സംഗീത പ്രതിഭ ബാലമുരളീകൃഷ്ണ അന്തരിച്ചു

കവി സംഗീത സംവിധായകന്‍ എന്നീ നിലയിലും ശ്രദ്ധേയനായ അദ്ദേഹം ദക്ഷിണേന്ത്യന്‍ സംഗീതത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് നല്‍കിയത്.

സംഗീത പ്രതിഭ ബാലമുരളീകൃഷ്ണ അന്തരിച്ചു

ചെന്നൈ: വിഖ്യാത കര്‍ണാട്ടിക് സംഗീതജ്ഞന്‍ ഡോ എം ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി വിശ്രമത്തിലായിരുന്നു. കവി സംഗീത സംവിധായകന്‍ എന്നീ നിലയിലും ശ്രദ്ധേയനായ അദ്ദേഹം ദക്ഷിണേന്ത്യന്‍ സംഗീതത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് നല്‍കിയത്.

അദ്ദേഹത്തിന്റെ സംഗീത സംഭാവനയ്ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് നേടിയ ഏക കര്‍ണാട്ടിക് സംഗീതജ്ഞനും അദ്ദേഹമാണ്. 2012ല്‍ കേരളം സ്വാതിസംഗീത പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.


ആന്ധ്രയിലെ ശങ്കരഗുപ്തം ഗ്രാമത്തിലാണ് 1930 ജൂലൈ ആറിന്‌ മംഗലപള്ളി മുരളീകൃഷ്ണയുടെ ജനനം. പിന്നീട് സംഗീത ലോകമാണ് അദ്ദേഹത്തെ ബാലമുരളീകൃഷ്ണ എന്നുവിശേഷിപ്പിച്ചത്. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അച്ഛനില്‍നിന്നാണ് ബാലമുരളീകൃഷ്ണ സ്വായത്തമാക്കിയത്.

ആറാം വയസ് മുതല്‍ കച്ചേരികള്‍ നടത്താന്‍ ആരംഭിച്ച അദ്ദേഹം വയലിന്‍, മൃദംഗം, ഗഞ്ചിറ, പുല്ലാംകുഴല്‍, വീണ എന്നിവ അദ്ദേഹം അനായാസം ഉപയോഗിച്ചിരുന്നു. നാനാ ഭാഷകളിലായി 400 കൃതികള്‍, ഇന്ത്യയ്ക്ക് പുറത്ത് 25000 സംഗീത കച്ചേരികള്‍ എന്നിവയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Read More >>