നോട്ടു പ്രതിസന്ധി; കോട്ടയത്ത് വ്യാപാരി കടമുറിക്കുള്ളില്‍ തൂങ്ങി മരിച്ചു

നോട്ടുകള്‍ അസാധുവാക്കിയതോടെ കച്ചവടം കുറഞ്ഞതാണ് നാരായണനെ പ്രതിസന്ധിയിലാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. കച്ചവടം തകര്‍ന്നതോടെ വാങ്ങിയ കടം കൊടുത്തുതീര്‍ക്കുവാനും കഴിഞ്ഞില്ല

നോട്ടു പ്രതിസന്ധി; കോട്ടയത്ത് വ്യാപാരി കടമുറിക്കുള്ളില്‍ തൂങ്ങി മരിച്ചു

കോട്ടയം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്നു വായ്പ തിരികെ നല്‍കാന്‍ കഴിയാതെ  വ്യാപാരി കടമുറിക്കുള്ളില്‍ ജീവനൊടുക്കി. ചങ്ങനാശ്ശേരി വാഴപ്പിള്ളി സ്വദേശി സിപി നാരായണന്‍ നമ്പൂതിരി(54)യാണ് കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചത്. ബ്രഡ് കമ്പനിയുടെ മൊത്ത വിതരണക്കാരനായിരുന്നു നാരയണന്‍. പരിചയക്കാരന്റെ കൈയ്യില്‍ നിന്നും ഒരു ലക്ഷത്തിലേറെ രൂപ നാരായണന്‍  വ്യാപാര ആവശ്യങ്ങള്‍ക്കായി വാങ്ങിയിരുന്നു. എന്നാല്‍, നോട്ടു പ്രതിസന്ധിയെ തുടര്‍ന്നു പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണു ജീവനൊടുക്കിയതെന്നു പൊലീസ് പറയുന്നു.


നോട്ടുകള്‍ അസാധുവാക്കിയതോടെ കച്ചവടം കുറഞ്ഞതാണ് നാരായണനെ പ്രതിസന്ധിയിലാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. കച്ചവടം തകര്‍ന്നതോടെ വാങ്ങിയ കടം കൊടുത്തുതീര്‍ക്കുവാനും കഴിഞ്ഞില്ല. ഇതില്‍ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നു നാരായണന്‍. ഇന്നു രാവിലെ വീട്ടില്‍ നിന്നും ആരോടും പറയാതെ കടയിലേക്കു പോയ നാരായണന്‍ കട തുറന്ന് അകത്തുകയറി ആത്മഹത്യ ചെയ്യുകയായിരുന്നു. മധുമൂലയിലാണ് കട സ്ഥിതി ചെയ്യുന്നത്. മൃതദേഹം ചങ്ങനാശ്ശേരി കാലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുഷമയാണ് ഭാര്യ. കൃഷൃണദാസ്, ഹരിദാസ് എന്നിവര്‍ മക്കളാണ്.