ശരിയായ ചികിത്സ കിട്ടാതെ ആദിവാസി കുഞ്ഞിന്റെ മരണം; സംഭവത്തില്‍ ആരോഗ്യമന്ത്രി ഇടപെടുന്നു

ആരോഗ്യപ്രവര്‍ത്തകര്‍ ആഴ്ച്ചകളായി തിരിഞ്ഞുനോക്കാത്തതും മരുന്നിന് 180 രൂപ കുറഞ്ഞതിനാല്‍ കല്‍ക്കണ്ടിയിലെ സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ച കാര്യങ്ങളും ഇന്നലെ നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍.

ശരിയായ ചികിത്സ കിട്ടാതെ ആദിവാസി കുഞ്ഞിന്റെ മരണം; സംഭവത്തില്‍ ആരോഗ്യമന്ത്രി ഇടപെടുന്നു

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി കുഞ്ഞ് ശരിയായ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ആഴ്ച്ചകളായി തിരിഞ്ഞുനോക്കാത്തതും മരുന്നിന് 180 രൂപ കുറഞ്ഞതിനാല്‍ കല്‍ക്കണ്ടിയിലെ സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ച കാര്യങ്ങളും ഇന്നലെ നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍.


സംഭവത്തില്‍ ഉത്തരവാദികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷിച്ചു വേണ്ട നടപടിയെടുക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നാരദ ന്യൂസിനോട് പറഞ്ഞു. ' അട്ടപ്പാടിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നല്ല മോനിറ്ററിങ്ങും സംരക്ഷണവും നടക്കുന്നുണ്ട്. എന്നിരുന്നാലും ഇതില്‍ വീഴ്ച്ച വരാം. എല്ലാം നൂറുശതമാനം പെര്‍ഫെക്ട് ആയക്കൊള്ളണമെന്നില്ല. ചിലത് കൈവിട്ടുപോകുന്നുണ്ട്. എത്ര തവണ ശ്രദ്ധിച്ചാലും ചില പരിമിതികള്‍ ഉണ്ട്. സ്വകാര്യ ആശുപത്രി മരുന്നു നിഷേധിച്ച കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്നതേയുള്ളു. അട്ടപ്പാടിയില്‍ ആരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതിരിക്കാനാണ് അവിടെ കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രി പോലുള്ളവ സ്ഥാപിച്ചത്. എന്നിട്ടും ആദിവാസികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന കാര്യം ശ്രദ്ധിച്ചു വേണ്ടതു ചെയ്യുമെന്നും മന്ത്രി നാരദ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ രാവിലെയാണ് അട്ടപ്പാടിയില്‍ ഈ മാസത്തെ മൂന്നാമത്തെ ശിശുമരണം നടന്നത്. മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ഊരില്‍ ബിജു-സുനിത ദമ്പതികളുടെ മൂന്നാമത്തെ ആണ്‍കുഞ്ഞ് പത്തു മാസം പ്രായമുള്ള ശക്തിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെ പിതാവ് ബിജു അടയ്ക്ക പറിക്കാനുള്ള ജോലിക്കുപോയ ശേഷമാണ് കുഞ്ഞിന് അസുഖം തുടങ്ങിയത്. സുനിതക്ക് തനിയെ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ട്രൈബല്‍ ഓഫീസറേയും മറ്റും വിവരമറിയിച്ചിരുന്നുവത്രെ. അവര്‍ വരുമെന്ന് കരുതി കാത്തിരുന്നെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് രാത്രി ഏഴരയോടെ ജോലി കഴിഞ്ഞെത്തിയ പിതാവ് ബിജു കല്‍ക്കണ്ടിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മരുന്നിന് 280 രൂപ വേണ്ടിടത്ത് 100 രൂപയാണ് ബിജുവിന്റെ കൈയില്‍ ഉണ്ടായിരുന്നത്. പണമില്ലാത്തതിനാല്‍ മരുന്ന് തിരികെ തന്നിട്ട് കുട്ടിയുമായി മടങ്ങിപ്പോകാന്‍ സ്വകാര്യആശുപത്രിയിലെ നേഴ്സ് പറഞ്ഞതായി ബിജു നാരദ ന്യൂസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് കൂട്ടൂകാരന്റെ കൈയില്‍ നിന്നും ബാക്കി 180 രൂപ സംഘടിപ്പിച്ച് മരുന്നു വാങ്ങി. പണമില്ലാത്തത് കൊണ്ടുതന്നെ ഗുരുതരാവസ്ഥയിലായ കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. രാവിലെ രോഗം മാറുമെന്നും ഇല്ലെങ്കില്‍ കൊണ്ടുവരാനും പറഞ്ഞ് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.

പിറ്റേന്ന് രാവിലെ കുഞ്ഞിന് ക്ഷീണം തോന്നിയതിനാല്‍ മാതാപിതാക്കള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ആശുപത്രിയില്‍ എത്തുന്നതിന് 6 കിലോ മീറ്റര്‍ മുമ്പ് കുഞ്ഞ് മുലപ്പാല്‍ കുടിച്ചതായും ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു പോലെ കണ്ടെന്നും അമ്മ സുനിത പറഞ്ഞതായി തമ്പ് സന്നദ്ധ സംഘടന പ്രവര്‍ത്തകന്‍ രാമു നാരദ ന്യൂസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ച് അമ്മ സുനിത വെള്ളം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ തടഞ്ഞതായും പരിശോധിച്ച ശേഷം ഗ്ലൂക്കോസ് കയറ്റാമെന്ന് പറഞ്ഞതായും സുനിത പറയുന്നു. കുഞ്ഞ് ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അവിടെ കുഞ്ഞിന് ചികിത്സയൊന്നും നല്‍കിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്നാണ് മൃതദേഹം ഇന്നലെ വൈകീട്ട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. രാത്രി പത്തു മണിയോടെ ഊരിലെത്തിച്ച് കുഞ്ഞിന്റെ സംസ്‌കാരം നടത്തി. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

Read More >>