"എന്റെ മോനോട് ചെയ്തത് വേറാരോടും ചെയ്യരുതെന്ന് പറയണേ ദൈവമേ..."

കുണ്ടറയിലെ കുഞ്ഞുമോന്‍ ദളിതനാണ്. അയാള്‍ കൊല്ലപ്പെട്ടിരിക്കുന്നു. പെറ്റിക്കേസിന്റെ പേരില്‍ രാത്രി വീട്ടില്‍ കയറി പോലീസ് പിടിച്ചു കൊണ്ടുപോയതാണ്. കുഞ്ഞുമോന്റെ അമ്മയെ കാണാന്‍ 'നാരദ' പോകുന്നു. കതകില്‍ പോലീസ് കൊട്ട് കേട്ടതു മുതലുള്ളത് അമ്മ, ചെല്ലമ്മ പറയുന്നു:

"എന്റെ മോനോട് ചെയ്തത് വേറാരോടും ചെയ്യരുതെന്ന് പറയണേ ദൈവമേ..."

എന്റെ മോനോട് ചെയ്ത് വേറാരോടും ചെയ്യരുതെന്ന് പറയണേ ദൈവമേ... എന്റെ കുഞ്ഞുമോനേ... അച്ഛനും മോനും കൂടി ഒന്നിച്ചിരിക്കുവാണ് ദൈവമേ- ചെല്ലമ്മയുടെ കരച്ചില്‍ കേള്‍ക്കുന്നില്ലേ... ജീവിതത്തില്‍ ആദ്യമായി ഒരു പെറ്റിക്കേസില്‍ പെട്ട കുഞ്ഞുമോന്റെ അമ്മ. മദ്യപിച്ച് സ്‌കൂട്ടര്‍ ഓടിച്ച കേസ് വാറന്റായി. രാത്രി വീട്ടില്‍ വന്ന് കുഞ്ഞുമോനെ പോലീസുകാര്‍ പിടിച്ചു കൊണ്ടു പോയി. 'നാരദ' ആ അമ്മയെ തിരക്കി കൊല്ലം കുണ്ടറയിലെ തൊണ്ടിറക്ക്മുക്കിലെ വീട്ടിലെത്തി. സര്‍ക്കാര്‍ ദളിതനു നല്‍കുന്ന പരിതാപകരമായ രണ്ടു മുറു വീട്. മേസ്തരിപ്പണി ചെയ്ത് ഈ അമ്മയെ പോറ്റിയിരുന്നത് കുഞ്ഞുമോനാണ്. സിപിഐ അനുഭാവി. ബ്രദേഴ്‌സ് എന്ന ക്ലബില്‍ അംഗം. ജോലി ചെയ്യുകയും കൂട്ടുകാരോടൊപ്പം കൂടുകയും അമ്മ ഒറ്റയ്ക്കായതിനാല്‍ വൈകാതെ വീട്ടിലെത്തി ഉറങ്ങുകയും ചെയ്യുന്ന യുവാവ്. അമ്മ പൊതിഞ്ഞു കൊടുക്കുന്ന ചോറും കൊണ്ട് പണിക്കു പോകും. വൃത്തിയായി തുടച്ച ആക്ടിവ വീടിനുള്ളില്‍ ഇരിപ്പുണ്ടായിരുന്നു. രാവിലെ പണിക്കു പോകാന്‍ എല്ലാം തയ്യാറാക്കി ഉറങ്ങാന്‍ കിടന്നതാണ്. പക്ഷെ, ആ രാത്രി അമ്മയും മകനും ഉറങ്ങുന്ന വീടിന്റെ കതകില്‍ പോലീസ് മുട്ടി. ഒരു ദളിതന്റെ കതകില്‍ മുട്ടുമ്പോള്‍ ഉണ്ടാകുന്ന ധാര്‍ഷ്ട്യത്തിന്റെ, തുറന്നില്ലെങ്കില്‍ വാതില്‍ ചവിട്ടിപ്പൊളിക്കുമെടാ എന്ന ഭീഷണിയുള്ള കൊട്ട്.


kunjumon

എപ്പോഴാണ് അമ്മേ പോലീസുകാര്‍ വന്നത്?

