500, 1000 രൂപ നോട്ടുകള്‍ മാറാനുള്ള സമയം ഇന്ന് അവസാനിക്കും

നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30 വരെ സമയം ഉണ്ടെന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചിരുന്നത്. ആ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

500, 1000 രൂപ നോട്ടുകള്‍ മാറാനുള്ള സമയം ഇന്ന് അവസാനിക്കും

ന്യൂ ഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ പോയി മാറാനുള്ള സമയം ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും. ഇനി ഈ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ. ഇതുസംബന്ധിച്ചുള്ള ഉത്തരവ് രാത്രി ഏഴരയോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30 വരെ സമയം ഉണ്ടെന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചിരുന്നത്. ആ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ആദ്യം 4000 രൂപ വീതം ആയിരുന്നത് പിന്നീട് 4500 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.


എങ്കിലും അവശ്യസേവനങ്ങള്‍ക്ക് 500 രൂപനോട്ട് ഉപയോഗിക്കാനുള്ള സമയം നീട്ടിയിട്ടുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ അടുത്ത മാസം 15 വരെ 500 രൂപനോട്ട് ഉപയോഗിക്കാം. സര്‍ക്കാര്‍ സ്‌കൂള്‍ ഫീസും അവശ്യസേവന വിഭാഗത്തില്‍ പെടുത്തും. എന്നാല്‍ 1000 രൂപനോട്ട് ഇന്ന് അര്‍ധരാത്രി മുതല്‍ ഉപയോഗിക്കാനാവില്ല.

ഈമാസം എട്ടിനായിരുന്നു നോട്ടുകള്‍ നിരോധിച്ചുള്ള പ്രഖ്യാപനത്തില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെ സമയം ഉണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുപറഞ്ഞിരുന്നത്. എന്നാല്‍ 16 ദിവസം പിന്നിട്ടപ്പോഴേക്കും കേന്ദ്രം ഈ ഉറപ്പ് പിന്‍വലിക്കുകയായിരുന്നു. കൈയിലുള്ള പഴയ നോട്ടുകള്‍ മാറാന്‍ ബാങ്കുകള്‍ക്കു മുന്നിലുള്ള ജനങ്ങളുടെ ക്യൂവിന് ഇതുവരെ ഒരു കുറവും വന്നിട്ടില്ല. നോട്ടുമാറാന്‍ ജനം നെട്ടോട്ടമോടുന്ന സാഹചര്യത്തിലാണ് ഇരുട്ടടിയായി വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ നടപടി.

Read More >>