പ്രചരിപ്പിച്ചതെല്ലാം നുണ: 2000ന്റെ നോട്ടില്‍ പുതുതായി ഒന്നുമില്ല

കള്ളപ്പണം തടയാനെന്ന പേരില്‍ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടില്‍ പുതിയ സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ സമയം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. പിന്‍വലിച്ച 500,1000 നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ മാത്രമേ ഇതിനുള്ളൂവെന്നും ഡിസൈനില്‍ മാത്രമാണ് വ്യത്യാസമെന്നും ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രചരിപ്പിച്ചതെല്ലാം നുണ: 2000ന്റെ നോട്ടില്‍ പുതുതായി ഒന്നുമില്ല

ന്യൂഡല്‍ഹി: കള്ളപ്പണം തടയാനെന്ന പേരില്‍ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടില്‍ പുതിയ സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ സമയം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. പിന്‍വലിച്ച 500,1000 നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ മാത്രമേ ഇതിനുള്ളൂവെന്നും ഡിസൈനില്‍ മാത്രമാണ് വ്യത്യാസമെന്നും ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും പത്രം വ്യക്തമാക്കുന്നുണ്ട്.


ഇന്ത്യയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് പുതിയ 2000ന്റെ നോട്ടുകള്‍ അച്ചടിച്ചത്. നോട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കാന്‍ മാതൃകകള്‍ ഉണ്ടാക്കുകയും ഇവയുടെ മൂല്യനിര്‍ണയം നടത്തുകയും ചെയ്യണം. ഇതില്‍ നിന്ന് സുരക്ഷിതമായവ കണ്ടെത്തി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലേ നോട്ടുകള്‍ അച്ചടിക്കാന്‍ കഴിയൂ. ഈ നടപടിക്രമത്തിന് സാധാരണഗതിയില്‍ അഞ്ചോ ആറോ വര്‍ഷമെടുക്കുക പതിവാണ്.

എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ഉത്തരവ് ലഭിക്കുന്നത് ആറു മാസം മുമ്പാണ്. അതിനാല്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിച്ചില്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. 2005 ലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി അവസാനമായി കറന്‍സികള്‍ അച്ചടിച്ചത്. വാട്ടര്‍മാര്‍ക്ക്, ഫൈബര്‍, തെളിഞ്ഞു കാണാത്ത ചിത്രം, സുരക്ഷാ നാരുകള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു ഇത്.

നോട്ടുകള്‍ അച്ചടിക്കാനുള്ള പേപ്പറുകള്‍ ജര്‍മ്മനി, യുകെ, സ്വീഡന്‍, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ 2000ന്റെ നോട്ടുകള്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മ്മിത നോട്ടുകളില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ മൈസൂരുവിലെ ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ഇതിന്റെ ചുമതല.

2014-ല്‍ ബാങ്ക് നോട്ടിലെ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയെന്ന് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് യൂറോപ്യന്‍ കമ്പനികളെ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കറന്‍സികള്‍ അച്ചടിക്കാനുള്ള നോട്ടുകളുടെ 70 ശതമാനവും ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ കറന്‍സികള്‍ അച്ചടിക്കാനുള്ള മുഴുവന്‍ രാജ്യത്ത് തന്നെ അച്ചടിക്കാനാകുമെന്നും ഉദ്യാഗസ്ഥന്‍ പറയുന്നു.

ഇപ്പോള്‍ പുറത്തിറക്കിയ 2000രൂപയുടെ നോട്ടില്‍ അധിക സുരക്ഷാ സംവിധാനങ്ങളും ചിപ്പുകളും ഉണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. ചിപ്പുകള്‍ ഘടിപ്പിച്ചെന്ന പ്രചാരണം റിസര്‍വ്വ് ബാങ്കും, കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും നേരത്തെ തള്ളിയിരുന്നു.

Read More >>