നക്‌സലിസം ഇന്ത്യയില്‍-നാള്‍വഴികളിലൂടെ.....

പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരിയില്‍ ഉദയം കൊണ്ട നക്‌സലിസം ശക്തമല്ലെങ്കിലും ഇന്നും രാജ്യത്ത് പലയിടങ്ങളിലുമുണ്ട്. നക്‌സലിസത്തോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ മലയാളികള്‍ കൂടുതലായി വരുന്ന പ്രവണയ്ക്ക് പിന്നിലെ കാരണമെന്ത്. കേരളത്തിലെ മാവോയിസ്റ്റ് വേട്ടയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഒരന്വേഷണം.

നക്‌സലിസം ഇന്ത്യയില്‍-നാള്‍വഴികളിലൂടെ.....

പശ്ചിമബംഗാളിലെ നക്‌സാല്‍ബാരിയെന്ന ഗ്രാമത്തില്‍ രൂപം കൊണ്ട തീവ്ര ഇടതുനിലപാടുള്ളവരുടെ കൂട്ടായ്മയാണ് നക്‌സലുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 1960കളില്‍ രൂപം കൊണ്ട നക്‌സലിസം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി രാജ്യത്ത് പലയിടത്തും ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. സി.പി.ഐ. എമ്മിലെ വിമതവിഭാഗം നേതാക്കളായ ചാരു മജുംദാര്‍, കാനു സന്യാല്‍, ജംഗാള്‍ ശാന്തല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നക്‌സലിസം രൂപം കൊണ്ടത്. 1967 മെയ് മാസത്തിലാണ് ആദ്യ നക്‌സല്‍ സായുധാക്രമണം രാജ്യത്ത് നടന്നത്. ഭൂമിതര്‍ക്കത്തെത്തുടര്‍ന്ന് പാട്ടക്കൃഷിയിലേര്‍പ്പെട്ടിരുന്ന ഒരാളെ നക്‌സലൈറ്റുകള്‍ ആക്രമിക്കുകയായിരുന്നു. മെയ് 24ന് ആക്രമണം നടത്തിയവരെ അറസ്റ്റുചെയ്യാനെത്തിയ പോലീസുകാരന്‍ ജംഗള്‍ ശാന്തലിന്റെ നേതൃത്വത്തില്‍ നടത്തിയ ഒളിയാക്രമണത്തില്‍ കൊല്ലപ്പെട്ടു. നക്‌സലുകളുടെ ചരിത്രം തുടങ്ങുന്നത് ഇത്തരത്തിലാണ്. ഇവിടെ സാധാരണ ജനങ്ങളുടേയും ആദിവാസികളുടേയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്താണ് നക്‌സല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഈ നയം തന്നെയാണ് നക്‌സലുകള്‍ രാജ്യത്തുടനീളം സ്വീകരിച്ചത്.


ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് മാവോ സേ തൂങ്ങിന്റെ ആശയങ്ങളാണ് നക്‌സല്‍ബാരി നേതൃത്വം സ്വീകരിച്ചത്. ഇന്ത്യന്‍ കര്‍ഷകരും ആദിവാസികളും ഗവണ്‍മെന്റിനെ അട്ടിമറിക്കുന്ന കാലം വരുമെന്ന തരത്തിലുള്ള ആശയമാണ് നക്‌സലൈറ്റുകള്‍ ഇവര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. അസാധ്യമായ ആശയമായിരുന്നു അവര്‍ പ്രചരിപ്പിച്ചുവന്നതെങ്കിലും പൊതുസമൂഹം ഭീതിയോടെ കാണുന്ന നക്‌സലൈറ്റുകളില്‍ ഭൂരിഭാഗവും സാധാരണ കര്‍ഷകരുടേയും ആദിവാസികളുടേയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്താണ് പ്രവര്‍ത്തിച്ചുവന്നത്. ചാരു മജുംദാറിന്റെ ലേഖനങ്ങള്‍, പ്രത്യേകിച്ച് 'ഹിസ്റ്റോറിക് എയ്റ്റ് ഡോക്യുമെന്റ്‌സ്' പോലുള്ളവ ജനങ്ങളെ നക്‌സലിസത്തിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളവയായിരുന്നു.

