മുട്ടാര്‍; പെരിയാറിനെ കൊന്നു തിന്നുന്നവരുടെ സൈഡ് ഡിഷ്

പെരിയാറിനെ കൊന്നു തിന്നുന്നവര്‍ മുട്ടാറിനെയും വെറുതെ വിടുന്നില്ല: കക്കൂസ് രാസ മാലിന്യത്താല്‍ ശ്വാസം മുട്ടി മുട്ടാര്‍ പുഴ മരിക്കുന്നു.

മുട്ടാര്‍; പെരിയാറിനെ കൊന്നു തിന്നുന്നവരുടെ സൈഡ് ഡിഷ്

കേരളത്തില്‍ ഒരു പുഴ കൂടി മരണത്തിലേയ്ക്ക്. പെരിയാറിന്റെ പ്രധാന കൈവരിയായ മുട്ടാറാണ് വിഷഭീഷണിയില്‍ രോഗാതുരമാകുന്നത്. ഇപ്പോള്‍ പെരിയാര്‍ ഒഴുകുന്നപോലെ തവിട്ടു നിറത്തിലാണു മുട്ടാര്‍ പുഴയിലെ നീരൊഴുക്കും. ചുവന്നും കറുത്തും ഇടയ്ക്കു നിറം മാറും. ആരും മൂക്കുപൊത്തി പോകുന്ന ദുര്‍ഗന്ധവും ഉണ്ടാകും. എലൂര്‍ കളമശേരി നഗരസഭകളിലൂടെ ഒഴുകുന്ന മുട്ടാര്‍ പുഴ മരണം കാത്തു കിടക്കുകയാണ്. കക്കൂസ്, രാസ മാലിന്യങ്ങള്‍ തള്ളിയും വള്ളിപ്പായലുകളാല്‍ ശ്വാസം മുട്ടിയും അറവു ശാലകളിലെ മാലിന്യങ്ങള്‍ എറിഞ്ഞും മുട്ടാര്‍ പുഴയെ കൊന്നിരിക്കുന്നു. ഏലൂര്‍, കളമശേരി, കൊച്ചി നഗരസഭകളിലെ ജനങ്ങള്‍ ജലസേചനത്തിനും കുടിവെള്ളത്തിനുമായി ആശ്രയിക്കുന്ന പുഴയ്ക്കാണ് ഈ ദാരുണാവസ്ഥ.


കുടിവെള്ളമില്ലാതെ ജനങ്ങള്‍ നരകയാതനയാണ് അനുഭവിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സൗജന്യമായി നല്‍കുന്ന വെള്ളത്തിനും ഈ നിറവും ഗന്ധവും തന്നെ. ഈ പ്രദേശങ്ങളില്‍ കിണര്‍ കുത്തിയാല്‍ പോലും ലഭിക്കുന്നതും ഈ തരത്തിലുളള വെള്ളമായിരിക്കും. മുട്ടാര്‍ പുഴയുടെ കൈവഴികളായ തോടുകളും രാസമാലിന്യത്താല്‍ മലിനമായിരിക്കുന്നു. ബ്രൗണ്‍ നിറത്തില്‍ തോടുകളിലൂടെ ഒഴുകുന്ന  വെള്ളത്തിന്റെ പ്രതലത്തില്‍ വെള്ള നിറത്തിലുളള ഒരു പാട തങ്ങി നില്‍ക്കുന്നതായും കാണാന്‍ സാധിക്കും.

ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്‌കരണം പ്രധാന വില്ലന്‍

WhatsApp Image 2016-10-12 at 1.05.02 PM

എറണാകുളം കളമശ്ശേരി നഗരസഭയുടെ മാലിന്യ നിക്ഷേപ യാര്‍ഡിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വര്‍ഷങ്ങളായി കളമശ്ശേരി നഗരസഭയ്ക്ക് കീഴില്‍ വരുന്ന പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ തള്ളുന്നത് ദേശീയപാതയുടെ തൊട്ടരികിലുള്ള ഈ ഡംപിങ് യാര്‍ഡിലാണ്. ഇതു മൂലം അസഹ്യമായ ദുര്‍ഗന്ധവും പരിസ്ഥിതി മലിനീകരണവുമാണ് പ്രദേശത്തുള്ളത്. ഡംപിങ് യാര്‍ഡിലെ മാലിന്യങ്ങളില്‍ നിന്നുള്ള മലിനജലം 10 മീറ്റര്‍ അകലെയുള്ള തൂമ്പുങ്കല്‍ തോട്ടിലേക്ക് ഒലിച്ചിറങ്ങി മുട്ടാര്‍ പുഴ മലിനമാകുന്നു. മുട്ടാര്‍ പുഴയില്‍ നിന്ന് വെള്ളമെടുക്കുന്ന പ്രദേശവാസികള്‍ക്ക് അസുഖങ്ങള്‍ പിടിപെടുന്നുവെന്ന പരാതി ഉയര്‍ന്നതോടെ പെരിയാര്‍ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

