ഗോളിയുടെ പിഴവിൽ നോർത്ത് ഈസ്റ്റിന് പണി കിട്ടി; മുംബൈക്ക് ജയം

ഒൻപത് മത്സരങ്ങളിൽ നിന്ന് നാലു ജയവും മൂന്നു സമനിലയും രണ്ടു തോൽവിയുമായി 15 പോയിന്റാണ് മുംബൈക്ക്. രണ്ടാം സ്ഥാനത്തുള്ള ഡൽഹിക്ക് എട്ടു മൽസരങ്ങളിൽ നിന്നു 13 പോയിന്റാണുള്ളത്. എട്ടു മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണ് നോർത്ത് ഈസ്റ്റിന്റെ സമ്പാദ്യം.

ഗോളിയുടെ പിഴവിൽ നോർത്ത് ഈസ്റ്റിന് പണി കിട്ടി; മുംബൈക്ക് ജയം

ഗുവാഹത്തി : ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈയും നോർത്ത് ഈസ്റ്റും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈക്ക് ജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനത്തെത്തി. നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണ്.
45-ആം മിനുറ്റിൽ നോർത്ത് ഈസ്റ്റിന്റെ ഗോളി ലിമയുടെ പിഴവ് മുതലാക്കി ജാക്കിചന്ത് സിംഗ് നേടിയ ഗോളാണ് 15 പോയിന്റുമായി മുംബൈയെ മുന്നിലെത്തിച്ചത്. നോർത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ തന്നെ മുംബൈ മാർക്വീതാരം ഫോർലാന്റെ നേതൃത്വത്തിൽ ആക്രമണം തുടങ്ങി.

ആദ്യ പകുതിക്ക് തൊട്ടു മുൻപ് നോർത്ത് ഈസ്റ്റ് ഗോളി ലിമ എളുപ്പത്തിൽ ക്ലിയർ ചെയ്യാമായിരുന്ന പന്ത് അലക്ഷ്യമായി കൈകാര്യം ചെയ്ത് ഗോളിന് വഴിയൊരുക്കുകയായിരുന്നു. സോണി നോർദേയുടെ അസിസ്റ്റിൽ ജാക്കിചന്ത് സിങാണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. പരിക്കേറ്റ സുബ്രതോ പോളിന് പകരം ഇറങ്ങിയ ലിമയുടെ ഈ അശ്രദ്ധയ്ക്ക് നോർത്ത് ഈസ്റ്റ് കനത്ത വിലകൊടുക്കേണ്ടിവന്നു.
തുടർന്ന് സ്വന്തം കാണികൾക്കു മുന്നിൽ സമനിലയ്ക്കായി നോർത്ത് ഈസ്റ്റ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. പലപ്പോഴും മത്സരം കൈയാങ്കളിയിലേക്ക് വഴുതുകയും ചെയ്തു. 50-ആം മിനുറ്റിൽ പരസ്പരം ഏറ്റുമുട്ടിയ മുംബൈയുടെ സെന റാൾട്ടെയ്ക്കും നോർത്ത് ഈസ്റ്റിന്റെ കാട്ട് സുമിക്കും സൊക്കോറയ്ക്കും റഫറി മഞ്ഞ കാർഡ് കാണിച്ചു. നോർത്ത് ഈസ്റ്റിന്റെ പല മുന്നേറ്റങ്ങളും മുംബൈ ഗോളി അൽബിനോ ഗോമസ് മനോഹരമായി രക്ഷപ്പെടുത്തിയതോടെ ആതിഥേയർക്ക് തോൽവി പിണയുകയായിരുന്നു.

Read More >>