നജീബ് കാന്തപുരത്തിന് വേണ്ടി അണിയറ നീക്കങ്ങള്‍ സജീവം; യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുറച്ച് പി കെ ഫിറോസ്

വിവാഹപ്രായം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്രമായ നിലപാടെടുത്തത്തിലൂടെ സമസ്തയ്ക്ക് അനഭിമതനായ പി കെ ഫിറോസിനെ വെട്ടാനായിരുന്നു സംഘടനയുടെ മുന്‍തീരുമാനം.

നജീബ് കാന്തപുരത്തിന് വേണ്ടി അണിയറ നീക്കങ്ങള്‍ സജീവം; യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുറച്ച് പി കെ ഫിറോസ്

കോഴിക്കോട്: പി കെ ഫിറോസ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാകുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെ നജീബ് കാന്തപുരത്തെ ഇറക്കി സംഘടന പിടിക്കാന്‍ കെഎം ഷാജിയുടെ നേതൃത്വത്തില്‍ നീക്കം. യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനു ഇന്നു സമാപനമാകുന്നിരിക്കെയാണ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി സംഘടനയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. നജീബ് ഇറങ്ങുകയാണെങ്കില്‍ മത്സരത്തിന് തയ്യാറാണെന്ന് പി കെ ഫിറോസിനെ പിന്തുണയ്ക്കുന്നവര്‍ മുസ്ലിംലീഗ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.


പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്രമായ നിലപാടെടുത്തത്തിലൂടെ സമസ്തയ്ക്ക് അനഭിമതനായ പി കെ ഫിറോസിനെ വെട്ടാനായിരുന്നു സംഘടനയുടെ മുന്‍തീരുമാനം. എന്നാല്‍ സമസ്ത നേതാക്കളുടെ സാന്നിധ്യത്തില്‍ ഫിറോസുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ത്തിരുന്നു. തുടര്‍ന്ന് ഫിറോസ് തന്നെ യൂത്ത് ലീഗ് പ്രസിഡാന്റാകുമെന്ന് ഏറെക്കുറെ ഉറപ്പായ അവസ്ഥയിലാണ് വീണ്ടും നജീബ് കാന്തപുരത്തിനായി അണിയറ നീക്കം സജീവമായിരിക്കുന്നത്.

കെ എം ഷാജി എംഎല്‍എ, നിലവിലുള്ള യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫിറോസിനെതിരെ നീക്കങ്ങള്‍ നടക്കുന്നത്. ഇന്ന് സംസ്ഥാന സമ്മേളനം സമാപിക്കുന്നതോടെ അടുത്ത ദിവസങ്ങളിലാണ് സംസ്ഥാന കൗണ്‍സില്‍ ചേരുക. ഭാരവാഹികളെ തീരുമാനിക്കുന്നത് കൗണ്‍സിലിലായിരിക്കും. മത്സരമുണ്ടായാല്‍ 400 ഓളം അംഗങ്ങളുള്ള കൗണ്‍സിലിനായിരിക്കും ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ചുമത. അങ്ങനെയെങ്കില്‍ പി കെ ഫിറോസ്-അഷ്‌റഫലി, നജീബ് കാന്തപുരം-എം എ സമദ് പാനലുകളാകും മത്സരിക്കുക.

പി കെ ഫിറോസിനെ പ്രസിഡന്റാക്കുകയും എതിര്‍പക്ഷത്തു നിന്ന് എം എ സമദിനെ സെക്രട്ടറിയാക്കിയും തര്‍ക്കം തീര്‍ക്കാനാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ ആലോചന. കോഴിക്കോട് ജില്ലാ പ്രസിഡന്റായിട്ട് കൂടി നജീബ് കാന്തപുരത്തെ കോഴിക്കോട് കൗണ്‍സില്‍ അംഗീകരിക്കുന്നില്ലെന്ന് ഫിറോസ് വിഭാഗം പറയുന്നു. നജീബ് മത്സരിച്ചാല്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന ആത്മവിശ്വാസത്തിലാണ് ഫിറോസ് വിരുദ്ധവിഭാഗം. സാധാരണനിലയില്‍ ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയാണ് സംസ്ഥാന കൗണ്‍സില്‍ ചേരുക. മുതിര്‍ന്ന നേതാക്കള്‍ പറയുന്നത് കൗണ്‍സില്‍ അംഗങ്ങള്‍ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ മത്സരമെങ്കില്‍ മത്സരം എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Read More >>