ഐലന്‍ഡ് എക്‌സ്പ്രസില്‍ നിവിന്‍ പോളിയും ശോഭനയും; അഭിലാഷ് പുതുക്കാട് സംസാരിക്കുന്നു

ഐലന്‍ഡ് എക്‌സ്പ്രസ് എന്ന നോവലിനെ ആസ്പദമാക്കി ശോഭനയും നിവിന്‍ പോളിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമ 2017ല്‍ തിയറ്ററില്‍ എത്തുമെന്ന സൂചനയുമായി രചയിതാവ് അഭിലാഷ് പുതുക്കുടി. പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ ജീവചരിത്ര രചയിതാവും സംഗീത സംബന്ധമായ കൃതികളുടെ രചയിതാവുമാണ് അഭിലാഷ്.

ഐലന്‍ഡ് എക്‌സ്പ്രസില്‍ നിവിന്‍ പോളിയും ശോഭനയും; അഭിലാഷ് പുതുക്കാട് സംസാരിക്കുന്നു

ഐലന്‍ഡ് എക്‌സ്പ്രസ് എന്ന നോവലിനെ ആസ്പദമാക്കി ശോഭനയും നിവിന്‍ പോളിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമ 2017ല്‍ തിയറ്ററില്‍ എത്തുമെന്ന സൂചനയുമായി രചയിതാവ് അഭിലാഷ് പുതുക്കുടി. പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ ജീവചരിത്ര രചയിതാവും സംഗീത സംബന്ധമായ കൃതികളുടെ രചയിതാവുമാണ് അഭിലാഷ്. ഒരു ഇന്ത്യന്‍ സംഗീതജ്ഞയെക്കുറിച്ചുള്ള ഏറ്റവും വലിയ പുസ്തമെന്ന ബഹുമതിക്ക് 'ആലാപനത്തിലെ തേനും വയമ്പും' എന്ന പുസ്തകം അര്‍ഹമായിരുന്നു. അബുദാബിയിലെ സെക്യുവര്‍ടെക് എന്ന കമ്പനിയില്‍ പ്ലാനിംഗ് ആന്റ് എസ്റ്റിമേഷന്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സംഗീതത്തേക്കുറിച്ചും എസ് ജാനകിയോടുള്ള അടുപ്പത്തേക്കുറിച്ചും നാരദാ ന്യൂസിനോട് സംസാരിക്കുന്നു.


[caption id="" align="aligncenter" width="640"] എസ് ജാനകിക്കൊപ്പം അഭിലാഷ്‌ [/caption]

താങ്കളെഴുതിയ ജാനകിയുടെ ജീവചരിത്രം വളരെ ശ്രദ്ധേയമായ ഈ സന്ദര്‍ഭത്തില്‍ ഇതിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യത്തെക്കുറിച്ച് പറയാമോ?


എന്റെ മാതാപിതാക്കള്‍ക്ക് ജാനകിയമ്മയുടെ പാട്ടുകള്‍ വളരെ ഇഷ്ടമായിരുന്നു. ചെറുപ്പം മുതല്‍ ഞാനും ജാനകിയമ്മയുടെ പാട്ടുകള്‍ കേള്‍ക്കുമായിരുന്നു. അവരുടെ സ്വരം തിരിച്ചറിയാനും അവര്‍ പാടുന്ന രീതി ശ്രദ്ധിക്കാനും മാതാപിതാക്കള്‍ എന്നോട് ആവശ്യപ്പെടുമായിരുന്നു. അതിനുശേഷം ഞാനവരുടെ പാട്ടുകള്‍ ശേഖരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എന്റെ കൈവശം അവരുടെ വ്യത്യസ്ത ഭാഷയിലുള്ള ആയിരത്തിലധികം പാട്ടുകളുടെ ശേഖരമുണ്ട്. അവരുടെ കൂടുതല്‍ പാട്ടുകള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് കാര്യമായി വിജയിച്ചില്ല. അതോടെ ജാനകിയുടെ പാട്ടുകളുടെ റഫറന്‍സ് ഗ്രന്ഥമാകാവുന്ന ഒരു പുസ്തകം മലയാളത്തില്‍ എഴുതാമെന്ന ആലോചന വന്നു. 2003ല്‍ തുടങ്ങിയ പുസ്തകരചന 10 വര്‍ഷവും നാല്് മാസവും എടുത്താണ് പൂര്‍ത്തിയാക്കിയത്.

