'കുമാര്‍ പറയൂ, ലാലൂ ഫോട്ടോജനിക്ക് ആണോ?' ഒരു ക്യാമറാമാനും നേരിടാത്ത ആ ചോദ്യം!

പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് തന്റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുമ്പോള്‍, മോഹന്‍ലാലിനെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയ എസ്. കുമാര്‍ തന്‍റെ സിനിമ അനുഭവങ്ങള്‍ തുടരുന്നു.

എസ്.കുമാര്‍ 

ഇന്നിപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് തന്റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുമ്പോള്‍ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് പോകാതിരിക്കുന്നത് എങ്ങനെയാണ്? അവിടെ മനോഹരമായ ഒരു കാഴ്ചയുണ്ട്. ഇവിടെ നില്‍ക്കാന്‍ അശക്തമെന്ന പോലെ തിരക്കിട്ട് ഓടി പോകുന്ന മേഘങ്ങളെ പിന്നിലാക്കി എന്റെ ക്യാമറയ്ക്ക് മുന്നിലേക്ക് മെല്ലെ സൈക്കിള്‍ ചവിട്ടിയെത്തിയ ഒരു യുവാവാണ് ആ കാഴ്ചയില്‍!

മലയാളസിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത ഒരു കലാകാരന്റെ സിനിമാപ്രവേശനമായിരുന്നു അത്, ക്യാമറാമാന്‍ എന്ന നിലയിലുള്ള എന്റെ സ്വതന്ത്രസംരംഭവും!


[caption id="attachment_57957" align="alignleft" width="424"]tira 3 ഈ ഫോട്ടോയില്‍ മോഹന്‍ ലാലുണ്ട്: തിരനോട്ടത്തിന്റെ ഗ്രൂപ്പ് ഫോട്ടോ[/caption]

'തിരനോട്ടം'എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്നത്. ജൂനിയര്‍ ക്യാമറാമാന്‍ ആയിരുന്ന ഞാന്‍ ആദ്യമായി ഈ ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്യുകയാണ്.

ഈശ്വരചൈതന്യം ആവോളം അന്ന് എനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു.. ഇല്ലെങ്കില്‍ 'മോഹന്‍ലാല്‍' എന്ന അഭിനയവിസ്മയത്തെ തന്നെ എനിക്ക് ക്യാമറയിലൂടെ പൊന്‍കണിയായി ലഭിക്കുകയില്ലയിരുന്നെല്ലോ..

യാന്ത്രികമായി മാറിപോകാന്‍ സാധ്യത ഉണ്ടായിരുന്ന എന്റെ കരിയറില്‍ നിന്ന് മറ്റൊരു തലം ചിന്തിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത് അശോക്കുമാര്‍ ആയിരുന്നു. 'സൂര്യന്റെ മരണം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് അശോക് കുമാര്‍ എന്നെ വന്നു പരിചയപ്പെടുന്നത്. ഈ സിനിമയുടെ സംവിധായകന്‍ രാജീവ്‌നാഥിന്റെ സഹോദരനാണ് ഇദ്ദേഹം.

കൊട്ടാരക്കരയിലായിരുന്നു സിനിമയുടെ ഷൂട്ടിംങ്. ഫിലിം കിട്ടാന്‍ പ്രയാസം നേരിട്ടപ്പോള്‍ ഷൂട്ടിംഗ് മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യുളില്‍ നിന്നും വളരെ വ്യത്യസ്തപ്പെട്ടിരുന്നു. അക്കാലങ്ങളില്‍ അശോക് കുമാറുമായി പരിചയപ്പെടാന്‍ സാധിച്ചിരുന്നു.

ഒരു മാസം കഴിഞ്ഞു കാണും എനിക്ക് ഓഫീസിലേക്ക് അദ്ദേഹത്തിന്റെ ഒരു കോള്‍ എത്തി. അവര്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു, അതിന്റെ ക്യാമറ ഞാന്‍ ചെയ്യണം എന്നാണ് ആവശ്യം.

ഈ കോള്‍ എനിക്കുള്ളത് തന്നെയാണോ എന്നായിരുന്നു എന്റെ സംശയം. കാരണം ഞാന്‍ അതുവരെ സ്വതന്ത്രമായി ക്യാമറ ചെയ്തിട്ടില്ല. എന്റെ സംശയം ഞാന്‍ അശോക് കുമാറുമായി പങ്കു വച്ചു.

