മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബിജെപി വിരുദ്ധ-വര്‍ഗീയ വിരുദ്ധ മുന്നണി രൂപം കൊള്ളുന്നു; കോണ്‍ഗ്രസും ആംആദ്മിയും പിന്തുണയ്ക്കും

മമതയുടെ പ്രസ്താവനയോട് പ്രതിപക്ഷ കക്ഷികളുടെ പ്രതികരണം അനുകൂലമായിരുന്നു. തുടര്‍ന്നാണ് ബിജെപി വിരുദ്ധ-വര്‍ഗീയ വിരുദ്ധ മുന്നണിയുടെ സൃഷ്ടിക്കായി മമതയുടെ നീക്കം വേഗത്തിലായതും. കോണ്‍ഗ്രസ് മമതയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ഇതിനുപിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബിജെപി വിരുദ്ധ-വര്‍ഗീയ വിരുദ്ധ മുന്നണി രൂപം കൊള്ളുന്നു; കോണ്‍ഗ്രസും ആംആദ്മിയും പിന്തുണയ്ക്കും

ബിജെപി വിരുദ്ധ-വര്‍ഗീയ വിരുദ്ധ മുന്നണി രൂപം കൊണ്ടേക്കുമെന്ന സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥയാണ് ഇന്ത്യയിലെന്ന മമതാബാനര്‍ജിയുടെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ്, ആംആദ്മി, സമാജ്‌വാദി പാർട്ടി, ജെഡിയു തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണ് ബിജെപി വിരുദ്ധ മുന്നണിയുടെ സൃഷ്ടിക്കായി മമതാ ബാനര്‍ജി ശ്രമങ്ങള്‍ ആരംഭിച്ചത്.

സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റും എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ചാനലുകളുടെ നിരോധനവും ചൂണ്ടിക്കാട്ടിയാണ് മമത കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഇത്തരത്തില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥയിലൂടെ രാജ്യം മുന്നോട്ടു പോകുമ്പോള്‍ അതിനു കാരണക്കാരായ ബി.ജെ.പി സര്‍ക്കാറിനെതിരെ യോജിച്ച നീക്കം ഇന്ത്യയില്‍ ഉണ്ടാകണമെന്നും മമത പറഞ്ഞിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വര്‍ഗ്ഗീയ വിരുദ്ധ മുന്നണിയുണ്ടാക്കണമെന്നും മമത സൂചിപ്പിച്ചിരുന്നു.


മമതയുടെ പ്രസ്താവനയോട് പ്രതിപക്ഷ കക്ഷികളുടെ പ്രതികരണം അനുകൂലമായിരുന്നു. തുടര്‍ന്നാണ് ബിജെപി വിരുദ്ധ-വര്‍ഗീയ വിരുദ്ധ മുന്നണിയുടെ സൃഷ്ടിക്കായി മമതയുടെ നീക്കം വേഗത്തിലായതും. കോണ്‍ഗ്രസ് മമതയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ഇതിനുപിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ രംഗത്തെത്തിയ മമതയെ പിന്തുണക്കാതിരിക്കാന്‍ കാരണങ്ങളില്ലെന്നും എന്നാല്‍ അവസാന തീരുമാനം ഹൈക്കമാന്‍ഡിന്റെതായിരിക്കുമെന്നും അദേഹം സൂചിപ്പിച്ചു.

ജെഡിയു ജനറല്‍ സെക്രട്ടറി കെസി ത്യാഗിയും മമതയുടെ നീക്കങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മതേതര മുന്നണി രൂപപ്പെടുകയാണെങ്കില്‍ മമതയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. രാജ്യത്തെ അവസ്ഥയെ സംബന്ധിച്ച് മമത പറഞ്ഞതെല്ലാം പൂര്‍ണ്ണമായും ശരിയാണ്. മമതയ്ക്ക് എല്ലാ പിന്തുണയും നല്‍കും- സമാജ്വാദി പാര്‍ട്ടി സെക്രട്ടറി അമര്‍ സിങ്ങും പറഞ്ഞു.

മമതയുടെ നീക്കങ്ങളോട് അനുകൂലമായി ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയത് മൂന്നാം മുന്നണി ശ്രമങ്ങള്‍ വേഗത്തിലാക്കുമെന്നാണ് കരുതുന്നത്. കെജ്‌രിവാളും ദീദിയും തമ്മില്‍ നല്ല ബന്ധമാളുള്ളതെന്നും മമതയുടെ നീങ്ങളെ സ്വാഗതം ചെയ്യുന്നതായും ആംആദ്മി പാര്‍ട്ടി വക്താവ് പറഞ്ഞു. എന്നാല്‍ മുന്നണിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും ആംആദ്മി നിലപാടെടുക്കുകയെന്നും വക്താവ് സൂചിപ്പിച്ചു.

Read More >>