എല്ലാ അവധിക്കാലത്തും ഗാനരചയിതാക്കളേയും സംഗീത സംവിധായകരേയും സന്ദര്‍ശിച്ച് നേരിട്ട് അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. മലയാള സിനിമാ ഗാനശാഖയിലെ മഹാരഥന്‍മാരായ ശ്രീകുമാരന്‍ തമ്പി, എം.കെ അര്‍ജുനന്‍, വി. ദക്ഷിണമൂര്‍ത്തി, പൂവച്ചല്‍ ഖാദര്‍, കെ.എസ് ചിത്ര, വാണി ജയറാം, പി. ജയചന്ദ്രന്‍, മിന്‍മിനി, കെ. ജെ ജോയി, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, പി. സുശീല, ബിച്ചു തിരുമല, ജോണ്‍സണ്‍, കെ. രഘുകുമാര്‍, ശ്യാം, ബി. വസന്ത തുടങ്ങിയവരെ ഇതുമായി ബന്ധപ്പെട്ട് സന്ദര്‍ശിച്ചു.

എസ്. ജാനകിയെ സംബന്ധിച്ച കാര്യങ്ങള്‍ അറിയുന്നതിനുള്ള ഒരു വിക്കീപീഡിയ എന്ന് താങ്കളെ വിശേഷിപ്പിക്കാം. എന്താണ് താങ്കളെ ജാനകിയുമായി അടുപ്പിച്ചതും അവരുടെ ജീവചരിത്രം തയ്യാറാക്കുന്നതിന് കാരണമായതും?


ജാനകിയമ്മയുടെ സംഗീതജീവിതത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് ഞാന്‍ അവരുടെ കടുത്ത ആരാധകനായ ഡോ. ശ്രീകുമാറിനെ കണ്ടുമുട്ടുന്നത്. അദ്ദേഹമാണ് എന്നെ ജാനകിയമ്മയ്ക്ക് പരിചയപ്പെടുത്തിയത്. അമ്മ (ഞാനടക്കം അടുപ്പമുള്ളവര്‍ എസ്. ജാനകിയെ അങ്ങനെയാണ് വിളിക്കുന്നത്) ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഷാര്‍ജയില്‍ വന്നപ്പോള്‍ ഞാനവരെ കണ്ട് അനുഗ്രഹം വാങ്ങി. ആ ദിവസം എനിക്ക് ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. അന്ന് ജാനകിയമ്മ എനിക്കുവേണ്ടി ഒരു പാട്ട് പാടുക പോലുമുണ്ടായി. സംഗീതത്തിന് വേണ്ടിയുള്ള അവരുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവും എനിക്ക് പ്രചോദനമായി. അതാണവരെ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിച്ചത്.

സംഗീതത്തോടുള്ള പ്രതിബദ്ധത നിരവധി ആരാധകരെയാണ് ജാനകിയമ്മയ്ക്ക് നേടിക്കൊടുത്തത്. സംഗീതത്തില്‍ ശാസ്ത്രീയമായ പഠനങ്ങളൊന്നും ലഭിക്കാതെയാണ് അവര്‍ ഈ നേട്ടങ്ങളൊക്കെ കൈവരിച്ചതെന്നത് വിസ്മയാവഹമാണ്. 18 ഭാഷകളില്‍ പാടിയിട്ടുള്ള ജാനകിയമ്മയുടെ പ്രശസ്തിക്ക് മലയാളം വലിയ പങ്കുവഹിച്ചുവെന്നത് അഭിമാനകരമാണ്.

