നോട്ടിനു പിന്നാലെ ഉപ്പ് ക്ഷാമം വരുന്നു: നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം അനുഭവപ്പെട്ട ചില്ലറ ക്ഷാമത്തിന് തൊട്ടു പുറകെ ഉപ്പ് ക്ഷാമം വരുന്നുവെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്ന് ഉപ്പിന് വന്‍ തോതില്‍ വില കൂടി.

നോട്ടിനു പിന്നാലെ ഉപ്പ് ക്ഷാമം വരുന്നു: നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

ലക്‌നൗ: രാജ്യത്ത് 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം അനുഭവപ്പെട്ട ചില്ലറ ക്ഷാമത്തിന് തൊട്ടു പുറകെ ഉപ്പ് ക്ഷാമം വരുന്നുവെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്ന് ഉപ്പിന് വന്‍ തോതില്‍ വില കൂടി. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ് പൊന്നും വില നല്‍കി ആളുകള്‍ ഉപ്പ് വാങ്ങിയത്. ഉപ്പിന് വന്‍തോതില്‍ ക്ഷാമം വരുന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന്  ഇന്നലെ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഉപ്പ് വാങ്ങി ശേഖരിച്ചു വയ്ക്കാന്‍ ജനങ്ങള്‍ നെട്ടോട്ടമായിരുന്നു. 400 രൂപയിലധികം വ്യാപാരികള്‍ ഉപ്പിനു വില പറയുന്ന സാഹചര്യം വരെ ഉണ്ടായി. 200 മുതല്‍ 250 രൂപ വരെ നല്‍കിയാണ് ജനങ്ങള്‍ ഉപ്പു വാങ്ങിയത്. ഒന്നില്‍ കൂടുതല്‍ പായ്ക്കറ്റ്് ഉപ്പു വാങ്ങി ശേഖരിച്ചു വയ്ക്കാന്‍ ജനങ്ങള്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു.


എന്നാല്‍ ഉപ്പിനു ക്ഷാമം ഉണ്ടെന്ന തരത്തിലുളള വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാര്‍ തളളി. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് ഉപ്പ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ എല്ലാ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ആവശ്യസാധനങ്ങളുടെ പട്ടികയിലുളള ഉപ്പിനു വില കൂട്ടിയിട്ടില്ലെന്നും കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ പരക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും വിശദീകരിച്ചു.

വാര്‍ത്ത അസംബന്ധമാണെന്നും ഇത്തരത്തില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് സത്യേന്ദ്ര സിങ്ങ് അറിയിച്ചു. വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഉപ്പു ശേഖരിച്ചിരുന്ന കടകള്‍ കുത്തിത്തുറന്ന് ആളുകള്‍ ഉപ്പ് മോഷ്ടിച്ചിരുന്നു. 220 ലക്ഷം ടണ്‍ ഉപ്പാണ് രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നത് അതില്‍ 60 ലക്ഷം ടണ്‍ ഉപ്പ് മാത്രമാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നത്.  ഇറക്കുമതിക്കും വ്യവസായിക ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉപ്പ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസ്ട്രിക് സപ്ലൈ ഓഫീസര്‍മാരോട് ഏതു സാഹചര്യത്തിലും ഉപ്പും ലഭ്യമാക്കാനുളള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Story by
Read More >>