മൂപ്പിലാന്‍സ് കിച്ചണ്‍; തലസ്ഥാന നഗരിയിലെ പഴങ്കഞ്ഞിപ്പെരുമ
| Updated On: 17 Nov 2016 1:29 PM GMT | Location :
പഴമയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടായും പഴമ മറന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായും മാറുന്ന മൂപ്പിലാന്സിനെ ഒരു പ്രാവശ്യം സന്ദര്‍ശിച്ചവര്‍ എന്നുമോര്ത്തുവയ്ക്കും.
സാബു കോട്ടപ്പുറം
പഴഞ്ചോറും പാകംചെയ്ത കപ്പയും തൈരും മാങ്ങാക്കറിയും നല്ല എരിവുള്ള കാന്താരിമുളകും ചേര്‍ത്ത് മണ്‍ചട്ടിയില്‍ ഒരു പിടിപിടിക്കാം. സൈഡ് ഡിഷായി മീന്‍കറിയും വാള ഉണക്കമീന്‍ വറുത്തതും- തലസ്ഥാന നഗരിയിലെ 'മൂപ്പിലാന്‍സ് കിച്ചന്'സിലേക്കു പോന്നോളൂ.
https://www.youtube.com/watch?v=8nhKH9GWLEI
തിരുവനന്തപുരം കിളിപ്പാലത്ത് ബണ്ട് റോഡിലുള്ള മൂപ്പിലാന്‍സ് കിച്ചന് ഇന്ന് ഭക്ഷണപ്രിയരുടെ പ്രധാന താവളമാണ്. രാവിലെ 11 മണിമുതല്‍ വൈകുന്നേരം 5 മണിവരെ തിരക്കെഴിയാത്ത ഒരു മിനിട്ടുപോലുമില്ല ഈ മൂപ്പിലാന്‍സില്‍.

മൂപ്പിലാന്സിലെ പഴങ്കഞ്ഞിയുടെ രുചിയറിയാന്‍ സമയഭേദമില്ലാതെ ജനങ്ങളെത്തുന്നു. കാത്തുനിന്ന് മണ്ചട്ടിക്കുള്ളിലെ പഴമയുടെ പുതുരുചിയറിഞ്ഞ് അവര്‍ തിരിച്ചു പോകുന്നു.

പിറ്റേ ദിവസമുള്ള പഴങ്കഞ്ഞിക്കുള്ള ചോറ് തലേദിവസമാണ് മൂപ്പിലാന്‍സില്‍ തയ്യാറാക്കുന്നത്. അതിനുശേഷം അത് തൈരുമായി കൂട്ടിക്കലര്‍ത്തി വയ്ക്കുന്നു. പിറ്റേന്ന് പത്ത് മണിയോടെ അതില്‍ സവാള, ഉപ്പ്, മല്ലിയില, പച്ച മുളക് എന്നിവ ചേര്ത്തുവയ്ക്കുന്നതോടെ പഴങ്കഞ്ഞി വിതരണം ചെയ്യാന്‍ തയ്യാറാകും.

പഴങ്കഞ്ഞിക്കൊപ്പം കപ്പ വേവിച്ചതും മീനും ലഭിക്കും. കൂടെ രുചികരമായ ഉണക്ക വാളമീന്‍ ഫ്രൈയും.

സാധാരണയായി കാന്താരി മുളകും, കിളിക്കണ്ണന് മുളകുമാണ് പഴങ്കഞ്ഞിയിലിടാന് ഉപയോഗിക്കുന്നത്. ഇത് രണ്ടുമല്ലാതെ മറ്റ് മുളകുകളൊന്നും ഇവിടെ ഉപയോഗിക്കാറില്ല.
മലയാളി മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തി മൂപ്പിലാന്‍സും അവിടുത്തെ പഴങ്കഞ്ഞിയും

വൈകുന്നേരം 5 മണിവരെ മാത്രമേ മൂപ്പിലാന്‍സില്‍ പഴങ്കഞ്ഞി ലഭിക്കുള്ളു. അതിനുശേഷം പെറോട്ടയും ചിക്കന്‍ പെരട്ടും കിട്ടും. ഇത് കഴിക്കാനും മൂപ്പിലാന്‍സില്‍ സാമാന്യം തിരക്കുണ്ട്.

നട്ടുച്ച സമയത്ത് പഴങ്കഞ്ഞി കുടിക്കാന്‍ മൂപ്പിലാന്‍സില്‍ എത്തിയാല്‍ ഒരു സീറ്റുപോലും ഒഴിവു കാണില്ല എന്നുള്ളതാണ് സത്യം. അങ്ങനെയുള്ളവര്‍ക്ക് മൂപ്പിലാന്‍സില്‍ നിന്നും പാഴ്സല്‍ ലഭിക്കും. ഒരു ദിവസം മൂപ്പിലാന്‍സില്‍ നിന്നും പോകുന്ന പാഴ്സലുകളുടെ എണ്ണം ചിന്തിക്കുന്നതിനും അപ്പുറമാണെന്ന് അഞ്ച് മിനിട്ടു നേരം അവിടെ ചെലവഴിച്ചാല്‍ മനസ്സിലാകും.

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയോടെ മൂപ്പിലാന്‍സും അവിടുത്തെ പഴങ്കഞ്ഞിയും ജനഹൃദയങ്ങളിലേറിക്കഴിഞ്ഞു. പഴമയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടായും പഴമ മറന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായും മാറുന്ന മൂപ്പിലാന്സിനെ ഒരു പ്രാവശ്യം സന്ദര്‍ശിച്ചവര്‍ എന്നുമോര്ത്തുവയ്ക്കും.