ഫോർലാന്റെ ഹാട്രിക്കിൽ അഞ്ചടിച്ചു മുംബൈ; കേരളത്തിനു വമ്പൻ തോൽവി

ജയത്തോടെ 19 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്നാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് നാലം സ്ഥാനത്തെത്തി.

ഫോർലാന്റെ ഹാട്രിക്കിൽ അഞ്ചടിച്ചു മുംബൈ; കേരളത്തിനു വമ്പൻ തോൽവി

മുംബൈ: ഉറുഗ്വെൻ ഇതിഹാസം ഡീഗോ ഫോർലാന്റെ ഹാട്രിക്കിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വമ്പൻ തോൽവി. മുംബൈ സിറ്റി എഫ്.സിയുടെ ഹോം ഗ്രൗണ്ടിൽ ഫോർലാന്റെ ഹാട്രിക് ഉൾപ്പെടെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ പരാജയം. ഡീഗോ ഫോർലാനെ കൂടാതെ കഫു, ലൂസിയാൻ ഗോയിൻ എന്നിവരും മുംബൈക്കായി കേരളത്തിന്റെ ഗോൾവല ചലിപ്പിച്ചു.
ജയത്തോടെ 19 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്നാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ്  നാലം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിന് 15 പോയിന്റാണുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ തോൽവികളിലൊന്നായിരുന്നു മുംബൈയ്‌ക്കെതിരെ പിറന്നത്. ഐ.എസ്.എൽ മൂന്നാം സീസണിൽ ഒരു ടീമിന്റെ ഏറ്റവും വലിയ പരാജയം കൂടിയാണിത്.

5, 14, 63, 69, 73 മിനുറ്റുകളിലാണ് മുംബൈയുടെ ഗോളുകൾ പിറന്നത്. 5, 14, 63 മിനിറ്റുകളിലാണ് ഫോർലാൻ ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആദ്യ മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ കാഡിയോയുടെ തകർപ്പനൊരു ഷോട്ട് മുംബൈ പോസ്റ്റിനരികിലൂടെ പറന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിലെ ഏക കുതിപ്പ്. പിന്നീടായിരുന്നു ഫോർലാൻ വിശ്വരൂപം പുറത്തെടുത്തത്.
അഞ്ചാം മിനുറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വല ഫോർലാൻ കുലുക്കി. ഡെഫെഡറിക്കോ ചിപ്പ് ചെയ്തു നൽകിയ പന്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയെ നിഷ്പ്രഭരാക്കി ഫോർലാൻ ഗോളാക്കുകയായിരുന്നു. 14-ആം മിനുറ്റിൽ രണ്ടാമത്തെ ഗോളും പിറന്നു. മനോഹരമായ ഫ്രീകിക്കിലൂടെയായിരുന്നു കേരളത്തിനെതിരെ ഫോർലാന്റെ രണ്ടാം ഗോൾ. പിന്നീട് 63-ആം മിനുറ്റിൽ മൂന്നാമതും കേരളത്തിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ച ഫോർലാൻ മൂന്നാം സീസണിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കി. 67-ആം മിനുറ്റിൽ ഫോർലാനെ കോച്ച് തിരിച്ചു വിളിച്ചിരുന്നു. 69-ആം മിനുറ്റിൽ കഫു ആണ് മുംബൈക്കായി നാലാം ഗോൾ നേടിയത്. തൊട്ടുപിറകെ 73-ആം മിനുറ്റിൽ ലൂസിയാൻ ഗോയൻ അഞ്ചാം ഗോളും നേടി.
മത്സരത്തിലേക്ക് തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായില്ല. ഏറ്റവും മികച്ചതെന്നു വിലയിരുത്തപ്പെട്ട ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര മത്സരത്തിൽ അമ്പേ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ താരമായിരുന്ന സി.കെ. വിനീതിനും മഞ്ഞപ്പടയ്ക്ക് വേണ്ടി യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അവസാന നിമിഷം ഒരു ഗോളെങ്കിലും നേടാൻ ബ്ലാസ്റ്റേഴ്‌സ് പൊരുതി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

Read More >>