നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; തേനും സംസം വെള്ളവും നല്‍കിയിരുന്നതായി പിതാവ്; സംഭവത്തിലെ വില്ലന്‍ കളന്തോട് തങ്ങളുപ്പ ഇസ്ലാമിലെ റിബല്‍

ഇന്നലെ ഉച്ചക്ക് പ്രസവിച്ച കുട്ടിക്ക് ഇന്ന് ഉച്ചയോടെ അഞ്ച് ബാങ്ക് വിളിച്ച ശേഷം മുലപ്പാല്‍ കൊടുത്തുവെന്ന് പിതാവ് അബൂബക്കര്‍. സംഭവം വിവാദമായതിനാല്‍ ആശുപത്രി ഇന്‍ഷൂറന്‍സ് നിഷേധിച്ചതായും ഇയാള്‍ പറയുന്നു. മുലപ്പാല്‍ കൊടുക്കരുതെന്ന് നിര്‍ദ്ദേശിച്ച കളന്തോട് തങ്ങളുപ്പ യാഥാസ്ഥിതിക ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചതിന്റെ പേരില്‍ സമസ്ത മുന്നറിയിപ്പ് നേരിട്ടയാള്‍

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; തേനും സംസം വെള്ളവും നല്‍കിയിരുന്നതായി പിതാവ്; സംഭവത്തിലെ വില്ലന്‍ കളന്തോട് തങ്ങളുപ്പ ഇസ്ലാമിലെ റിബല്‍

നവജാത ശിശുവിന് അഞ്ചു ബാങ്ക് വിളിച്ച ശേഷം മാത്രമേ മുലപ്പാല്‍ കൊടുക്കുകയുള്ളുവെന്നു പിതാവ് വാശി പിടിച്ച സംഭവത്തില്‍ ദുരൂഹതകള്‍ പൂര്‍ണമായി ഒഴിയുന്നില്ല. തന്നോട് ഇത്തരത്തില്‍ മുലപ്പാല്‍ കൊടുക്കരുതെന്നു പറഞ്ഞത് കളന്തോട് തങ്ങളുപ്പയാണെന്ന് കുട്ടിയുടെ പിതാവ് അബൂബക്കര്‍ സിദ്ദിഖ് നാരദാ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ തങ്ങളുപ്പ യാഥാസ്ഥിതിക ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചതിന്റെ പേരില്‍ സമസ്തയുടെ മുന്നറിയിപ്പ് നേരിട്ടയാളാണെന്ന വിവരം ലഭിച്ചു.


സംഭവത്തില്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നതായി അബൂബക്കര്‍ പറഞ്ഞു. കുട്ടിയുടെ ശരീരത്തിന് മുലപ്പാല്‍ കുടിക്കാതെ തന്നെ അഞ്ച് ബാങ്ക് വിളിക്കുന്ന സമയം അതിജീവിക്കാനുള്ള ശേഷിയുണ്ട്. മൂത്ത കുട്ടിക്കും സമാനമായ രീതിയില്‍ പ്രസവശേഷം മുലപ്പാല്‍ കൊടുത്തിരുന്നില്ലെന്ന് ഇയാള്‍ പറയുന്നു. 2014ല്‍ തങ്ങളുപ്പയെ താമസസ്ഥലത്ത് സന്ദര്‍ശിച്ചപ്പോഴാണ് കുട്ടിക്ക് പ്രസവശേഷം അഞ്ച് ബാങ്ക് വിളിച്ച ശേഷം മാത്രമേ മുലപ്പാല്‍ കൊടുക്കാവൂ എന്ന് നിര്‍ദ്ദേശിച്ചത്. ഈ ഉപദേശം സ്വീകരിച്ചതുകൊണ്ട് മൂത്ത കുട്ടിക്ക് സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്യമായ അസുഖങ്ങളൊന്നുമില്ലെന്ന് ഇയാള്‍ അവകാശപ്പെട്ടു. രണ്ടുകുട്ടികൾക്കും തേനും സംസം വെള്ളവും കൊടുത്തതായും സിദ്ദിഖ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ വില്ലന്‍ സ്ഥാനത്ത് നില്‍ക്കുന്ന കളന്തോട് തങ്ങളുപ്പ യാഥാസ്ഥിതിക ഇസ്ലാമില്‍ നിന്നു വ്യതിചലിച്ചതിന്റെ പേരില്‍ സമസ്തയുടെ മുന്നറിയിപ്പു നേരിട്ടയാളാണെന്നു വിവരം ലഭിച്ചു. കോഴിക്കോട് മുക്കത്തിനടുത്ത് ആശ്രമം പോലെ സംവിധാനമുള്ള ഇദ്ദേഹം മതവിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്നതായി ഞങ്ങളുടെ വാര്‍ത്താ ഉറവിടം പറഞ്ഞു. തങ്ങളുപ്പ നിസ്‌കാരത്തെ നിരുത്സാഹപ്പെടുത്തുന്നതായും വീട്ടില്‍ എല്ലാ മതഗ്രന്ഥങ്ങളുടേയും വാക്യങ്ങള്‍ പതിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. റംസാന്‍ റിലീഫ് പോലെ ക്രിസ്മസ് റിലീഫ്, ഓണം റിലീഫ് എന്നിവ ഇദ്ദേഹം സംഘടിപ്പിച്ചതായും ആര്‍എസ്എസുകാര്‍ ഇദ്ദേഹത്തോട് അടുപ്പം പുലര്‍ത്തിയിരുന്നതായും പറയുന്നു.

