എട്ടുവയസുകാരിയെ ആക്രമിച്ചുകൊന്ന പുലിയെ നാട്ടുകാര്‍ പെട്രോളൊഴിച്ച് കത്തിച്ചു

ഗുജറാത്തിലെ സൂറത്തിലെ ഉമര്‍പാദയിലുള്ള വാദി ഫാലിയ ഗ്രാമത്തിലാണ് സംഭവം. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ വീടിനു പുറത്തിറങ്ങിയ എട്ടു വയസ്സുകാരിയെ കൊന്ന പുലിയെ ആണ് നാട്ടുകാര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചുകൊന്നത്. ഈമാസം ഒന്നിനായിരുന്നു നികിത വാസവ എന്ന എട്ടുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയത്.

എട്ടുവയസുകാരിയെ ആക്രമിച്ചുകൊന്ന പുലിയെ നാട്ടുകാര്‍ പെട്രോളൊഴിച്ച് കത്തിച്ചു

സൂറത്ത്: എട്ടുവയസുകാരിയെ ആക്രമിച്ചുകൊന്ന പുലിയെ നാട്ടുകാര്‍ പെട്രോളൊഴിച്ചു ജീവനോടെ കത്തിച്ചു. ഗുജറാത്തിലെ സൂറത്തിലെ ഉമര്‍പാദയിലുള്ള വാദി ഫാലിയ ഗ്രാമത്തിലാണ് സംഭവം. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ വീടിനു പുറത്തിറങ്ങിയ എട്ടു വയസ്സുകാരിയെ കൊന്ന പുലിയെ ആണ് നാട്ടുകാര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചുകൊന്നത്. ഈമാസം ഒന്നിനായിരുന്നു നികിത വാസവ എന്ന എട്ടുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയത്.

നികിതയും രണ്ട് സുഹൃത്തുക്കളും പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാനായി സമീപമുള്ള തുറന്ന പറമ്പിലേക്ക് പോയപ്പോഴായിരുന്നു സംഭവം. പുലി നികിതയുടെ അരക്കെട്ടില്‍ പിടിച്ച് കാട്ടിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ ഗ്രാമവാസികളെ കണ്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഉള്‍വലിഞ്ഞു. എന്നാല്‍ അപ്പോഴേക്കും നികിത മരിച്ചിരുന്നു.


അപകടത്തെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥാപിച്ച കെണിയില്‍ പുലി വീണത് അറിഞ്ഞെത്തിയ നാട്ടുകാരാണ് ഇതിനെ കത്തിച്ചത്. വനംവകുപ്പ് അധികൃതര്‍ എത്തുംമുന്‍പേ കൂടിനു മുകളിലൂടെ പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നു. കൊലയാളി പുലിയുടെ കത്തിയെരിഞ്ഞ അവശിഷ്ടങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. വന്യമൃഗത്തെ കൊന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, മരിച്ച കുട്ടിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. പുലിയുടെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ ഉണ്ടാവുന്ന രണ്ടാമത്തെ പുലി ആക്രമണമാണിത്. നേരത്തെ ഒരു ആണ്‍കുട്ടിക്ക് പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

Read More >>