കൊച്ചിയില്‍ '1700 രൂപയുടെ പുതിയ നോട്ട്': തുണ്ടുകടലാസുകള്‍ പോലും പണമാകുന്നു

2000 രൂപയുടെ നോട്ടുമായി എത്തുന്നവര്‍ക്ക് ബാക്കിയുളള തുക കടലാസില്‍ എഴുതി സീല്‍ അടിച്ചു നല്‍കും. കടയില്‍ ഈ കടലാസുമായി എത്തിയാല്‍ കച്ചവടക്കാരന് സൗകര്യമുളളപ്പോള്‍ ബാക്കി നല്‍കും.

കൊച്ചിയില്‍

ചില്ലറയില്ലാതെ ജനം നെട്ടോട്ടമോടുകയാണ്. രണ്ടായിരത്തിന്റെ നോട്ടുമായി 100 രൂപയുടെ സാധനം വാങ്ങാന്‍ വരുന്നവരെ നോക്കി നിസഹായമായി ചിരിക്കുകയല്ലാതെ കച്ചവടക്കാര്‍ക്കും വേറേ നിവൃത്തിയില്ല. പെട്രോള്‍ പമ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെല്ലാം തുണ്ടുകടലാസുകള്‍ പോലും നോട്ടായി രൂപാന്തരപ്പെടുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്. 2000 രൂപയുടെ നോട്ടുമായി എത്തുന്നവര്‍ക്ക് ബാക്കിയുള്ള തുക കടലാസില്‍ എഴുതി സീല്‍ അടിച്ചു നല്‍കും. കടയില്‍ ഈ കടലാസുമായി എത്തിയാല്‍ കച്ചവടക്കാരന് സൗകര്യമുള്ളപ്പോള്‍ ബാക്കി നല്‍കും.


രാജ്യത്ത് ഇത്തരത്തിലുളള സമാന്തര നോട്ടുകള്‍ പെരുകുന്നതിന്റെ ആശങ്ക സമൂഹ്യപ്രവര്‍ത്തകനായ പുരുഷന്‍ ഏലൂരാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്ക് വച്ചത്. കളമശേരി എസ്ബിടി ശാഖയില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ 2000 രൂപയുടെ നോട്ടുകളാണ് പുരുഷന് കിട്ടിയത്. കളമശേരി പ്രീമിയര്‍ കവലയിലുളള പമ്പില്‍ നിന്ന് 300 രൂപയ്ക്ക് പെട്രോള്‍ അടിച്ചതിനു ശേഷം 2000 രൂപ നല്‍കി. നിരോധിച്ച 500 ന്റെ മൂന്ന് നോട്ടുകളും രണ്ടും നൂറും തന്നുവെങ്കിലും താന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് പുരുഷന്‍ ഏലൂര്‍ പറയുന്നു.

നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ മാത്രമാണ് പറഞ്ഞിട്ടുളളതെന്നും തിരിച്ചു നല്‍കാന്‍ പറഞ്ഞിട്ടില്ലെന്നും പുരുഷന്‍ വാദിച്ചു. അവസാനം ബാക്കിയുളള 1700 രൂപയ്ക്ക് പകരമായി ഒരു തുണ്ടുകടലാസില്‍ തുക എഴുതി സീല്‍ അടിച്ചു കൊടുക്കുകയായിരുന്നു. വൈകിട്ട് ഈ കടലാസുമായി പമ്പില്‍ എത്തിയാല്‍ ചില്ലറയുണ്ടെങ്കില്‍ തരാമെന്നായിരുന്നു പമ്പ് ജീവനക്കാരുടെ മറുപടി. താന്‍ രാജ്യസ്‌നേഹം കൊണ്ട് വിഭ്രമിച്ചു നില്‍ക്കുകയാണെന്നും പുരുഷന്‍ ഏലൂര്‍ പറയുന്നു.

ഇത് പുരുഷന്റെ മാത്രം അനുഭവമല്ല. ചില്ലറയുടെ കനത്ത ക്ഷാമം മൂലം ഇത്തരം സമാന്തര സംവിധാനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചവടക്കാര്‍ ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് തുണ്ടുകടലാസുകള്‍ പോലും പണമായി മാറുകയാണ്. ബാക്കിയുളള പണം വാങ്ങാന്‍ കടലാസും കൈയ്യില്‍ പിടിച്ച് പെട്രോളും കത്തിച്ച് ജനം വ്യാപാരസ്ഥാപനങ്ങളുടെയും പെട്രോള്‍ പമ്പുകളുടെയും മുന്നില്‍ നിരന്നു നില്‍ക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്.

Story by
Read More >>