ഇകെ-എപി എന്നിങ്ങനെ സുന്നി വിഭാഗങ്ങള്‍ വേര്‍പിരിയുന്നതിനു മുമ്പുള്ള അവിഭക്ത സമസ്ത ഇത്തരം നടപടികളുടെ ഫലമായി തങ്ങളുപ്പയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇദ്ദേഹം ഗാനമേളകള്‍ സംഘടിപ്പിക്കുകയും ഇസ്ലാമിക വിരുദ്ധമായി അന്യസ്ത്രീകളെ ആശ്ലേഷിക്കുകയും ചെയ്യാറുള്ളതായും വാര്‍ത്താ ഉറവിടം പറഞ്ഞു.

തങ്ങളുപ്പ മഹദ് വ്യക്തിത്വമാണെന്ന് അബൂബക്കര്‍ പറഞ്ഞു. ജാതിമതഭേദമന്യേ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യാറുണ്ട്. തങ്ങളുപ്പ നിര്‍ദ്ദേശിച്ചതുകൊണ്ടു മാത്രമാണ് കുട്ടിക്കു മുലപ്പാല്‍ കൊടുക്കാന്‍ തയ്യാറാകാതിരുന്നതെന്ന് ഇയാള്‍ പറഞ്ഞു. മുക്കം സ്റ്റേഷനിലെ വനിതാ പോലീസുകാരി ശ്രമിച്ചിട്ടുപോലും താന്‍ സമ്മതിച്ചില്ലെന്നും അബൂബക്കര്‍ പറഞ്ഞു. മുലപ്പാല്‍ കൊടുക്കാന്‍ താന്‍ സമ്മതിക്കില്ലെന്ന് അറിഞ്ഞിട്ടും വനിതാ ഗൈനക്കോളജിസ്റ്റ് ശകാരിച്ചില്ലെന്നും ഇതിനെത്തുടര്‍ന്നു കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം തനിക്കാണെന്ന് എഴുതിത്തരാന്‍ ആവശ്യപ്പെടുകയാണു ചെയ്തതെന്നും ഇയാള്‍ പറയുന്നു. മുസ്ലീം ആയ ഒരു നഴ്‌സ് ആണ് കുട്ടിക്കു മുലപ്പാല്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു തന്നോടു വഴക്കുകൂടിയതെന്നും ഇയാള്‍ വ്യക്തമാക്കി.

ഉച്ചക്ക് 1.50ന് പ്രസവിച്ച കുട്ടിയെ വൈകിട്ട്‌ ആറോടെ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചതായി ഇയാള്‍ ആരോപിച്ചു. സംഭവം വിവാദമായതിനാല്‍ ലഭിക്കേണ്ട ഇന്‍ഷൂറന്‍സും നിഷേധിച്ചതായി അബൂബക്കര്‍ പറഞ്ഞു. അതേസമയം പുരോഗമനപരമായ നിലപാടുകളുള്ള തങ്ങളുപ്പ ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കുമോയെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് എപി സുന്നി വിഭാഗത്തില്‍പ്പെടുന്ന ഞങ്ങളുടെ വാര്‍ത്താ ഉറവിടം സംശയം പ്രകടപ്പിച്ചു. തങ്ങളുപ്പയുമായി സംസാരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

Read More >>