രാത്രി കതകില്‍ തട്ടി (പോലീസുകാര്‍) കുഞ്ഞു മോനേ, കുഞ്ഞുമോനെ എന്ന് വിളിച്ച്, അന്നേരം (അകത്ത് കിടന്നുറങ്ങുന്ന) എന്‍െ മോന്‍ പറഞ്ഞു, അമ്മാ കതകുതൊറ അമ്മാ എന്ന്. ഞാനന്നേരം ആ കതകിന്റെ അടുത്ത് നിക്കുവാ, തുറന്നില്ല. അമ്മാ കതക് തൊറ എന്ന് ഒറച്ച് വിളിച്ച്. അന്നേരം ഞാനിഞ്ഞനെ നോക്കിയപ്പോ ഇങ്ങിനെ ഒരാളിങ്ങനെ അവിടെ നിക്കുന്നു, അവിടുന്ന് ലൈറ്റടിച്ചു. മോന്‍ ഇവിടെ കിടക്കുയല്യോ.. അതിന്റെടക്കൂടെ വെട്ടം കണ്ടപ്പോ, അവര് പറഞ്ഞു, പൊതച്ച് കിടന്നുറങ്ങുന്ന്. അപ്പഴേ എനിക്ക് മനസിലായില്ല, എന്തുവാരിക്കും പെറ്റിക്കേസാണെന്നൊന്നും എനിക്കറിയാന്‍ വയ്യല്ലോ,രാത്രി എത്രയായി സമയം?

ഒരു മണിയായി, മോനങ്ങ് എനീച്ച്, കതകുതൊറന്ന് കൊടുത്തു, സാറങ്ങ് (`ഒരു പോലീസുകാരന്‍) കേറി വന്നു. ഞാന്‍ ചോദിച്ചു, എന്തുവാ സാറേ... ഒരാളെ ഇവിടെ കേറിയുള്ളു, ഒരാളവിടെ പുറത്ത് നിക്കുന്നു. കേറി വന്നപ്പോ ഞാന്‍ചോദിച്ചു എന്തുവാ സാറേ, അതേ മോനൊരു വാറന്റുണ്ട്. അന്നേരം മോന്‍ പറഞ്ഞു, സാറെ അത് ഞാന്‍ അറിഞ്ഞതാ, അതുകൊണ്ട് നാളെ രാവിലെ വരാം, എന്റെ അമ്മ ഒറ്റയ്‌ക്കെ ഉള്ളു. വേറെ ആരുമില്ല, അമ്മയ്ക്ക് നല്ല സുഖമില്ല. അന്നരം (പോലീസുകാരന്‍) പറഞ്ഞ് അതൊക്കത്തില്ല, ഇപ്പം തന്നെ വരണമെന്ന്. ഞാന്‍ പറഞ്ഞു സാറെ രാവിലെ ഞാന്‍ കൊണ്ടുവരാം. അല്ലെങ്കില്‍ ഇവിടെയുള്ള അയലത്തുകാരെ ആരെയെങ്കിലും ഏപ്പിച്ചിട്ട് പോക്, അവരുമായിട്ടങ്ങ് കൊണ്ടുവരാം. അന്നേരം പറഞ്ഞു, അമ്മ രാവിലെ ഒരു മൂവായിരം രൂപ കൊണ്ടു വരാമെങ്കില്‍ അമ്മയുടെ മോനെ എട്ടുമണിയാകുമ്പോ അമ്മേടെ കൂടെ തന്നെ വിടാം. ഞാന്‍ പറഞ്ഞ് സാറെ കൊണ്ടു പോവല്ലേ. അന്നേരം ഞാന്‍ പിന്നെ അവിടുത്തെ ചെറുക്കനെ വിളിച്ചു. ഷാജിയെ എന്ന് വിളിച്ചു, ഷാജി എറങ്ങി ഇവിടെ വന്നു. ഒടനെ എന്റെ മോനേം വിളിച്ച് അവരങ്ങ് പോയി. ഞാനങ്ങ് വരെ കരഞ്ഞോണ്ടു പുറകെ പോയി. തള്ളേ എങ്ങോട്ട് പോണ്, ന്നേരം ഞാന്‍ അങ്ങ് മൂലെ വരെ ചെന്നപ്പോ ആളുകള് നിരന്ന് അങ്ങ് നിക്കുന്ന്. രണ്ട് പൊലീസുകാര് മാത്രമെ വന്നൊള്ളു, ബാക്കിയൊള്ളോരെല്ലാം അങ്ങ് നിരന്ന് നിക്കുവാ വണ്ടിടെ അടുത്ത്.

