ഫിഷിംഗ് ബോട്ട് ഉടമയും വ്യവസായികളും ബിപിഎല്‍; റേഷന്‍കാര്‍ഡിൽ വ്യാപക തെറ്റുകൾ

ഓരോ സപ്ലൈ ഓഫീസിലും കൈകൊണ്ട് എഴുതി കുറഞ്ഞ ചിലവില്‍ കൊടുത്തിരുന്ന റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചിട്ടും അപാകതകളും പരാതികളും പരിഹരിക്കാനാകുന്നില്ല.

ഫിഷിംഗ് ബോട്ട് ഉടമയും വ്യവസായികളും ബിപിഎല്‍; റേഷന്‍കാര്‍ഡിൽ വ്യാപക തെറ്റുകൾ

കൊച്ചി:  റേഷന്‍ കാര്‍ഡ് പുതുക്കൽ നടപടിക്ക് അത്യാധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയിട്ടും  കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടും അപാകതകളും പരാതികളും പരിഹരിക്കാനാകുന്നില്ല. ആധുനിക  സാങ്കേതിക  വിദ്യ  ഉപയോഗിച്ച്  പ്രൊഫഷണല്‍  വൈദഗ്ദ്യം  ഉള്ളവരെ  വെച്ച്  ജോലി  ചെയ്യിച്ചിട്ടും  രണ്ട്  വര്‍ഷമായി കാര്‍ഡുകള്‍  വിതരണം  ചെയ്യാന്‍  കഴിഞ്ഞിട്ടില്ലെന്നും സര്‍വീസ് സംഘടനകളും സിവില്‍ സപ്ലെസ് വകുപ്പിലെ ഉദ്യോഗസ്ഥരും ആരോപിക്കുന്നു.  കഴിഞ്ഞ  സര്‍ക്കാര്‍  നടത്തിയ  ധൂര്‍ത്തും  അഴിമതിയും  ചുളുവില്‍  മായ്ച്ച്  കളയാന്‍  ഉള്ള  ശ്രമമാണ്  സിവില്‍സപ്ലൈസ്  ഡയറക്ടര്‍ വികെ ബാലകൃഷ്ണന്‍ നടത്തിയതെന്നും ഇവർ പറയുന്നു.  റേഷന്‍കാര്‍ഡ് പ്രക്രിയ അവതാളത്തിലാക്കിയ സിവില്‍ സപ്ലൈസ് ഡയറക്ടറെ വിരമിച്ച ഉടന്‍ സ്‌പെഷല്‍ ഓഫീസറായി നിയമിക്കാന്‍ അണിയറ നീക്കം നടക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.


ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കണമെന്ന് കേന്ദ്രം നിലപാട് കടുപ്പിച്ചതാണ് റേഷന്‍ കാര്‍ഡ് പുതുക്കൽ ധൃതിയിൽ  തീര്‍ക്കേണ്ട സാഹചര്യമുണ്ടാക്കിയത്. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പേരില്‍ ദാരിദ്ര്യ രേഖയില്‍ പെട്ടവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കൽ താളം തെറ്റാൻ കാരണം ഭക്ഷ്യവകുപ്പ് ഡയറക്ടറുടെ അശാസ്ത്രീയവും അപ്രായോഗികവുമായ നടപടിക്രമങ്ങളാണെന്നാണ്  സര്‍വീസ് സംഘടനകളുടെ ആരോപണം.

2011 ല്‍ ഭക്ഷ്യഭദ്രതാ നിയമം വന്നത് മുതല്‍ പല രൂപത്തില്‍ ബിപിഎല്‍ സര്‍വേ നടത്തുവാനും ദരിദ്രരുടെ മുന്‍ഗണനാ പട്ടിക ഉണ്ടാക്കുവാനുമുളള ശ്രമം നടന്നിരുന്നു. എന്നാല്‍  അശാസ്ത്രീയമമായ  നടപടിക്രമങ്ങളിലൂടെ  ഭക്ഷ്യവകുപ്പ്  ഡയറക്ടര്‍  അതൊക്കെ  തകിടം  മറിക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.

