മുജാഹിദ് ലയന സംഗമം ഡിസംബര്‍ 20ന് കോഴിക്കോട്; പദവികളെയും സ്വത്തുകളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള പോരാട്ടം നയിക്കുന്നത് മുസ്ലിംലീഗാണ്. ഈ സന്ദര്‍ഭത്തില്‍ എല്ലാ സംഘടനകളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്തിയാല്‍ ഭാവിയില്‍ ഇതു ഗുണം ചെയ്യുമെന്നു ലീഗിനറിയാം. ഇതു തന്നെയാണ് മുജാഹിദ് ലയന വിഷയത്തില്‍ കെപിഎ മജീദും ഇ ടി മുഹമദ് ബഷീറും ഉള്‍പ്പെടെയുള്ളയവര്‍ ഉറക്കമിളച്ചു ചര്‍ച്ചയ്ക്കിറങ്ങാനുള്ള കാരണവും.

മുജാഹിദ് ലയന സംഗമം ഡിസംബര്‍ 20ന് കോഴിക്കോട്; പദവികളെയും സ്വത്തുകളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

കോഴിക്കോട്: അധികാരത്തര്‍ക്കത്തെച്ചൊല്ലി 2002ല്‍ പിളര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഒടുവില്‍ ലയിക്കാന്‍ ധാരണയായി. ഡിസംബര്‍ 20ന് കോഴിക്കോട് ബീച്ചില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഇരു വിഭാഗങ്ങളും ലയിക്കും. ടി പി അബ്ദുള്ള കോയ മദനി നേതൃത്വം നല്‍കുന്ന കെഎന്‍എം (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍) ഔദ്യോഗിക വിഭാഗവും സി പി ഉമര്‍ സുല്ലമി നേതൃത്വം നല്‍കുന്ന കെ എന്‍ എം വിഭാഗവുമാണ് ഒന്നിക്കാന്‍ ധാരണയായത്.

ഒന്നരപ്പതിറ്റാണ്ടിനിടെ സാമ്പത്തിക വളര്‍ച്ചയുണ്ടായ ഇരുവിഭാഗങ്ങളിലും സ്ഥാപനങ്ങളും പദവികളും വീതം വെയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണിപ്പോള്‍ പുരോഗമിക്കുന്നത്. ചര്‍ച്ചകള്‍ തുടരുന്നതായി ഹുസൈന്‍ മടവൂര്‍ വിഭാഗം നേതാവ് നാരദാ ന്യൂസിനോട് പറഞ്ഞു. പിളര്‍പ്പിനു ശേഷം പരസ്പരം ചെളിവാരിയെറിയുന്നതില്‍ ഇരുകൂട്ടരും മത്സരിക്കുകയായിരുന്നു. പൊതുവേദികളിലെല്ലാം എതിര്‍ വിഭാഗത്തെ ഇകഴ്ത്തിയും നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്തുമായിരുന്നു പ്രസംഗം. എന്നാല്‍ ഈ അടുത്ത കാലത്തായി അതില്‍ മാറ്റം വന്നിരുന്നു.

മുസ്ലിംലീഗ് മുന്‍കൈയെടുത്താണ് മുജാഹിദ് ഇരുവിഭാഗങ്ങളെയും ഒരേ കുടക്കീഴിലാക്കുന്നതെന്നാണ് വിവരം. ഏകീകൃക സിവില്‍കോഡ്, മുത്തലാഖ് വിഷയങ്ങളില്‍ മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോള്‍ കാന്തപുരം വിഭാഗം മാത്രമായിരുന്നു വിട്ടുനിന്നത്. പിളര്‍ന്നതു മുതല്‍ ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നെന്ന് മുജാഹിദ് നേതാക്കള്‍ ഭംഗിവാക്ക് പറയുന്നതിനപ്പുറം ഇപ്പോഴത്തെ ലയനത്തിന് മുന്‍കൈയെടുത്തത് മുസ്ലിംലീഗ് തന്നെയാണ്.

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള പോരാട്ടം നയിക്കുന്നത് മുസ്ലിംലീഗാണ്. ഈ സന്ദര്‍ഭത്തില്‍ എല്ലാ സംഘടനകളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്തിയാല്‍ ഭാവിയില്‍ ഇതു ഗുണം ചെയ്യുമെന്നു ലീഗിനറിയാം. ഇതു തന്നെയാണ് മുജാഹിദ് ലയന വിഷയത്തില്‍ കെപിഎ മജീദും ഇ ടി മുഹമദ് ബഷീറും ഉള്‍പ്പെടെയുള്ളയവര്‍ ഉറക്കമിളച്ചു ചര്‍ച്ചയ്ക്കിറങ്ങാനുള്ള കാരണവും.

2014ല്‍ ഇരുകൂട്ടരും ഒന്നിക്കാനുള്ള തീരുമാനം ഏറെക്കുറെ അടുത്തുവന്നെങ്കിലും ചില നേതാക്കളുടെ പിടിവാശിയും വിട്ടുവീഴ്ച്ചയില്ലായ്മയും കാരണം നടക്കാതെ പോയപ്പോള്‍ അന്നും പൊളിഞ്ഞത്  ലീഗിന്റെ നീക്കങ്ങള്‍ത്തന്നെയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ കോടികളുടെ ആസ്തിയാണ് 2002ലെ പിളര്‍പ്പോടെ വിഭജിക്കേണ്ടി വന്നത്. അതെല്ലാം കൂട്ടിയോജിപ്പിക്കുന്നതിനൊപ്പം പദവികളെച്ചൊല്ലിയുള്ള ചര്‍ച്ചകളാണിപ്പോള്‍ നടക്കുന്നത്. എല്ലാ കാര്യങ്ങളിലും ധാരണയായിട്ടുണ്ടെന്നും ഡിസംബര്‍ അഞ്ചിനു ലയനകാര്യങ്ങള്‍ വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിടുമെന്നും കെഎന്‍എം നേതാവ് ടി പി അബ്ദുള്ള കോയ മദനി നാരദാ ന്യൂസിനോട് പറഞ്ഞു.

Read More >>