പ്രവാസികളുടെ കയ്യിലുള്ളത് 12500 കോടിയുടെ നിരോധിത നോട്ടുകള്‍; മാറ്റിയില്ലെങ്കില്‍ സ്ഥാനം 'കള്ളപ്പണ'പട്ടികയില്‍

നോട്ട് നിരോധനം മൂലം പ്രവാസികള്‍ പലവിധ ദുരിതങ്ങളിലാണ്. നാട്ടില്‍ വിമാനമിറങ്ങുന്നവര്‍ക്ക് ചായ കുടിക്കുന്നതിനും ടാക്‌സി വിളിക്കുന്നതിനും മുമ്പ് ബാങ്കിന് മുന്നിലെ ക്യൂവിലേക്ക് ഓടേണ്ടി വരുന്ന അവസ്ഥ. സ്വന്തം കയ്യിലുള്ള 500, 1000 രൂപ നോട്ടുകള്‍ ഈ ദുരിതം സഹിച്ച് മാറ്റിയെടുക്കേണ്ടെന്ന് പ്രവാസികള്‍ തീരുമാനിക്കുന്നതോടെ 12500 കോടി രൂപയുടെ നോട്ടുകളാകും മാറ്റി വാങ്ങാതെ മരവിച്ചു പോവുക- ഈ നോട്ടുകളും നിരോധനത്തിലൂടെ ഇല്ലാതായ 'കള്ളപ്പണം' എന്ന കണക്കില്‍ പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുകയും ചെയ്യും.

പ്രവാസികളുടെ കയ്യിലുള്ളത് 12500 കോടിയുടെ നിരോധിത നോട്ടുകള്‍; മാറ്റിയില്ലെങ്കില്‍ സ്ഥാനം

വിദേശത്തുള്ള ഇന്ത്യക്കാരുടെ കയ്യില്‍ ഏകദേശം 12500 കോടി രൂപയുടെ നിരോധിത നോട്ടുകള്‍. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എന്തു വഴിയെന്ന് അറിയാതെ കുഴങ്ങുകയാണ് പ്രവാസികള്‍. എന്‍ആര്‍ഒ അക്കൗണ്ടില്‍ മാറാനാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ അക്കൗണ്ട് വ്യാപകമല്ല. നാട്ടില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ എയര്‍പോര്‍ട്ട് വരെയുള്ള യാത്രകള്‍ക്കും ചെലവിനും തിരിച്ചെത്തുമ്പോഴുള്ള ഇതേ ആവശ്യങ്ങള്‍ക്കുമായാണ് പ്രവാസികള്‍ നോട്ടുകള്‍ കയ്യില്‍ കരുതുന്നത്.


വിദേശ ഇന്ത്യാക്കാരുടെ എണ്ണം ഏകദേശം രണ്ടരക്കോടിയോളം വരും. ഇവരുടെ കയ്യില്‍ 1000 മുതല്‍ 50000 വരെ ഇന്ത്യന്‍ കറന്‍സി ഉണ്ട്. ഒരാളുടെ കയ്യില്‍ 5000 രൂപയുടെ അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ ഉണ്ടെങ്കില്‍ അത് 12500 കോടി രൂപ വരും. 25000 രൂപവരെ ഇന്ത്യന്‍ കറന്‍സി വിദേശയാത്രകളിലും തിരികെ വരുമ്പോഴും കയ്യില്‍ സൂക്ഷിക്കാം. എന്നാല്‍ ഭീമമായ ഇത്രയും തുക മാറ്റിയെടുക്കാതെ വരുന്നതോടെ അസാധുവായി പോയ 'കള്ളപ്പണം' എന്ന ലേബലില്‍ കണക്കാക്കപ്പെടും.

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യാക്കാര്‍ അവിടെ ഇന്ത്യന്‍ നോട്ടുകള്‍ ഉപയോഗിക്കുന്നില്ലെങ്കിലും നാട്ടില്‍ അവധിക്ക് വരുന്നവര്‍ക്ക് നോട്ട് നിരോധനം ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ചുരുങ്ങിയ അവധിക്ക് നാട്ടിലെത്തിയാല്‍ പണമിടപാടുകള്‍ക്കായി വിലപ്പെട്ട സമയം ബാങ്കില്‍ ചെലവഴിക്കേണ്ട ഗതികേട് ഓര്‍ത്ത് നിരവധിപേര്‍ യാത്ര മാറ്റിവയ്ക്കുന്നു.

വിദേശത്തുള്ള ഇന്ത്യക്കാര്‍ കയ്യില്‍ കരുതിയ 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കണമെങ്കില്‍ നാട്ടില്‍ വരേണ്ടി വരും. വിദേശത്ത് പല ഇന്ത്യന്‍ ബാങ്കുകള്‍ക്കും ശാഖകളുണ്ടെങ്കിലും പണമിടപാടുകള്‍ നടക്കുന്നില്ല. മണി എക്‌സേഞ്ച് സ്ഥാപനങ്ങളില്‍ പഴയ നോട്ട് എടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമില്ല. ഇത് മാറ്റാന്‍ മാത്രമായി നാട്ടില്‍ വരുന്നത് പ്രായോഗികമല്ല. എംബസികളിലോ മണി എക്‌സേഞ്ച് സ്ഥാപനങ്ങളിലോ ഇതിനുള്ള സംവിധാനമൊരുക്കണമെന്നാണ് പ്രവാസികള്‍ പറയുന്നത്.

