നെടിയാറ രാമഭദ്രൻ വധക്കേസ് : സിപിഐഎം കൊല്ലം ജില്ലാക്കമ്മിറ്റി അംഗവും മെഴ്സിക്കുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമുൾപ്പെടെയുളളവരെ സിബിഐ അറസ്റ്റു ചെയ്തു

2010 ഏപ്രിൽ 10ന് രാത്രിയാണ് ഐഎൻടിയുസി നേതാവായ രാമഭദ്രനെ വീട്ടിനുളളിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് കൊലപ്പെടുത്തിയത്.

നെടിയാറ രാമഭദ്രൻ വധക്കേസ് : സിപിഐഎം കൊല്ലം ജില്ലാക്കമ്മിറ്റി അംഗവും മെഴ്സിക്കുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമുൾപ്പെടെയുളളവരെ സിബിഐ അറസ്റ്റു ചെയ്തു

[caption id="attachment_62205" align="alignleft" width="300"]babu-paniker ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കർ[/caption]

കൊല്ലം : അഞ്ചൽ നെടിയാറ രാമഭദ്രൻ വധക്കേസിൽ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കർ, മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗം മാക്സിൻ, ഡിവൈഎഫ്ഐ നേതാവ് റിയാസ് എന്നിവരെ സിബിഐ അറസ്റ്റു ചെയ്തു. അഞ്ചൽ ഏരിയാ സെക്രട്ടറി പി എസ് സുമനെ സിബിഐ അന്വേഷിച്ചെത്തിയെങ്കിലും കസ്റ്റഡിയിലെടുക്കാനായില്ല.  2010 ഏപ്രിൽ 10ന് രാത്രിയാണ് ഐഎൻടിയുസി നേതാവായ രാമഭദ്രനെ വീട്ടിനുളളിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് കൊലപ്പെടുത്തിയത്.


ഗൂഢാലോചനാകുറ്റമാണ് ജില്ലാ - ഏരിയാ നേതാക്കളിൽ ആരോപിച്ചിരിക്കുന്നത്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്തു എന്നാരോപിച്ചാണ് റിയാസിനെയും മാക്സെനെയും അറസ്റ്റു ചെയ്തത്. ഇരുവരും പാർടി മെമ്പർമാരാണ്. സിപിഐ നേതാവും മുൻ മന്ത്രിയുമായിരുന്ന പി കെ ശ്രീനിവാസന്റെ മകനാണ് അഞ്ചൽ ഏരിയാ സെക്രട്ടറി പി എസ് സുമൻ.

അനേകം തവണ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഏഴിനും ഒമ്പതിനും ഇടയ്ക്ക് വീടുകളിൽ നിന്നാണ് ബാബു പണിക്കർ, മാക്സെൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കര ടിബിയിൽ വച്ച് വീണ്ടും ചോദ്യം ചെയ്യുകയും വൈകുന്നേരത്തോടെ തിരുവനന്തപുരത്തുള്ള സിബിഐ ഓഫീസിലേയ്ക്കു കൊണ്ടുപോവുകയും ചെയ്തുവെന്നാണ് വിവരം.
ലോക്കൽ പോലീസ് കേസന്വേഷിക്കുകയും 12 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ വീണ്ടെടുക്കുകയും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തുവെങ്കിലും കൊലയ്ക്കു പിന്നിലുളള ഗൂഢാലോചന അന്വേഷിച്ചില്ലെന്നു ചൂണ്ടിക്കാട്ടി രാമഭദ്രന്റെ വിധവ വി എസ് ബിന്ദു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.  കേസ് പരിഗണിച്ച ജസ്റ്റിസ് കെമാൽ പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

അഞ്ചലിൽ നടന്ന ഡിവൈഎഫ്ഐയുടെ പ്രതിരോധ കാമ്പിന് നേതൃത്വം നൽകിയ ഗിരീഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് രാമഭദ്രന്റെ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് ആരോപിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഗീരീഷിനെ പ്രവേശിപ്പിച്ച ആശുപത്രിയിൽ വച്ച് രാമഭദ്രനെ കൊലപ്പെടുത്താനുളള ഗൂഢാലോചന നടന്നുവെന്ന് വാദിഭാഗം ആരോപിക്കുന്നു. ഈ ഗൂഢാലോചനക്കേസിലാണ് ജില്ലാ നേതാക്കളുൾപ്പടെ ഇപ്പോൾ സിബിഐ കസ്റ്റഡിയിലായത്.

കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജനെയും ലോക്കൽ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനെയും ഫസൽ വധക്കേസിൽ സിബിഐയാണ് അറസ്റ്റു ചെയ്തത്. ജാമ്യത്തിലിറങ്ങിയ ഇരുവർക്കും ഇപ്പോഴും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല. അതിനു പിന്നാലെയാണ് തെക്കൻ കേരളത്തിൽ നിന്ന് പാർടിയുടെ പ്രധാന നേതാക്കളെ മറ്റൊരു കൊലക്കേസിൽ സിബിഐ കസ്റ്റഡിയിലെടുക്കുന്നത്.

തിരുത്ത്: കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ എസ് ജയമോഹനെ ചോദ്യം ചെയ്യലിനു ശേഷം രാത്രി വൈകി വിട്ടയച്ചുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹവും അറസ്റ്റിലായെന്ന വിവരമാണു നേരത്തെ ലഭിച്ചിരുന്നത്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു.

Read More >>