എന്നിട്ട് രാവിലെ പൈസയുമായി പോയോ?


അങ്ങനെ കൊണ്ടുപോയി രാവിലെ എട്ടുമണിയായപ്പോ, അന്നേരം എല്ലാരും പറഞ്ഞു, ഞാന്‍ ഒറ്റയ്ക്ക് പോയാ മതിയല്ലോ പെറ്റിക്കേസല്ലേ, അടിക്കത്തും ഇടിക്കത്തുമൊന്നുമില്ലല്ലോ. ഞാനങ്ങട് നെലവിളിച്ച് അപ്പോ എല്ലാരും പറഞ്ഞ് പെറ്റിക്കേസാണെല്‍ അടിക്കത്തില്ല. ഞാന്‍ പൈസയുമായി രാവിലെ ചെന്നപ്പോ, കുഞ്ഞുമോനെ, ദാ വന്ന്. ഞാന് അടുത്തു ചെന്ന് ചോദിച്ചു, സാറ് പറഞ്ഞില്ലേ പൈസ തന്നാ എറക്കാമെന്ന്. എട്ടുമണിക്ക് അമ്മ വന്നാ അമ്മേടെ മോനെ എറക്കാമെന്ന് ഇപ്പോ എട്ടുമണിക്ക് വന്നപ്പോ സാറ് പറയണ് പത്തുമണിയാകട്ടെന്ന് അതെന്താ സാറെ അങ്ങനെന്ന് ചോദിച്ചപ്പോ പറഞ്ഞു.

പോലീസ് സ്‌റ്റേഷനില്‍ അമ്മ എത്ര നേരം നിന്നു?

ബാക്കിയൊള്ളൊരുടെയൊക്കെ പൈസ വന്നതേയുള്ള. പൈസ ഇവിടെ അല്ല അടയ്‌ക്കേണ്ടത്. കൊല്ലത്താണെന്ന്. ഞാനന്നാ പത്തുമണിവരെ ഇവിടെ നിക്കാം മോനെ കൊണ്ടുപോകുന്നത് വരെ. അന്നേരം പറഞ്ഞു അവരെ വണ്ടിയിലാണ് കൊണ്ടു പോകുന്നത്. അമ്മ നിക്കണ്ട കാര്യമില്ലാ, അന്നേരം ഞാന് പറഞ്ഞു, ഞാന്‍ ബിസിന് വന്നോളാന്ന്. അന്നേരം മോന്‍ പറഞ്ഞ് എന്നാ അമ്മ പോമ്മേ, അമ്മ പത്തുമണിവരെ ഇവിടിരിക്കുന്നതെന്തിനാണെന്ന്. എന്റെ മോന്‍ നല്ലോണം നിന്ന് പറഞ്ഞതാ. അപ്പോ എന്റെ മോന് ഒന്നൂല്ല. ഒരു ക്ഷീണവുമില്ലാ, ഒരു കുഴപ്പവുമില്ല, അങ്ങനെ ഞാന്‍ ഇവിടെ പതിനൊന്ന് മണിക്ക് വന്നപ്പോ പറയുവാ.. (വീട്ടിലെത്തിയപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു) മോന്‍ ബാത്ത്‌റൂമില്‍ കൊണ്ടു പോയിട്ട് വന്നപ്പോ അടുത്ത് നിന്ന ബിജുവിന്റെ ദേഹത്ത് അങ്ങ് വീണു. അവരവിടെ കൊണ്ടു പോയി ചെയ്തിട്ട് മറിച്ചിട്ടയായിരിക്കും. അതുവരെ മോനൊരു കേടുമില്ല. പിന്നെ മോന്‍ മിണ്ടിട്ടേയില്ലെന്ന്... പൊലീസ് സ്റ്റേഷനില്‍ നിന്ന് വളിച്ചു പറയുന്നു. അങ്ങനെ ഞാനോടീ.. അന്നേരം പറയണ് അമ്മേ അമ്മേടെ മകന്‍ ബാത്ത്‌റൂമില്‍ പോയി വന്നപ്പോ തലചുറ്റി വീണ് കൊല്ലത്താണ് കിടക്കുന്നത് അമ്മ പെട്ടന്ന് ചെല്ലണമെന്ന്.