ഈ വഴികളെത്ര കഠിനം...

എന്‍ആര്‍ഒ അക്കൗണ്ടില്‍ (non resident ordinary a/c) പണം നിക്ഷേപിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വിദേശത്തെ ഇന്ത്യന്‍ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നു ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ടുകള്‍ മാറ്റാനുള്ള അവസാന തിയ്യതിയായ ഡിസംബര്‍ 30നകം നാട്ടിലെത്തുകയെന്നതാണ് മറ്റൊരു മാര്‍ഗ്ഗം. എന്നാല്‍ ഇതിനായി മാത്രം നാട്ടിലേക്ക് വരാന്‍ ആരും തയ്യാറായേക്കില്ല. അവധി കഴിഞ്ഞാലും കൊച്ചിയിലേയും തിരുവനന്തപുരത്തേയും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളില്‍ ചെന്ന് നോട്ട് മാറ്റാമെന്ന് പറയുന്നുണ്ടെങ്കിലും അതെത്ര പ്രായോഗികമാണെന്ന് കണ്ടറിയണം. ഗള്‍ഫ് പ്രവാസികള്‍ ഏറെയുള്ള കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് നോട്ട് മാറ്റാന്‍ കൊച്ചിയിലും തിരുവനന്തപുരത്തും പോകേണ്ടി വരും.

പണവിനിമയ സ്ഥാപനങ്ങള്‍ വഴിയും നോട്ടുകള്‍ മാറാനാകില്ല. പണവിനിമയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വിദേശ കറന്‍സിക്ക് പകരമായി ചെക്കുകളാണ് നല്‍കുന്നത്. പഴയ കറന്‍സി നോട്ടുകള്‍ വാങ്ങി പുതിയത് നല്‍കാന്‍ ഈ സ്ഥാപനങ്ങള്‍ക്കാവുകയുമില്ല. തങ്ങളുടെ സ്ഥാപനങ്ങളില്‍ 50, 100 നോട്ടുകള്‍ തീര്‍ന്നുപോയെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന മണി എക്‌സേഞ്ച് സ്ഥാപനത്തിലെ ജീവനക്കാര്‍ നാരദാന്യൂസിനോട് പറഞ്ഞു. വിദേശസഞ്ചാരികള്‍ക്ക് മാത്രമാണ് നാട്ടിലെ വിമാനത്താവളങ്ങളിലെ മണി എക്‌സേഞ്ച് സ്ഥാപനങ്ങള്‍ വഴി പണവിനിമയം നടത്താനാകുന്നത്.

ഗള്‍ഫിലുള്ള മണി എക്‌സേഞ്ച് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപതിനായിരം മുതല്‍ 80000 രൂപ വരെ മാറ്റിയെടുക്കാന്‍ ആളുകളെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. വിദേശ രാജ്യത്തെ കറന്‍സിയുമായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മണി എക്‌സേഞ്ചില്‍ പോയി ചെക്ക് വാങ്ങി ബാങ്കില്‍ പോയി ക്യൂവില്‍ നില്‍ക്കേണ്ടി വരും. നാട്ടില്‍ വിമാനമിറങ്ങുന്നവര്‍ ചായ കുടിക്കുന്നതിനും ടാക്‌സി വിളിക്കുന്നതിനും മുമ്പ് ബാങ്കിന് മുന്നിലെ ക്യൂവിലേക്ക് ഓടേണ്ടി വരും.

അവധിദിവസങ്ങള്‍ ക്യൂവിലായാല്‍...

പ്രവാസികള്‍ ഭൂരിഭാഗവും ചുരുങ്ങിയ ദിവസത്തേക്ക് അവധിയെടുത്ത് നാട്ടിലേക്ക് പോകുന്നവരാണ്. വിലപ്പെട്ട സമയം പണമിടപാടുകള്‍ക്ക് വേണ്ടി ചെലവഴിക്കേണ്ടി വരുമെന്നതിനാല്‍ ഭൂമി ഇടപാടുകള്‍ വരെ ഇവര്‍ മാറ്റിവെക്കുകയാണ്. വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി നാട്ടിലെത്തുന്നവരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.

നേരത്തെ ടിക്കറ്റെടുത്തവരും അത്യാവശ്യമുള്ളവരുമാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേയും നാട്ടിലേയും വിമാനത്താവളങ്ങളിലും മറ്റും പ്രവത്തിക്കുന്ന പണവിനിമയ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ലഭ്യമല്ലാത്തതും ബാങ്കില്‍ പോയി ക്യൂവില്‍ നില്‍ക്കേണ്ട ഗതികേട് ഒഴിവാക്കാനുമാണ് യാത്ര മാറ്റുന്നതെന്നാണ് സൂചന.

Read More >>