കോഴിക്കോട് എന്‍ഐടിയിലും സദാചാര പൊലീസിംഗ്; ആറു മണികഴിഞ്ഞാല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് കാണരുതെന്ന് സെക്യൂരിറ്റിയുടെ തിട്ടൂരം

വിദ്യാർത്ഥികളുടെ ഇടപഴകൽ വിലക്കി സർക്കുലർ ഇറങ്ങിയെന്ന പ്രചാരണം എൻഐടി അധികൃതർ നിഷേധിച്ചു

കോഴിക്കോട് എന്‍ഐടിയിലും സദാചാര പൊലീസിംഗ്; ആറു മണികഴിഞ്ഞാല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് കാണരുതെന്ന് സെക്യൂരിറ്റിയുടെ തിട്ടൂരം

കോഴിക്കോട്: കുന്ദമംഗലത്തെ എൻഐടി ക്യാമ്പസിൽ സെക്യൂരിറ്റി ജീവനക്കാരന്റെ മോറൽ പോലീസിംഗ്. കഴിഞ്ഞദിവസം സന്ധ്യാസമയത്ത് ക്യാമ്പസിലെ കാന്റീന് മുന്നിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും സെക്യൂരിറ്റി ഭീഷണിപ്പെടുത്തി പറഞ്ഞുവിടുകയായിരുന്നു. ആറു മണികഴിഞ്ഞാല്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കാണരുതെന്നും ഇവിടെ പാടില്ലാത്ത ചില കാര്യങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സെക്യൂരിറ്റി അറിയിച്ചതായി എൻഐടിയിലെ  വിദ്യാര്‍ഥിനി നാരദാ ന്യൂസിനോട് പറഞ്ഞു. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടെന്നു സെക്യൂരിറ്റി അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.


എന്നാല്‍ അത്തരത്തിലൊരു നിര്‍ദേശമുണ്ടാകുകയോ സര്‍ക്കുലര്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് എന്‍ഐടി അധികൃതരുടെ വിശദീകരണം. വൈകിട്ട് ഏഴിനു മുമ്പായി പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്നാണു നിബന്ധന. എന്നാല്‍ ഈ സമയം രാത്രി ഒമ്പത് വരെയാക്കിത്തരണമെന്നു വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതിനെ നേരത്തെ അധികൃതര്‍ വിലക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ഇതിനെതിരെ രംഗത്ത് വന്നതോടെ ക്ലാസ് നിർത്തിവെക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ ഉറച്ച നിലപാടെടുത്തോടെ അധികൃതര്‍ക്കു മുട്ടുമടക്കേണ്ടി വന്നു.

മുക്കം റോഡിലുള്ള എന്‍ഐടി ക്യാമ്പസിലേക്ക് പുറത്തുള്ളവര്‍ക്ക് ഏതുസമയവും പ്രവേശിക്കാമെന്ന അവസ്ഥയാണുള്ളത്. പുറത്തുള്ളവർ പ്രവേശിക്കുന്നതിനു യാതൊരു നിബന്ധനയും നിലവിലെ സാഹചര്യത്തിലില്ല. സാമൂഹ്യവിരുദ്ധരുള്‍പ്പെടെ ഇതു മുതലെടുക്കുന്നുണ്ടെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. 5500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന എന്‍ഐടിയില്‍ ക്യാമ്പസിനകത്തേക്കുള്ള പ്രവേശനത്തിനു ചില മാനദണ്ഡങ്ങള്‍ വയ്ക്കാവുന്നതാണെന്ന് അധ്യാപകരും അഭിപ്രായപ്പെടുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നടക്കുന്നതു കാണുമ്പോള്‍ പുറത്തു നിന്നു ക്യാമ്പസില്‍ പ്രവേശിക്കുന്നവരില്‍ നിന്ന് മുറുമുറുപ്പുയരാറുണ്ട്.

Read More >>