രൂപം കൊണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ നിരവധി സായുധാക്രമണങ്ങള്‍ നടത്തിയ നക്‌സലൈറ്റുകള്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് കടുത്ത തലവേദനയാണ് സൃഷ്ടിച്ചത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റായ് നക്‌സലൈറ്റുകളെ അടിച്ചമര്‍ത്താന്‍ തീരുമാനമെടുക്കുകയും പോലീസിനെ ഉപയോഗിച്ച് വ്യാപകമായി റെയ്ഡുകള്‍ നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന സോമെന്‍ മിത്രയുടെ വീട് നക്‌സലൈറ്റുകളെ തടങ്കലില്‍ വയ്ക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. പോലീസിനെ കൂടാതെ കോണ്‍ഗ്രസ് കേഡറുകളും നക്‌സലൈറ്റുകളെ നേരിടുന്നതിന് രംഗത്തിറങ്ങി. ഇതിനിടെ നക്‌സലൈറ്റുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാകുകയും ഒരു വിഭാഗം മജുംദാറിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. 1971ല്‍ സി.പി.ഐ. (എം.എല്‍) രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. 1972ല്‍ മജുംദാര്‍ അറസ്റ്റിലാകുകയും പിന്നീട് അലിപോര്‍ ജയിലില്‍ വെച്ച് മരിക്കുകയും ചെയ്തു. ഇത് പശ്ചിമ ബംഗാളിലെ നക്‌സലിസത്തിന് ഏതാണ്ട് അന്ത്യം കുറിച്ചെന്നുതന്നെ പറയാം.

എന്നാല്‍ നക്‌സലിസം യഥാര്‍ഥത്തില്‍ സംസ്ഥാനത്തിന് പുറത്തക്ക് പടരുകയാണ് ചെയ്തത്. നക്‌സലൈറ്റുകള്‍ വളരാനുള്ള മണ്ണായി ആന്ധ്രയെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ആന്ധ്രയിലെ വാറംഗല്‍ ജില്ല കേന്ദ്രീകരിച്ച് നക്‌സലിസം വളര്‍ന്നു. സ്വാതന്ത്ര്യാനന്തര ആന്ധ്ര തീവ്ര ഇടതുരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായി മാറിയെന്ന് മനസിലാക്കിയാണ് നക്‌സല്‍ നേതാക്കള്‍ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റിയത്. ഉയര്‍ന്ന ജാതിയിലുള്ളവരും വിദ്യാസമ്പന്നരുമാണ് നക്‌സലിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്ന പ്രത്യേകതയും ആന്ധ്രയിലെ നക്‌സല്‍ മുന്നേറ്റങ്ങള്‍ക്കുണ്ട്. പ്രമുഖ നേതാക്കന്‍മാരില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ഉയര്‍ന്ന സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. പതിയെ കര്‍ഷകര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കുമിടെ ശക്തമായ സാന്നിധ്യമാകാന്‍ നക്‌സലുകള്‍ക്ക് കഴിഞ്ഞു. ഡോ. ബിനായക് സെന്നിനെപ്പോലുള്ളവരുടെ സഹായവും നക്‌സലുകള്‍ക്ക് ലഭിച്ചതായി പറയപ്പെടുന്നു. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം സാധാരണക്കാര്‍ക്ക് നക്‌സലുകളുടെ സഹായം ലഭിച്ചു. ഇതിനിടെ ഭൂസമരങ്ങളുടെ ഭാഗമായി സായുധസമരങ്ങളും നടന്നു. അതോടെ അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി രാമ റാവു ഒരു നക്‌സല്‍വിരുദ്ധ സേന രൂപീകരിക്കുകയും വ്യാപകമായ നക്‌സല്‍വേട്ടകള്‍ നടത്തുകയും ചെയ്തു. ഈ നീക്കത്തില്‍ നിരവധി നക്‌സല്‍ നേതാക്കന്‍മാര്‍ കൊല്ലപ്പെട്ടു. ഇത് ആന്ധ്രയിലെ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറി.

ആന്ധ്രയില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായ കാലത്ത് അവിടെയുണ്ടായിരുന്ന മലയാളികളുടെ സാന്നിധ്യമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നക്‌സലുകളോട് താല്‍പര്യം പുലര്‍ത്തുന്നവരുടെ ആശുപത്രികളിലും മറ്റുമുള്ള ജീവനക്കാരില്‍ വലിയൊരു വിഭാഗവും മലയാളികളായിരുന്നു. ഫിലിം ഫെസ്റ്റിവലുകളിലും ബിനാലേകളിലുമൊക്കെ സജീവമായിക്കാണുന്ന ജിപ്‌സികളെപ്പോലുള്ള മലയാളികളാണ് ഇവരില്‍ ഭൂരിഭാഗവുമെന്നതാണ് വാസ്തവം. കേരളത്തില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച മാവോയിസ്റ്റ് വേട്ടയെക്കുറിച്ചാണ്. മലയാളി മനസുകളില്‍ എപ്പോഴും വിപ്ലവത്തോട് ഒരു താല്‍പര്യം കാണാം. അതുകൊണ്ടാകാം തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലേതായത്. മാവോയിസ്റ്റുകള്‍ക്കും നക്‌സലുകള്‍ക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുമ്പോഴും എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെടുന്ന ഇവരുടെ മനുഷ്യാവകാശത്തേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതും കേരളത്തിലാകാനും കാരണം വിപ്ലവത്തോടുള്ള അഭിനിവേശമാകാം.

Read More >>