എം എം മണിയ്ക്ക് ആശംസകളുമായി കണ്ണൂർ തോലമ്പ്രയിൽ നിന്ന് ശാന്തമ്മച്ചേച്ചി!

മണിയാശാന്റെ കുടുംബം ഇടുക്കിയിലേക്ക് കുടിയേറിക്കഴിഞ്ഞാണ് നാരായണനും ശാന്തമ്മയും കണ്ണൂരിലേക്ക് വരുന്നത്. സ്ഥലത്തിന് വിലക്കുറവുള്ള ഒരു നാട് വടക്കുണ്ടെന്നറിഞ്ഞാണ് വന്നത്. അങ്ങനെ കണ്ണൂരിന്റെ മലയോരത്ത് വെള്ളാർവള്ളി എന്ന സ്ഥലത്തെത്തി.

എം എം മണിയ്ക്ക് ആശംസകളുമായി കണ്ണൂർ  തോലമ്പ്രയിൽ നിന്ന് ശാന്തമ്മച്ചേച്ചി!

കോട്ടയത്തു നിന്ന് ആരംഭിച്ച കുടിയേറ്റമാണ് എംഎം മണിയെന്ന കമ്മ്യൂണിസ്റ്റിനെ ഇടുക്കിയുടെ ആത്മാവായി വളർത്തിയത്. പക്ഷേ, കുടിയേറ്റം ഇടുക്കിയിലേയ്ക്കു മാത്രമായിരുന്നില്ല. അതിജീവനത്തിനു വഴി തേടിയവരുടെ പാത ഇടുക്കിയും കടന്ന് വയനാട്ടിലേയ്ക്കും കണ്ണൂരിലേയ്ക്കുമൊക്കെ നീണ്ടു. ഇടുക്കിയിൽ യാത്ര അവസാനിപ്പിക്കാതെ കണ്ണൂരിലേയ്ക്കു നീങ്ങിയ ഒരു ഉറ്റബന്ധുവുണ്ട്, മണിയാശാന്. അദ്ദേഹത്തിന്റെ അമ്മയുടെ സഹോദരിയുടെ മകൻ നാരായണൻ. മരിച്ചുപോയി.


പഴശ്ശിരാജയുടെയും പിന്നീട് കർഷകപ്പോരാട്ടങ്ങളുടെയും വിപ്ലവഭൂമിയായ മട്ടന്നൂരും കടന്ന് പിന്നെയും കിഴക്കോട്ടു പോകണം നായണനേട്ടന്റെ വീട്ടിലെത്താൻ. ശിവപുരവും മാലൂരും താണ്ടി തോലമ്പ്രയിലെ കെഎസ്ഇബി സബ് സ്റ്റേഷന്റെ അരികിൽ വാഹനം നിർത്തി. 'പെട്ടത്താനത്ത് വീട്' എന്ന് ചോദിക്കാൻ നാവുയർത്തിയപ്പോഴേയ്ക്കും അവിടെയുണ്ടായിരുന്നവരുടെ ചൂണ്ടുവിരൽ വീട്ടിലേയ്ക്കു നീണ്ടു.

നാരായണേട്ടന്റെ ഭാര്യ ശാന്തമ്മച്ചേച്ചിയും കുട്ടികളും ആണ് താമസം. ഒരു സ്‌ട്രോക് വന്നതിൽപ്പിന്നെ പതുക്കെയേ കാര്യങ്ങൾ ഒക്കെ ചെയ്യാൻ കഴിയുന്നുള്ളൂ. ഞങ്ങളെത്തുമ്പോൾ മക്കളാരും വീട്ടിലുണ്ടായിരുന്നില്ല. ശാന്തമ്മച്ചേച്ചി ഒറ്റക്കാണ്. വയസ്സ് 72 കഴിഞ്ഞു. പക്ഷെ വലിയ ഓർമ്മക്കുറവില്ല.

ഞങ്ങളെക്കണ്ട ശാന്തമ്മച്ചേച്ചിയ്ക്കു പെരുത്തു സന്തോഷം. മണിയെക്കുറിച്ചു പറയാമല്ലോ. അവർ പറഞ്ഞു -
'മണി വിളിച്ചിരുന്നു. മന്ത്രിയൊക്കെ ആയിക്കഴിഞ്ഞിട്ട് ഇങ്ങോട്ടു വരാം എന്ന് പറഞ്ഞു. കുറേപ്പേര് വിളിച്ചോണ്ടിരിക്കുവാന്ന് പറഞ്ഞു. അതോണ്ട് വേഗം ഫോൺ വച്ചു. അതെ മന്ത്രിയായിക്കഴിഞ്ഞ് ഇങ്ങോട്ടു വരും'.

