വെള്ളപ്പൊക്ക സാധ്യത; എവറസ്റ്റിലെ തടാകം നേപ്പാള്‍ വറ്റിച്ചു

മഞ്ഞുരുകിയുണ്ടായ തടാകമാണ് നേപ്പാള്‍ വറ്റിച്ചത്.

വെള്ളപ്പൊക്ക സാധ്യത; എവറസ്റ്റിലെ തടാകം നേപ്പാള്‍ വറ്റിച്ചു

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടു  നേപ്പാള്‍  തടാകം വറ്റിച്ചു. മഞ്ഞുരുകിയുണ്ടായ തടാകമാണ് നേപ്പാള്‍ വറ്റിച്ചത്.

കടുത്ത മഴയിലോ മഞ്ഞുരകലിലോ തടാകം നിറഞ്ഞു കവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. മൗണ്ട് എവറസ്റ്റില്‍  16,437 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇംജാ തടാകമാണ് സൈന്യം ആറ് മാസം കൊണ്ട് വറ്റിച്ചത്.

ആഗോളതാപനത്തെ തുടര്‍ന്ന് റെക്കോര്‍ഡ് വേഗത്തിലാണ് ഇപ്പോള്‍ ഹിമാലയത്തിലെ മഞ്ഞുപാളികള്‍ ഉരുകി വെള്ളമായി മാറുന്നത്. ഇങ്ങനെ മഞ്ഞുരുകിയുണ്ടാക്കുന്ന വെള്ളം പര്‍വതമടക്കുകളിലും മറ്റും ഒഴുകിയെത്തി തടാകമായി രൂപാന്തരപ്പെടും. പൊടുന്നനെയുണ്ടാവുന്ന മഴയിലോ മറ്റോ ഇത്തരം തടാകങ്ങളിലെ വെള്ളം കുത്തിയൊലിച്ചാല്‍ അത് താഴ്‌വാരങ്ങളില്‍ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെ അപകടത്തിലാക്കും.


1984-ല്‍ 0.4 ചതുരശ്ര കിമീ വിസ്തീര്‍ണ്ണമുണ്ടായിരുന്ന തടാകം 2009- എത്തിയപ്പോഴേക്കും 1.01 ചതുരശ്രകിമീറ്റര്‍ വലുതായെന്നാണ് കണക്ക്. മേഘവിസ്‌ഫോടനത്തിലോ ഭൂകമ്പത്തിലോ ഇംജോ തടാകം നിറഞ്ഞു കവിഞ്ഞാല്‍ അത് താഴത്തെ ഗ്രാമങ്ങളില്‍ കഴിയുന്ന 50,000-ത്തിലേറെ ആളുകളെ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

7.8 തീവ്രത രേഖപ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ ഭൂകമ്പത്തോടെയാണ് തടാകം വറ്റിക്കാനുള്ള നടപടികള്‍ അധികൃതര്‍ ത്വരിതപ്പെടുത്തിയത്.

കടുത്ത കാറ്റും, മഞ്ഞും വീഴ്ചയും മൂലം ദിവസത്തില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ വെള്ളം ഒഴുകി കളയുവാന്‍ സാധിക്കുമായിരുന്നുള്ളൂ. പ്രത്യേക യന്ത്രനിയന്ത്രിത ഗേറ്റ് സ്ഥാപിച്ചാണ് പുറത്തേക്കൊഴുക്കേണ്ട ജലത്തിന്റെ അളവ് നിയന്ത്രിച്ചിരുന്നത്. കരമാര്‍ഗ്ഗമുള്ള ഗതാഗതം സാധ്യമല്ലാതിരുന്നതിനാല്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് പണിയായുധങ്ങളും മറ്റു യന്ത്ര സാമഗ്രികളും ഇംജോ തടാകത്തിലെത്തിച്ചത്. എന്തായാലും വറ്റിക്കല്‍ നടപടികള്‍ വിജയകരമായി പൂര്‍ത്തിയായതോടെ തടാകത്തിന്റെ ആഴം 150 മീറ്ററില്‍ നിന്ന് 3.5 ആയി കുറഞ്ഞെന്ന് അധികൃതര്‍ പറയുന്നു.

ഇംജോ പോലെ ചെറുതും വലുതുമായ മൂവായിരത്തിലേറെ തടാകങ്ങളാണ് നേപ്പാളിലുള്ളത്.