടീമാണ് തനിക്കെതിരെ കരുക്കള്‍ നീങ്ങുന്നതെന്നും അവര്‍ ആരോപിച്ചു. എന്നാൽ ഹാംലെറ്റ് പദ്ധതിയില്‍ സ്വന്തം വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ പി കെ ജയലക്ഷ്മി തയ്യാറായില്ല.