മാലിന്യവുമായി വന്ന വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകര്‍ ഡംപിങ് യാര്‍ഡ് താഴിട്ട് പൂട്ടിയിരുന്നു. ഈ പ്രദേശത്ത് നിന്ന് ഡംപിങ്ങ് യാര്‍ഡ് നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.

JANAKIYA MARCH
രാസവസ്തുക്കള്‍, രാസവളങ്ങള്‍, അപൂര്‍വ്വ ലോഹങ്ങള്‍, കീടനാശിനികള്‍, മുതലായവ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ ഏലൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയുമാണ് ഇവിടുത്തെ പല കമ്പനികളും. എച്ചഐഎല്‍, മെര്‍ക്കം തുടങ്ങിയ കമ്പനികള്‍ അപകടകരമായ മാലിന്യങ്ങള്‍ തുറന്നു വിടുന്നത് ഏലൂരിലുള്ള കുഴിക്കണ്ടം തോട്ടിലേയ്ക്കാണ്.

പെരിയാറിലേയ്ക്കും അതിന്റെ കൈവഴികളിലേയ്ക്കും പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സിഎംആര്‍എല്‍ കമ്പനി വേഗത്തില്‍ കട്ടപിടിക്കുന്ന രാസമാലിന്യം ഒഴുക്കിവിടുന്നതായി നാരദാ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയണ്‍ അടങ്ങിയ സെമോക്‌സ് എന്ന രാസവസ്തുവാണ് ഒഴുക്കി വിടുന്ന മാലിന്യത്തില്‍ ഉള്ളത്. എഫ്എസിറ്റി ( The Fertilisers and Chemicals Travancore Limited), എച്ച്‌ഐഎല്‍( Hindtsuan Insecticides Ltd) TCC (Travancore Cochin Chemicals), സ്വകാര്യ ആശുപത്രികള്‍, മാളുകള്‍ തുടങ്ങിയ വന്‍കിടക്കാരും മാലിന്യമൊഴുക്കുന്നത് മുട്ടാറിലേയ്ക്കും പെരിയാറിന്റെ മറ്റ് കൈവഴികളിലേയ്ക്കുമാണ്.

മുട്ടാര്‍ പുഴയിലെ മത്സ്യക്കുരുതി

പെരിയാറിലേയ്ക്ക് രാസമാലിന്യം കലര്‍ന്നതിന്റെ ഭാഗമായി മത്സ്യങ്ങള്‍ കൂട്ടമായി ചത്തൊടുങ്ങിയിരുന്നു. മുട്ടാര്‍ പുഴയിലെ മത്സ്യക്കുരുതിക്ക് കാരണം മലിനജലവും കക്കൂസ് മാലിന്യവും കലര്‍ന്നതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഏലൂര്‍ എടമുളമുതല്‍ മഞ്ഞുമ്മല്‍ ബ്രിഡ്ജിന്റെ ഭാഗങ്ങളിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തത്.

ആശുപത്രികളിലേക്കടക്കം പല സ്ഥാപനങ്ങളിലേക്കും കുടിവെള്ളമെടുക്കുന്നത് ഈ ഭാഗത്തുനിന്നാണ്. ഫാക്ടിന്റെ സെപ്റ്റിക് ടാങ്ക് പതിക്കുന്ന ഇലഞ്ഞിങ്കല്‍ തണ്ണീര്‍ത്തടവും എച്ച്ഐഎല്‍, അപ്പോളോ ടയേഴ്‌സ് തുടങ്ങിയ കമ്പനികളുടെ പമ്പ് ഹൗസുകളും കളമശ്ശേരി മാര്‍ക്കറ്റിലെ അഴുക്കുകള്‍ നേരിട്ട് വീഴുന്ന പുത്തലംകടവുപ്രദേശവും മുട്ടാര്‍പുഴയിലേയ്ക്കാണ് ചെന്നു ചേരുന്നത്.

