മണിയാശാന്‍; അഞ്ചു പെണ്‍മക്കളുടെ അച്ഛന്‍, അവരില്‍ രണ്ടാള്‍ സഖാക്കള്‍

നിയുക്ത മന്ത്രി എം.എം മണിക്ക് അഞ്ചു പെണ്‍മക്കളാണ്. മൂത്തമകള്‍ സതി രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റാണ്. മൂന്നാമത്തെ മകള്‍ സുമ പാര്‍ട്ടി ഏരിയ കമ്മറ്റി അംഗവും. ബന്ധുക്കളെല്ലാം പാര്‍ട്ടിക്കാര്‍- മണിയാശാന്റെ വീട് മൊത്തം പാര്‍ട്ടി മയം

മണിയാശാന്‍; അഞ്ചു പെണ്‍മക്കളുടെ അച്ഛന്‍, അവരില്‍ രണ്ടാള്‍ സഖാക്കള്‍

ബൈസന്‍വാലിയില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് എട്ടുകിലോമീറ്റര്‍ ദൂരം. കുഞ്ചിത്തണ്ണി കവലയില്‍ നിന്ന് ഇടത്തേക്കുള്ള ഇറക്കമിറങ്ങി കയറിയാല്‍ ഇരുപേതക്കര്‍ കവലയെത്തും. സെര്‍വ് ഇന്ത്യാ എല്‍പി സ്‌കൂളും മൂന്നാല് കടകളും ഒരു പഴയ പാര്‍ട്ടി ഓഫീസും പിന്നെ സഖാവ് കെ.എന്‍.തങ്കപ്പന്റെ രക്തസാക്ഷി മണ്ഡപവും ഇത്രയെയുള്ളു നിയുക്ത മന്ത്രി എംഎം മണിയുടെ നാട്. പാര്‍ട്ടി ഓഫീസിന് മുന്നില്‍ ബസ് കാത്തു നിന്ന ചേച്ചിമാരോട് ഞങ്ങള്‍ മണിയാശാന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു.


'' ദാ ആ കാണുന്ന സ്‌കൂളിന്റെ താഴേ നിന്ന് വലത്തേക്ക് തിരിഞ്ഞ് കൊറച്ച് ദൂരം പോയാ മതി' നെല്ലിക്കാട് അംഗണവാടിയിലെ ടീച്ചര്‍ ജിസമ്മ പറഞ്ഞു.
''അതിന് മണിയാശാന്‍ അവിടെ ഇല്ലല്ലോ, ആശാന് ഇന്നലെ രാത്രി വന്നിട്ട് വെളുപ്പിനെ തന്നെ പോയല്ലോ...' ജിസമ്മയുടെ കൂടെ നിന്ന പ്രിയ ടീച്ചറിന്റേതാണ് ഡയലോഗ്. പ്രിയ ഇരുപതേക്കറിലെ അംഗനവാടിയിലെ ടീച്ചറാണ്. ഇരുപതേക്കറുകാര്‍ക്ക് മണിയാശാനെക്കുറിച്ചുള്ള അപ്‌ഡേറ്റ്‌സെല്ലാം കറക്ടായി അറിയാം, കാരണം ആശാന്‍ അവരിലൊരാളാണ്.

[caption id="attachment_61902" align="aligncenter" width="700"]mm-manis-home-jpg-2 മണിയാശാന്റെ വീട്, ഫോട്ടോ- പ്രതീഷ് രമ മോഹന്‍[/caption]

മണിയാശാനില്ലെന്ന കാര്യം അറിയാമെന്നും ആശാനെയല്ല വീടും വീട്ടുകാരെയുമാണ് കാണേണ്ടതെന്ന് പറഞ്ഞിട്ടും ടീച്ചര്‍മാര്‍ വിടുന്ന ഭാവമില്ല. '' ''ഓ.. കാണാന്‍ മാത്രമൊന്നുമില്ലന്നേ... അതൊരു ചെറിയ വീടാ...''

mm-mani-wifeടീച്ചര്‍മാരോട് യാത്ര പറഞ്ഞ് വണ്ടി തിരിക്കുമ്പോഴേക്കും മഴ ചാറി. മഴ കൊള്ളാതിരിക്കാന്‍ പാര്‍ട്ടി ഓഫീസിലേക്കു കയറുന്നതിനിടെ അവരും കൈവീശി. ഒരു ജീപ്പിന് പോകാന്‍ മാത്രം വീതിയുള്ള വഴിയിലൂടെ സഞ്ചരിച്ച് എംഎം മണിയുടെ വീടിന് മുന്നിലെത്തി. പകുതി ഓടിലും പകുതി കോണ്‍ഗ്രീറ്റിലുമായി ഒരു സാധാരണ വീട്. മുറ്റത്ത് പന്തലിച്ച് നില്‍ക്കുന്ന മാവിന്റെ ചുവട്ടില്‍ ഡസ്റ്റര്‍ കിടപ്പുണ്ട്. എംഎം മണിയുടെ രണ്ടാമത്തെ മകള്‍ ശ്യാമളയും മകളും മകന്റെ ഭാര്യയും പേരക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാക്കിയെല്ലാവരും
സത്യപ്രതിഞ്ജയ്ക്കായി തിരുവന്തപുരത്തേക്ക് പോയിരിക്കുവാണെന്ന് ശ്യാമള പറഞ്ഞു.