അതെ, അതുതന്നെയാണ് മണിയാശാൻ. ബന്ധങ്ങൾ മറക്കാത്ത ആൾ. സഹോദരീപുത്രന്മാരായ മണിയും നാരായണനും കാണാൻ ഒരേപോലെയാണ്. പക്ഷെ തന്റെ ഭർത്താവിനേക്കാൾ കറുപ്പ് മണിക്കാണ് ഇത്തിരി കൂടുതൽ എന്ന് ശാന്തമ്മച്ചേച്ചി.

കണ്ണൂരിൽ പാർട്ടി പരിപാടികൾക്കൊക്കെ വരുമ്പോൾ മണിയാശാൻ തോലമ്പ്രയിലെ ഈ ബന്ധുവീട്ടിലെത്തും. ഒരിക്കൽ മാത്രമാണ് ഇവിടെ അന്തിയുറങ്ങിയിട്ടുള്ളത്. പക്ഷെ ഉറങ്ങിയത് കൂടെവന്ന ഡ്രൈവർ മാത്രമായിരുന്നുവെന്ന് ശാന്തമ്മച്ചേച്ചി. മണിയാശാനും നാരായണേട്ടനും കോട്ടയത്തെ കുട്ടിക്കാല ഓർമകളും അയവിറക്കി പുലരുവോളം സംസാരിക്കുകയായിരുന്നു.

മണിയാശാന്റെ കുടുംബം ഇടുക്കിയിലേക്ക് കുടിയേറിക്കഴിഞ്ഞാണ് നാരായണനും ശാന്തമ്മയും കണ്ണൂരിലേക്ക് വരുന്നത്. സ്ഥലത്തിന് വിലക്കുറവുള്ള ഒരു നാട് വടക്കുണ്ടെന്നറിഞ്ഞാണ് വന്നത്. അങ്ങനെ കണ്ണൂരിന്റെ മലയോരത്ത് വെള്ളാർവള്ളി എന്ന സ്ഥലത്തെത്തി. തെങ്ങും റബ്ബറും ആയിരുന്നു പ്രധാന കൃഷി. അന്നൊന്നും തെക്കുള്ള കുടുംബത്തെ എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയില്ല. ഫോൺ വന്നപ്പോഴാണ് അതൊക്കെ എളുപ്പത്തിലായത്. ഇപ്പോൾ ഓർമ കുറച്ച് കുറവാണെന്നു പറഞ്ഞ് ശാന്തമ്മച്ചേച്ചി നഷ്ടപ്പെട്ട ഓർമ്മകളിലേക്ക് കടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

നാരായണേട്ടൻ മരിച്ചപ്പോഴും മണിയാശാൻ വന്നിരുന്നു. ഏറെ നേരം ചെലവഴിച്ചാണ് മടങ്ങിയത് - ശാന്തമ്മച്ചേച്ചിയുടെ ഓർമ്മകൾ ഭർത്താവിന്റെ സ്മരണയിൽ ആർദ്രമാവാൻ തുടങ്ങിയപ്പോൾ മറ്റൊരു ചോദ്യമെറിഞ്ഞു - മണിയാശാൻ മന്ത്രിയാവാൻ പോകുവല്ലേ? - അതെ. നേരത്തെ തന്നെ ആവുമെന്ന് കരുതിയതാണ് - ആശാന് നാടിനെയും നാട്ടുകാരെയും അറിയാം - നല്ല ഒരു മന്ത്രിയാവാൻ കഴിയും.

ആശാന്റെ സംസാരശൈലിയെപ്പറ്റി ചോദിച്ചപ്പോഴും മറുപടി റെഡി - സാധാരണക്കാരനുവേണ്ടി സംസാരിക്കുന്നതല്ലേ, ആള് ശുദ്ധനാ, ഒന്നും മനസ്സിൽ വെക്കില്ല - വെട്ടിത്തുറന്നു പറയും.

തിരികെ കുന്നിറങ്ങുമ്പോൾ സാരഥിയായ അനുജന്റെ വക പാട്ട് - "കയ്യൂരുള്ളൊരു കമ്മ്യൂണിസ്റ്റിന്.." കയ്യൂരും കരിവെള്ളൂരും പുന്നപ്രയിലുമൊക്കെയുളള കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് വിപ്ലവകവികൾ എഴുതിയിട്ടുണ്ട്.

ഭൂമിയോടും പ്രകൃതിയോടും സ്വന്തം ജീവിതത്തോടും ജീവനെടുക്കാൻ വന്നവരോടും ഇഞ്ചോടിഞ്ചു പൊരുതി വളർന്ന ഇടുക്കിയിലെ മണിയാശാനെന്ന കമ്മ്യൂണിസ്റ്റിനെക്കുറിച്ചു കവിതയെഴുതാൻ തുടങ്ങിയാൽ വാക്കും ഉപമയും സംഗീതവും അവർക്കു വേറെ പരതേണ്ടി വരും...