സെപ്റ്റിക് മാലിന്യത്തിന്റെ കുത്തൊഴുക്കാണ് പുഴയെ ഇത്രമേല്‍ മലിനമാക്കിയതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് നാലിനുമുകളില്‍ ഉണ്ടായിരിക്കേണ്ടിടത്ത് പോയന്റ് ആറില്‍ താഴെയായിരുന്നെന്നാണ് പി.സി.ബി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

മുട്ടാറിനെ വിഴുങ്ങുന്ന വള്ളിപ്പായല്‍

മുട്ടാര്‍ പുഴ മാലിന്യത്തോടോപ്പം പായലും മൂടുന്നു. പുഴയുടെ ഒഴുക്കു തടയുന്ന അവസ്ഥയിലേയ്ക്ക് മേല്‍ത്തട്ട് പൂര്‍ണ്ണമായും വള്ളിപ്പായല്‍ വളര്‍ന്ന് നില്‍ക്കുകയാണ്. പുഴയുടെ ചെറിയൊരു ഭാഗമൊഴിച്ച് എല്ലായിടത്തും പോളപ്പായലും വള്ളിപ്പായലും മൂടിക്കഴിഞ്ഞു. മഴ മാറി ഒഴുക്കിന്റെ ശക്തി കുറയുന്നതോടെയാണ് വള്ളിപ്പായലുകള്‍ പുഴയെ കീഴടക്കിയത്. ഇടപ്പള്ളിത്തോട്ടില്‍ നിന്ന് മുട്ടാര്‍ പുഴയിലേക്ക് കറുത്ത ചെളിയൊഴുകുന്നതും പുഴയെ മലിനമാക്കുന്നുണ്ട്.

പുഴയില്‍ പായല്‍ പടരുന്നത് മത്സ്യത്തൊഴിലാളിളുടെ ജീവിതത്തേയും ബാധിക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് പായല്‍ മൂടി പുഴയുടെ ഒഴുക്ക് നഷ്ടമായതിനെത്തുടര്‍ന്ന്, പെട്ടെന്നുണ്ടായ പേമാരിയില്‍ പുഴ കരകവിഞ്ഞ് ഒഴുകുകയും ഒരു വീടുതന്നെ ഒലിച്ചുപോകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് അന്ന് പുഴയിലെ പായല്‍ നീക്കിയിരുന്നു. എന്നാല്‍ അതിനു ശേഷം പിന്നെ പുഴ ശുചീകരണം ഉണ്ടായിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പലവട്ടം സാമ്പിളുകള്‍ ശേഖരിച്ചുപോയതല്ലാതെ നടപടി ഉണ്ടായില്ല.

[caption id="attachment_51052" align="aligncenter" width="596"]WhatsApp Image 2016-10-18 at 6.55.37 PM
കുഴിക്കണ്ടം തോടിലൂടെ ഒഴുകുന്ന രാസമാലിന്യം[/caption]

കുടിവെള്ള സ്രോതസുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കേസടുക്കണം

കുടിവെള്ള സ്രോതസ് മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍ പറയുന്നു. വന്‍കിടക്കാര്‍ മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നതിനാല്‍ ഭരണകൂടം നടപടികള്‍ എടുക്കാന്‍ മടിക്കുന്നു.  ഇത്രയും വലിയ ക്രിമിനല്‍ കുറ്റം നടന്നിട്ടും
മലിനീകരണ നിയന്ത്രണ ബോര്‍ഡോ ഏതെങ്കിലും തദ്ദേശ ഭരണ സ്ഥാപനമോ ഏതെങ്കിലും ഒരു ഏജന്‍സിയോ ഒരു കമ്പനിക്കെതിരെയും ഒരു നടപടിയും എടുത്തിട്ടില്ലെന്നുള്ളത് ഇതിന്റെ തെളിവാണെന്നും സിആര്‍ നീലകണ്ഠന്‍ പറഞ്ഞു.

എലൂരിലെ മണ്ണും വായുവും ജലവും മലിനപ്പെട്ടിട്ടും ഒരു പ്രദേശം മുഴുവന്‍ നിത്യരോഗികളായിട്ടും വന്‍കിടക്കാര്‍ക്കു മുന്നില്‍ കൈതൊഴുതു നില്‍ക്കുന്ന അധികൃതര്‍ പുഴയിലും ജലാശയത്തിലും വിഷം കലക്കാന്‍ കൂട്ടു നില്‍ക്കുകയാണെന്ന് പെരിയാര്‍ സംരക്ഷണ സമിതി നേതാവ് പുരുഷന്‍ ഏലൂര്‍ പറഞ്ഞു.

Read More >>