'ഞങ്ങളഞ്ച് പെമ്മക്കളാണ്. മൂത്തയാള് സതി, അവള് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റാണ്. അവക്ക് രണ്ട് മക്കളാ, ഒരു മോനും മോളും. രണ്ടാമത്തേത് ഞാനാ... എനിക്കും രണ്ടു മക്കള്. മൂത്തയാള് ജ്യോതിഷ്, അവന്റെ മോളാ ഇത്, ജാനകി' - ഒക്കത്തിരുന്ന രണ്ടുവയസ്സുകാരിയെ നോക്കി ശ്യാമള പറഞ്ഞു.

മൂന്നാമത്തെ ആള് സുമയെ കെട്ടിച്ചത്് രാജാക്കാടാണ്. അവളും പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ടേമിലെ. സുമക്ക് ഒരു പെങ്കുട്ടിയെ ഉള്ളു. നാലമത്തെ ഗീത, അവക്ക് രണ്ടും പെണ്ണാ.... ഒടുക്കത്തെയാള് ശ്രീജ. ശ്രീജ മൂന്നാര്‍ സഹകരണ ബാങ്കില്‍ ജോലിയാണ്. അവിടേം രണ്ടുമക്കള്. ഒരാണും ഒരു പെണ്ണും.'

അച്ഛന്‍ മന്ത്രിയാകുമെന്ന് വാര്‍ത്ത അപ്രതീക്ഷിതമായിരുന്നുവെന്ന് ശ്യാമള പറഞ്ഞു. ''ഇന്നലെ ടീവില് വാര്‍ത്ത വരുന്നതിന് മുന്ന് ചാനലുകാരൊക്കെ വന്നു. അവര് പറഞ്ഞാ ഞങ്ങളും അറിഞ്ഞേ. അച്ഛനും പാര്‍ട്ടി മീറ്റിങ് കഴിയുംവരെ അറിയില്ലായിരുന്നു. അറിയാവാരുന്നേ പറഞ്ഞേനെ.''

മണക്കാട് പ്രസംഗത്തിന്റെ പേരില്‍ എംഎം മണിയെ അറസ്റ്റ് ചെയ്യുവാന്‍ പൊലീസെത്തുമ്പോള്‍ ശ്യാമളയായിരുന്നു വീട്ടിലുണ്ടായിരുന്നത്. അന്നത്തെ സംഭവത്തെക്കുറിച്ച് വിവരിക്കാമോ എന്ന ചോദ്യത്തോട് ശ്യാമള അത്ര താല്പര്യമില്ലാതെയാണ് പ്രതികരിച്ചത്.
' അതൊക്കെ കഴിഞ്ഞ കാര്യമല്ലേ.. അതൊക്കെ ഇനിയും പറയണോ'

ശ്യാമളയ്ക്ക് താല്പര്യമില്ലാത്തതിനാല്‍ അടുത്ത ചോദ്യത്തിലേക്ക് കടക്കാമെന്ന് തോന്നി. എംഎം മണിയുടെ ജീവിത ചര്യകളെക്കുറിച്ചും രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ചും ക്ലീഷേ ചോദ്യമിട്ടു.

' രാവിലെ അഞ്ചരക്ക് എണീക്കും. നേരത്തെ യോഗയൊക്കെ ചെയ്യുമായിരുന്നു. പിന്നെ രാവിലെ ആളുകളെത്തുന്നതുകാരണം യോഗ മുടങ്ങി. ആറു മണി മുതല്‍ ആളുകള്‍ കാണാന്‍ വരും. എട്ടട്ടരയോടെ അച്ഛന്‍ പരിപാടികള്‍ക്കായി പോകും. ഇപ്പോ നിയമസഭയുള്ളതോണ്ട് തിരുവനന്തപുരത്തല്ലേ..'

mm-mani-oldആരൊക്കെയാണ് തിരുവനന്തപുരത്തുള്ള ഔദ്യോഗിക വസതിയിലേക്ക് പോകുന്നത് ?

' അമ്മ പോകുമായിരിക്കും. ബാക്കി ആരുടേം കാര്യം തീരുമാനിച്ചില്ല.' ശ്യാമളയുടെ ഒക്കത്തിരുന്ന് ജാനകി ചിണുങ്ങാന്‍ തുടങ്ങി. ബോറടിച്ചിട്ടായിരിക്കും.

വീടിന് മുമ്പില്‍ നിന്ന് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാമൊ എന്ന ചേദ്യവും ശ്യാമള ചിരിച്ചുകൊണ്ട് തള്ളി' എനിക്കീ ഫോട്ടോയെടുപ്പും രാഷ്ടീയവുമൊന്നും വല്യ താല്‍പര്യമില്ല'
ജാനകിയുടെ ചിണുങ്ങല്‍ കരച്ചിലിലേയ്ക്ക്. അമ്മുമ്മയുടെ അച്ഛന്‍ മന്ത്രിയാകുന്നത് കുഞ്ഞു ജാനകിക്ക് അറിയില്ലല്ലോ- അവളുടെ കരച്ചിലോടെ വീട്ടിലെ അന്വേഷണങ്ങള്‍ക്ക് കട്ട്. ബാക്കി കഥ പറഞ്ഞു തരാന്‍ ഇരുപതാം ഏക്കറിലെ പാര്‍ട്ടി ഓഫീസില്‍ നാട്ടിലെ റിട്ട.ഹെഡ്മാഷ്‌ വിശ്വനാഥന്‍  കാത്തിരിപ്പുണ്ട്- മണിയാശാന്റെ അച്ഛന്‍ പ്രതിഷ്ഠിച്ച നാലുക്ഷേത്രങ്ങളുടെ കഥ അദ്ദേഹത്തോട് ചോദിക്കണം.