[caption id="attachment_56524" align="alignnone" width="605"]kunjumons home
കുഞ്ഞുമോന്റെ വീട്[/caption]

അമ്മ ആശുപത്രിയിലേയ്ക്ക് അപ്പോള്‍ തന്നെ എത്തിയോ?

ഞാനിവിടെ ചെല്ലുമ്പോ രണ്ട് പോലീസുകാരിങ്ങനെ ഇരിപ്പുണ്ട്. ഒരു പൊലീസുകാരനവിടെ നിപ്പുണ്ട്. എന്തുവാ അമ്മേ എന്ന് പോലീസുകാര്. ഞാന് പറഞ്ഞു എന്റെ മോനാ, കുഞ്ഞുമോനാണോന്ന് അവര് ചോദിച്ചു. അപ്പോ പറഞ്ഞു ദാ കെടക്കണെന്ന്. അപ്പോ കെടക്കണതെന്താ, എന്തുവാ ലോകമെന്നൊന്നും അറിയാന്‍ വയ്യാതെ മലന്ന് കിടക്കുവാ.. എടത്തേക്കാലിങ്ങനെ നീക്കും വലിക്കും, എടത്തേക്കാല് നീക്കും വലിക്കും. കൈയൊക്കെ ദിവടെ (നെഞ്ചിന് താഴെ )പിടിക്കും. ഇങ്ങനെ കിടക്കും. ഒരു മൂന്നുമണി ആയിക്കാണും. വാര്‍ഡിലല്ല അത്യാഹിതത്തില്‍ കെടക്കുവാ. അവര് ഒന്നും ചെയ്തില്ല. ചെന്നപ്പോ പൊലീസുകാര് പറഞ്ഞ് അമ്മേ, അത് നിങ്ങളുടെ മോന്റെ തലച്ചോറിന് ചതവ് പറ്റി, അതുകൊണ്ട് പെട്ടന്നു മെഡിക്കലി കൊണ്ടോക്കോളാന്‍. ഡോക്ടറു വിളിച്ചുന്ന് പറഞ്ഞ് ചെന്നപ്പോ ഡോക്ടറ് പറഞ്ഞു. അമ്മേ അമ്മേടെ മോന്റെ തലച്ചോറിന് ചതവ് പറ്റി പെട്ടന്ന് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പൊയക്കോളാന്‍ പറഞ്ഞു.