100  കോടിയോളം  രൂപയാണ് ഈ പദ്ധതിക്കു മാത്രമായി ചെലവഴിച്ചത്. യാതൊരു  അനുഭവ  പരിജ്ഞാനവും  പ്രായോഗിക  അറിവും  ഇല്ലാതെയുള്ള  നീക്കങ്ങള്‍  അടിച്ചേല്‍പ്പിക്കുക  വഴിയാണ്  റേഷന്‍  കാര്‍ഡ്  പുതുക്കൽ എങ്ങുമെത്താതെ  പോയത്. റേഷന്‍ കാര്‍ഡിനായി തയ്യാറാക്കിയ  ചോദ്യാവലിയും അതിലെ  വിവരങ്ങള്‍  ഉപയോഗപ്പെടുത്തിയുള്ള മാര്‍ക്കിടല്‍  രീതിയും അവലംബിച്ചാണ് പുതുക്കൽ നടപടി പൂർത്തിയാക്കിയത്.  ഇതു പ്രകാരം തയ്യാറാക്കിയ കാർഡിലാണ്  എ പി എല്ലുകാർ ബി പി എല്‍ ആയതും   ബിപിഎല്ലുകാർ  എപിഎൽ പട്ടികയിൽ ഇടം പിടിച്ചതും.  മൂന്നു  ഫിഷിംഗ്  ബോട്ടുള്ളയാളും  സര്‍ക്കാര്‍  ജീവനക്കാരും  വ്യവസായികളും ഉൾപ്പെടെയുള്ളവരാണ് ബിപിഎൽ പട്ടികയിലുള്ളത്. അതേ സമയം  പട്ടിണി  പാവങ്ങളായ  പട്ടികജാതിക്കാരും  വിധവകളും  രോഗികളും  ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും എപിഎൽ പട്ടികയിലാണുള്ളത്.

കാര്‍ഡ്  പുതുക്കുന്നതിന്റെ ഡാറ്റ  എന്‍ട്രി,  അക്ഷയ,  കെല്‍ട്രോണ്‍,  ഉന്നതി  തുടങ്ങിയ  സ്ഥാപനങ്ങളാണ്  നടത്തിയത് . നിറയെ  തെറ്റുകളോട്  കൂടിയ  വിവരങ്ങളായിരുന്നു  അതൊക്കെയും. അതിലെ  വിവരങ്ങള്‍  വെച്ചാണ്  എന്‍ ഐ സി  ഉണ്ടാക്കിയ  സോഫ്റ്റ്വെയര്‍  ഉപയോഗിച്ച്  മാര്‍ക്കിടല്‍  നടത്തിയത്.

ഭക്ഷ്യ വകുപ്പ് 2015 ജൂണ്‍ മാസത്തില്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ബൃഹത്തായ നടപടിക്രമത്തിലൂടെ നടത്തേണ്ട പദ്ധതി പതിനഞ്ചു ദിവസം കൊണ്ടാണ് സിവില്‍സപ്ലൈസ് വകുപ്പ് നടപ്പാക്കാന്‍ ശ്രമിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.

2011 ലെ സെന്‍സസ് അനുസരിച്ച് ആകെയുളള 3.346 കോടി ജനങ്ങളില്‍  ഗ്രാമപ്രദേശങ്ങളില്‍ 52.63 ശതമാനവും  നഗര  പ്രദേശങ്ങളില്‍ 39.5 ശതമാനം  ജനങ്ങളും  ഉള്‍പ്പെടെ  1.548  കോടി  ജനങ്ങളാണ്  മുന്‍ഗണനാ  പട്ടികയില്‍  വരേണ്ടത്. ഇതിനായി  റേഷന്‍ കാര്‍ഡ്  പുതുക്കല്‍  ഫോറത്തില്‍  ശേഖരിച്ച  വിവരങ്ങള്‍  പ്രകാരം  തയ്യാറാക്കിയ  പട്ടിക നിര്‍മ്മാണവും  അതിന്റെ  അടിസ്ഥാനത്തിലുള്ള  റേഷന്‍  കാര്‍ഡ്  വിതരണവും  ഓഗസ്റ്റ് എട്ട്  2015 ല്‍ തുടങ്ങി വിവിധ ഘട്ടങ്ങളായി പുരോഗമിച്ച് എപ്രില്‍ ഒന്ന് 2016 ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. ഈ പ്രകിയയാണ് ഒക്ടോബര്‍ 20ന്  2016 ല്‍ തുടങ്ങി നവംബര്‍ അഞ്ച് 2016 ല്‍ സമാപിക്കുമെന്ന്   പ്രഖ്യാപിച്ചിട്ടുള്ളത്.

അനര്‍ഹമായി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉടന്‍ അപേക്ഷ സമര്‍പ്പിച്ച് തങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും മാറ്റാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകാതെ റേഷന്‍ കാര്‍ഡ് ആധാര്‍ ലിങ്കിങ്ങിന് വിധേയമാക്കും. ഒരാള്‍ സ്വയം ഒഴിവാകാതെ സര്‍ക്കാര്‍ ആ കുറ്റം കണ്ടുപിടിച്ചാല്‍ അവശ്യവസ്തു സംരക്ഷണ നിയമപ്രകാരം കേരള റേഷനിംഗ് ഉത്തരവിലെ 66 വകുപ്പ് പ്രകാരവും ഒരുവര്‍ഷംവരെയുള്ള തടവും പിഴയും ഉള്‍പ്പെട്ട ശിക്ഷാ നടപടികള്‍ക്ക് വിധേയരാകും.

Read More >>