ഈയിടെ പാട്ടുപാടുന്നത് അവസാനിപ്പിച്ചതായി എസ്. ജാനകി പ്രഖ്യാപിച്ചപ്പോള്‍ ചില വിവാദങ്ങളുണ്ടായല്ലോ. എന്താണ് ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍?

10 കല്‍പനകള്‍ എന്ന സിനിമയ്ക്കായി കഴിഞ്ഞ ഏപ്രിലില്‍ അമ്മ ഒരു താരാട്ടുപാട്ട് പാടിയിരുന്നു. താന്‍ ഒരു പാട്ട് നന്നായി പാടിയെന്നും ഇനി സംഗീതരംഗത്ത് തുടരാനില്ലെന്നും അന്ന് അമ്മയെന്നോട് പറഞ്ഞു. അതോടൊപ്പം ആ സിനിമയിലെ ഒരു ഗാനം എനിക്കായി പാടുകയും ചെയ്തു. യഥാര്‍ഥത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ജാനകിയമ്മ സംഗീതജീവിതത്തിന് വിരാമമിടാന്‍ തീരുമാനിച്ചതായിരുന്നു. നല്ലൊരു പാട്ട് പാടി സംഗീത രംഗത്തുനിന്ന് വിട വാങ്ങാനായിരുന്നു അവര്‍ കാത്തിരുന്നത്. ആ സന്ദര്‍ഭത്തിലാണ് 10 കല്‍പനകളിലെ പാട്ട് പാടാന്‍ അവര്‍ സമ്മതം മൂളിയത്.

ഇപ്പോള്‍ താങ്കളുടെ കൈവശം ജാനകിയുടെ പാട്ടുകളുടെ ഒരു ശേഖരം തന്നെയുണ്ട്. അവരുടെ സംഭാവനകള്‍ക്കുള്ള ആദരസൂചകമായി ഒരു സംഗീത മ്യൂസിയം ആരംഭിക്കാന്‍ പദ്ധതിയുണ്ടോ?
ഇതുവരെ എനിക്കങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നില്ല. എന്നാല്‍ താങ്കളുടെ ആശയം വളരെ നല്ലതായി തോന്നുന്നു. ഭാവിയില്‍ അത്തരത്തിലൊരു മ്യൂസിയത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചേക്കാം.

താങ്കളുടെ സംരംഭങ്ങള്‍ക്കുള്ള പിന്തുണയാരാണ്?

എന്റെ മാതാപിതാക്കളും സഹോദരനും മികച്ച പിന്തുണയാണ് നല്‍കുന്നത്. ജാനകിയമ്മയെക്കുറിച്ചുള്ള ഏതെങ്കിലും വിവരം ലഭിച്ചാലുടന്‍ എന്റെ സഹോദരന്‍ എനിക്കത് കൈമാറും.

ഞങ്ങളുടെ വായനക്കാരുമായി താങ്കള്‍ക്ക് എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനുണ്ടോ?
മഴ ജനല്‍ (മലയാളം നോവല്‍), ഇല കൊഴിഞ്ഞ ആപ്പിള്‍ മരങ്ങള്‍ (കാശ്മീര്‍ യാത്ര അടിസ്ഥാനമാക്കിയുള്ള യാത്രാവിവരണം), ഐലന്‍ഡ് എക്‌സ്പ്രസ് (നോവല്‍) എന്നിവ പുറത്തിറങ്ങാനുണ്ട്. ഐലന്‍ഡ് എക്‌സ്പ്രസ് മിക്കവാറും 2017 ജനുവരിയില്‍ പുറത്തിറങ്ങും. ഈ നോവല്‍ സിനിമയാക്കാനും പദ്ധതിയുണ്ട്. ശോഭനയേയും നിവിന്‍ പോളിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമ മാര്‍വിന്‍ ജോര്‍ജ് കല്‍പ്പാക്കമാകും സംവിധാനം ചെയ്യുക.