നജീബിനെ കാണാതായിട്ട് ഒരുമാസം; ഉത്തരമില്ലാതെ അധികൃതരും പോലീസും

കഴിഞ്ഞ മാസം 14നാണ് കോളജ് ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതായത്. നജീബിന്റെ തിരോധാനത്തില്‍ സര്‍വ്വകലാശാല നടപടിയെടുത്തില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉണ്ടായത്. ഇത് ഇപ്പോഴും തുടരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കാന്‍ ദില്ലി പോലീസ് ഇന്നലെ തീരുമാനിച്ചിരുന്നു.

നജീബിനെ കാണാതായിട്ട് ഒരുമാസം; ഉത്തരമില്ലാതെ അധികൃതരും പോലീസും

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. കേസില്‍ ഇതുവരെയും ഒരു വിവരവും ലഭിക്കാതെ അന്വേഷണസംഘം ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ മാസം 14നാണ് കോളജ് ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതായത്. എംഎസ്സി ബയോടെക്നോളജി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ നജീബ് കോളേജിന്റെ മഹി-മാണ്ഡവി ഹോസ്റ്റലിലെ 106-ാം മുറിയിലായിരുന്നു താമസിച്ചിരുന്നത്. ചില എബിവിപി പ്രവര്‍ത്തകരുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് അന്നുരാത്രി നജീബിനെ കാണാതായത്. എന്നാല്‍ അന്നുമുതല്‍ ഇതുവരെ പോലീസും യൂണിവേഴ്‌സിറ്റി അധികൃതരും നജീബിനെ കണ്ടെത്തുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നാണ് ആരോപണം.


നജീബിന്റെ തിരോധാനത്തില്‍ സര്‍വ്വകലാശാല നടപടിയെടുത്തില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉണ്ടായത്. ഇത് ഇപ്പോഴും തുടരുന്നു. ഇതോടാപ്പം ഈമാസം 14,15 തീയതികളില്‍ രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനും ജെഎന്‍യു യൂണിയന്‍ ഭാരവാഹികള്‍ ആഹ്വാനം ചെയ്തിരുന്നു. കേസന്വേഷണത്തില്‍ പോലീസ് പരാജയപ്പെട്ടതോടെയും പ്രതിഷേധങ്ങള്‍ കനത്ത പശ്ചാത്തലത്തിലും അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കാന്‍ ദില്ലി പോലീസ് ഇന്നലെ തീരുമാനിച്ചിരുന്നു.

അതേസമയം, കാണാതായ തന്റെ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയായിരുന്നു നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെ ഈ മാസം ആറിന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യാ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു പോലീസിന്റെ നടപടി. സമാധാനപരമായി സമരം ചെയ്യുകയായിരുന്ന ഇവരെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചതിന് ജെഎന്‍യു വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം, നജീബിന്റെ സഹോദരി സാദഫ് മുഷ്റഫിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

നജീബിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഐപിസി 365-ാം വകുപ്പു പ്രകാരം തട്ടികൊണ്ടുപോകലിന് പോലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ചുമതല സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എഐഎസ്എ) പ്രവര്‍ത്തകനാണ് നജീബ്. എബിവിപി പ്രവര്‍ത്തകനായ വിക്രാന്ത് ഹോസ്റ്റല്‍ മുറിയിലെത്തി നജീബുമായി വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ഇയാള്‍ മറ്റു എബിവിപി പ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയും നജീബിനെ മര്‍ദ്ദിക്കുകയായിരുന്നെന്നും സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡേ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥികളും നജീബിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനു ശേഷമാണ് നജീബിനെ കാണാതായത്.

Read More >>