മുജാഹിദ് വിഭാഗങ്ങള്‍ ഒരു കുടക്കീഴിലേയ്ക്ക്? ചര്‍ച്ചകള്‍ തുടരുന്നതായി ഹുസൈന്‍ മടവൂര്‍

ഏകീകൃത സവില്‍കോഡ്, കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടികളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്ലിം സംഘടനകള്‍ ഒരുമിച്ചു നീങ്ങാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ഇരു മുജാഹിദ് വിഭാഗങ്ങളും ഐക്യത്തിന്റെ കാഹളം മുഴക്കുന്നത്

മുജാഹിദ് വിഭാഗങ്ങള്‍ ഒരു കുടക്കീഴിലേയ്ക്ക്? ചര്‍ച്ചകള്‍ തുടരുന്നതായി ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: ഒന്നരപ്പതിറ്റാണ്ടു കാലത്തെ ആശയ സംഘര്‍ഷത്തിനു വിരാമമിട്ട് മുജാഹിദ് വിഭാഗങ്ങള്‍ ഒന്നിക്കാനുള്ള നീക്കത്തിന് വഴിതെളിയുന്നു. ഏകീകൃത സവില്‍കോഡ്, കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടികളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്ലിം സംഘടനകള്‍ ഒരുമിച്ചു നീങ്ങാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ഇരു മുജാഹിദ് വിഭാഗങ്ങളും ഐക്യത്തിന്റെ കാഹളം മുഴക്കുന്നത്. സംഘടനയ്ക്കകത്തു രൂപപ്പെട്ട ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് 2002ല്‍ കേരള നദ് വത്തുല്‍ മുജാഹിദീന്‍ പിളര്‍ന്നത്. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ സംഘടന വിട്ടവര്‍ക്കൊപ്പം മുജാഹിദ് യുവജന വിഭാഗമായ ഐഎസ്എമ്മിലെ (ഇത്തിഹാദു ശുബാനുല്‍ മുജാഹിദിന്‍) ഭൂരിഭാഗം അംഗങ്ങളും ഉണ്ടായിരുന്നു.


ഇതേത്തുടര്‍ന്ന് ഐഎസ്എം സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി കെഎന്‍എം നേതൃത്വം പിരിച്ചു വിട്ടിരുന്നു. ഇവര്‍ ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് എവി അബ്ദുറഹിമാന്‍ ഹാജി പ്രസിഡന്റും ഹുസൈന്‍ മടവൂര്‍ ജന. സെക്രട്ടറിയുമായി സമാന്തര കെ.എന്‍.എം കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് ലയന ചര്‍ച്ചകള്‍ നടക്കുന്നതിനൊപ്പം തന്നെ പരസ്പരം ചെളിവാരി എറിയുന്നതിലും ഇരു വിഭാഗങ്ങളും ഒപ്പത്തിനൊപ്പം മത്സരിക്കുകയായിരുന്നു. എന്നാലിപ്പോള്‍ അടുത്തകാലത്തായി ഇരുവിഭാഗങ്ങളും പരസ്പരം കുറ്റപ്പെടുത്തല്‍ ഒഴിവാക്കിക്കൊണ്ടാണ് പൊതുവേദികളിലുള്‍പ്പെടെ സംസാരിക്കുന്നത്.

ടി പി അബ്ദുള്ളകോയ മദനി നേതൃത്വം നല്‍കുന്ന കെഎന്‍എം (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍) ഔദ്യോഗിക വിഭാഗവും സി പി ഉമര്‍ സുല്ലമി നേതൃത്വം നല്‍കുന്ന കെഎന്‍എം വിഭാഗവുമാണ് ഒന്നിക്കാന്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. പിളര്‍പ്പുണ്ടായതു മുതല്‍ ഐക്യപ്പെടാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നെന്നും ഇപ്പോഴും അതു ശക്തമായി തുടരുന്നതായും ഹുസൈന്‍ മടവൂര്‍ നാരദ ന്യൂസിനോട് പറഞ്ഞു. അതേസമയം മുസ്ലിംലീഗിന്റെ സമ്മര്‍ദം മൂലമാണെന്നുള്ള തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇരുവിഭാഗങ്ങളുടെയും നേതാക്കള്‍ കൂടിയാലോചിച്ചാണ് തീരുമാനം കൈക്കൊള്ളുകയെന്നും അദേഹം പറഞ്ഞു.

ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ആശയസംഘട്ടനം രൂക്ഷമായി നടക്കുന്ന കാലങ്ങളില്‍ത്തന്നെ ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയും ഉയര്‍ന്നുവന്നിരുന്നു. 2014ല്‍ ഇരുകൂട്ടരും ഒന്നിക്കാനുള്ള തീരുമാനം ഏറെക്കുറെ അടുത്തുവന്നെങ്കിലും ചില നേതാക്കളുടെ പിടിവാശിയും വിട്ടുവീഴ്ച്ചയില്ലായ്മയും കാരണം നടക്കാതെ പോവുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ കോടികളുടെ ആസ്തിയാണ് 2002ലെ പിളര്‍പ്പോടെ വിഭജിക്കേണ്ടി വന്നത്. ഒരുമിച്ച് പോകാനുള്ള തീരുമാനത്തിലെത്തിയാല്‍ത്തന്നെ സ്ഥാപനങ്ങളുടെയും സംഘടനയിലെ സ്ഥാനമാനങ്ങളുടെയും ചര്‍ച്ചകള്‍ വഴിമുട്ടാതെ എങ്ങനെ കൊണ്ടുപോകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആലോചിക്കുന്നത്. 2014ലെ ഫറോക്ക് സമ്മേളനത്തോടെ വിഘടിച്ച് നില്‍ക്കുന്നവരെയും കൂടെ കൂട്ടണമെന്നാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം. വിഘടിച്ചുനില്‍ക്കുന്നവര്‍ വേറെ സംഘടനയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

Read More >>