kunjumon mother chellammaസാറെ ഞാന്‍ എങ്ങനെ കൊണ്ടുപോകും എന്ന് ചോദിച്ചു. ഇവിടുന്ന് പൊലീസുകാരായിട്ട് കൊണ്ടുപൊക്കോളുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു എന്റെ കയ്യില് പൈസ ഇല്ല. ഞങ്ങള് രണ്ട് പെണ്ണുങ്ങള് മാത്രമെ വന്നിട്ടുള്ളു. എന്റെ വീട്ടിലുള്ള ആള്‍ക്കാരെ ആരേം അറിയിച്ചില്ല. അപ്പറത്തുള്ള പെണ്ണാ എന്റെൂടെള്ളുത്. അതിന് എഴുത്തും വായനയുമൊന്നും അറിയാന്‍ പാടില്ലാത്തതാണ്. ഉണ്ടായപ്പിന്നെ നല്ലപ്പോഴാ ഞങ്ങളൊരു തിരുവനന്തപുരം നാട് കാണുന്നത്. അന്നേരം പോലീസുകാര് പറയുവാ, കൊണ്ടുപോ കൊണ്ടുപോ കൊണ്ടുപോ വെക്കം കൊണ്ടുപോ വെക്കം കൊണ്ടുപോ. അപ്പം ഞാന്‍ പറഞ്ഞു സാറിങ്ങനെ കെടന്ന് ബഹളം കൂട്ടാതെ ഞങ്ങടെയ കയ്യില്‍ പൈസ ഇല്ല. കുഞ്ഞുമോനടക്കാനുളള പൈസ മൂവായിരം രൂപ കൈയലുണ്ട് അത് തരാം വണ്ടിക്കൂലിക്കെന്ന് പൊലീസ് പറഞ്ഞു. സാറീ പൈസ തന്നിട്ട് എന്റെ മോനെ നാളേം പിടിച്ചോണ്ട് വരാനാണോ എന്ന് ഞാന്‍ ചോദിച്ചു. അല്ല എന്ന് പറഞ്ഞു. ഒരു പേപ്പറെഴുതി പോലിസുകാര് എന്റെ കൈയ്യില് തന്നു. ആംബുലന്‍സ് വിളിച്ച് എന്റെ മോനെ കേറ്റിക്കിടത്തി. അപ്പോ ഞാന്‍ചോദിച്ചു സാറില്ലേ ഞങ്ങളെങ്ങനെ ഒറ്റക്ക് പോണേ... ഞങ്ങല് വരുവാണെന്ന് പറഞ്ഞു. ഞാന്‍ വിചാരിച്ച് ഇവര് ഞങ്ങടെ പുറകെ വണ്ടി വിടും എന്നാണ്. ഞങ്ങളവിടെ ചെന്നപ്പോ ആരുല്ല, പോലീസുമില്ല,. ഞാന്‍ കടലാസുമായി ചെന്നപ്പോ അവര് ചോദിച്ചു. എന്തിവാ അമ്മേ.. അമ്മേടെ മോനെ എവിടാ നോക്ക്യേ? ഞാന്‍ ഇങ്ങനെ പറഞ്ഞു.പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കൊല്ലത്തുകൊണ്ടുപോയി, എന്റെ മോന്റെ തലച്ചോറിന് ചതവ് പറ്റിതാണെന്ന്. അത് ഇതിലെഴുതീട്ടില്ലല്ലോ. അവിടെ കൊണ്ട് ചെന്ന് നമ്മലെ ഇങ്ങോട്ടിങ് വിട്ടെന്ന് മാത്രമെയുള്ളു. അവരെന്നെ കളിപ്പിച്ചയല്ലിയോ

പോലീസുകാര്‍ തിരുവനന്തപുരത്തേയ്ക്ക് കൂട്ടു വന്നില്ലേ?

പൊലീസ് വന്നില്ല. ആംബുലന്‍സ് ഡ്രൈവറ് തെരക്കീട്ട് തിരിച്ചു വന്നു. അയാല് കണ്ടില്ലാന്ന് പറഞ്ഞു. വണ്ടിക്കൂലിടെ പൈസ 2200 രൂപയും മേടിച്ച് അയാള് പോയി. ആരുമില്ല, ഒരു മനുഷേരുമില്ല. പിന്നെ ആദ്യം തൊട്ട് എല്ലാം എടുത്തെടുത്ത് നോക്കി. ഈ ഡോട്ടറുടെടുത്ത് ചെന്നപ്പോ ചോദിക്കും എവിടാ നോക്കീത്, അന്നേരം ഇന്നത് പറയുേേമ്പാ അവരതങ്ങ് കുറിക്കും അപ്പറത്ത് ചെല്ലുമ്പോ അവരും ചോദിക്കും കൊല്ലത്തെ ഡോക്ടറെന്താ പറഞ്ഞതെന്ന്. അന്നേരാ മനസിലായത് കടലാസില്‍ രോഗമൊന്നും എഴുതീട്ടില്ലെന്ന്. അവരവിടെ എഴുതീട്ടില്ല, രോഗമൊന്നും എഴുതീട്ടില്ല. അവിടെ കൊണ്ടിട്ടിരുന്നിട്ട് ജഡമായിട്ട് എന്നയങ്ങ് ഏല്‍പ്പിച്ച് അവര് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. പോലീസുകാരറിയാതെ എന്റെ മോന് ഒന്നു സംഭവിക്കത്തില്ല. മരിച്ചത് മെഡിക്കല്‍ കോളേജില്‍ കൊണ്ടു ചെന്നിട്ടാ.. മൂന്ന് ദിവസം മെഡിക്കല്‍ കോളേജില്‍ കെടന്നിട്ടാ മരിച്ചത്. എത്രക്ക് അറിയുന്ന ഒരുപാട് പോലീസുകാരുണ്ടായിരുന്നിവിടെ.. അന്നു വന്നവരെ പിന്നെ കണ്ടിട്ടില്ല.

Read More >>