[caption id="attachment_57958" align="alignright" width="352"]tira 1 തിരനോട്ടം സിനിമയുടെ ഷൂട്ടിങ്ങ്[/caption]

'ഞാനിതുവരെ സ്വതത്രമായി ക്യാമറ ചെയ്തിട്ടില്ല..പിന്നെങ്ങനെയാണ്? എനിക്ക് അതിനെക്കുറിച്ചു ഒന്നുമറിയില്ലല്ലോ...'

'അതിനെന്താ കുമാര്‍? ഞങ്ങള്‍ക്കും ഒന്നും അറിയില്ലലൊ...ഞങ്ങളും ഈ രംഗത്ത് പുതിയതാണ്... നമ്മുക്ക് ഒന്നു ശ്രമിച്ചു നോക്കാം..ഞങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞു... കുമാര്‍ തന്നെ ഈ സിനിമയുടെ ക്യാമറ ചെയ്യുന്നു..'

അശോക് കുമാറിന്റെ വാക്കുകള്‍ ഏറെ പ്രചോദനവും ആത്മധൈര്യം പകര്‍ന്നു. പക്ഷെ എനിക്ക് ചിലരോട് ചോദിക്കണം എന്ന് തോന്നി..എന്റെ ഗുരുതുല്യനായ ഷാജി സാറിനോട് (ഷാജി.എന്‍.കരുണ്‍) ഞാന്‍ അഭിപ്രായം തേടി.

'നമ്മുക്ക് നല്ലൊരു ഓപ്പണിംഗ് വേണ്ടേ കുമാര്‍? ഇവരില്‍ മിക്ക ആളുകളും പുതിയാകുമ്പോള്‍ അങ്ങനെ ഒന്ന് കിട്ടുമോ?..കുമാര്‍ അങ്ങനെ കരുതുന്നുണ്ടോ? '

ഷാജി സര്‍ സൂചിപ്പിച്ചത് എന്റെ കരിയറിനോടുള്ള അദ്ദേഹത്തിന്റെ കരുതല്‍ നിറഞ്ഞ ആശങ്കയാണ് എന്ന് എനിക്ക് മനസിലായി. അശോക് കുമാറിനോടും സുഹൃത്തുകളോടും ഇത് തന്നെ പറയാന്‍ ഞാന്‍ തീരുമാനിച്ചു. വൈകിട്ട് ഇന്ത്യന്‍ കോഫീ ഹൗസില്‍ കാണാം എന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത്. ഷാജി സാറിന്റെ കാറില്‍ ഞാന്‍ അവിടെയെത്തി.

ഇത് നല്ലൊരു ഓപ്പണിംഗ് ആയിരിക്കുമോ?

സിനിമയെ ഭ്രാന്തെന്നപോലെ കൊണ്ടുനടക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ ഇടയിലേക്കാണ് ഞാന്‍ കയറി ചെന്നത്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സുരേഷ്‌കുമാര്‍ തുടങ്ങി സിനിമയെ അന്ധമായി ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഗമം ആയിരുന്നു അത്. ഇതില്‍ ലാലുവും സുരേഷും മോഹനുമെല്ലാം എംജി കോളേജില്‍ ഒരുമിച്ചു ഉണ്ടായിരുന്നവരാണ്. ആ ചെറുകൂട്ടത്തില്‍ ഞാനും കൂടി. അവിടെ സിനിമ മാത്രമായിരുന്നു ചര്‍ച്ച..

എന്റെ മനസിലുള്ള ആശങ്ക ഞാന്‍ അവരോട് പറഞ്ഞു.

'സ്വതന്ത്രമായി ക്യാമറ ചെയ്യുമ്പോള്‍, നല്ലൊരു ഓപ്പണിംഗ് വേണ്ടേ എന്നാണ് എല്ലാവരും ചോദിക്കുന്നത്..ഞാനെന്താ അവരോട് പറയുക?'

[caption id="attachment_57960" align="alignleft" width="300"]tira 2 തിരനോട്ടം സിനിമയുടെ ഷൂട്ടിങ്ങ്[/caption]

'ശരി, നല്ലൊരു ഓപ്പണിംഗ് കിട്ടാന്‍ വേണ്ടി കാത്തിരിക്കുക എന്ന് തന്നെ തീരുമാനിക്കുക..പക്ഷെ എത്ര കാലം? കുമാറിന് മറുപടി ഉണ്ടോ? അങ്ങനെ ഒന്നു ലഭിക്കാന്‍ വേണ്ടി പത്തു പതിനഞ്ചു വര്ഷം കാത്തിരിക്കേണ്ടി വന്നാലോ?'

അവരുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. അല്ലെങ്കിലും എന്റെ കരിയര്‍ ഇത്തരം ഉത്തരമില്ലായ്മകളില്‍ നിന്നുമുണ്ടായതാണ് എന്നുള്ളതാണ് രസകരം..

എളുപ്പത്തില്‍ വേണ്ടെന്നു വയ്ക്കാവുന്ന ഒരു പ്രോജക്ടില്‍ ഞാന്‍ മൗനം പാലിക്കുന്നത് കണ്ടറിഞ്ഞ ഷാജിസര്‍ എനിക്ക് ആ സിനിമ ചെയ്യാന്‍ പിന്നീട് പിന്തുണ നല്‍കി. 'ചെയ്യുന്നത് നന്നായി ചെയ്യു' എന്നായിരുന്നു ആ അനുവാദം! അങ്ങനെ ഞാന്‍ ആദ്യമായി സ്വതന്ത്ര ക്യാമറാമാന്‍ ആയി.

ക്യാമറാ റോളിംഗ്..ആക്ഷന്‍! ...'തിരനോട്ടം'

അശോക് കുമാറും ശശികുമാറും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് 'തിരനോട്ടം'. ഇതിലെ ശശികുമാര്‍ ഇപ്പോള്‍ സന്യാസിയാണ്, സ്വാമി അശ്വതി തിരുനാള്‍ എന്നാണ് ഇദ്ദേഹത്തിന്റെ ആശ്രമനാമം. അസ്സിസ്റ്റന്റ് ഡയറക്ടറായി ചിത്രത്തില്‍ പ്രിയദര്‍ശനും അരങ്ങേറ്റം കുറിച്ചു.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചാണ് ഈ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. ക്യാമറ റോള്‍ ചെയ്യുമ്പോള്‍ എനിക്ക് പുറകിലായി ആള്‍ക്കൂട്ടത്തില്‍ എന്റെ അച്ഛനും ഉണ്ടായിരുന്നു എന്ന് ഞാന്‍ പിന്നീടറിഞ്ഞു. അച്ഛന്‍ അവിടെ വരും എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. പക്ഷെ അച്ഛന് വരാതിരിക്കുവാനും കഴിയുമായിരുന്നില്ല! ആ സാന്നിധ്യം എന്റെ ശ്രദ്ധ മാറ്റരുത് എന്ന ആഗ്രഹം കൊണ്ടാണ് അച്ഛന്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറി നിന്നതും! നിശബ്ദമായ അനുഗ്രഹങ്ങള്‍ എപ്പോഴും കൂടെയുണ്ടാകുന്ന ഒന്നാണ്!

മോഹന്‍ലാലിന്റെയും മറ്റു ചില സുഹൃത്തുകളുടെയും വീട്ടില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഈ സെറ്റില്‍ എപ്പോഴും ഒരു സുഹൃദ് സംഗമത്തിന്റെ അന്തരീക്ഷമാണ് ഉണ്ടായിരുന്നത് എന്ന് പറയുന്നതില്‍ തെറ്റില്ല.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ചര്‍ച്ചയ്ക്കിടെ ആ അഭിപ്രായം ഉയരുന്നത്-
'നമ്മുക്ക് ലാലുവിനെ ഈ ചിത്രത്തില്‍ അഭിനയിപ്പിച്ചാലോ?'

ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, എല്ലാവര്‍ക്കും സമ്മതമായിരുന്നു ഉണ്ടായിരുന്നതും.

അപ്പോഴാണ് ആ ചോദ്യം ഉയര്‍ന്നത്-

'കുമാര്‍ എന്തു പറയുന്നു....ലാലു ഫോട്ടോജനിക്ക് ആണോ?'

Image result for മോഹന്‍ലാല്‍

നാളത് വരെ മലയാളസിനിമാലോകം ചിരപരിചിതമാക്കി വച്ചിരുന്ന സൗന്ദര്യസങ്കല്‍പ്പത്തില്‍ ലാലു അനുയോജ്യമാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്.

കാലം കാത്തുനിന്നു നല്‍കിയ ആ മറുപടി പക്ഷെ അപ്പോള്‍ പറയേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു.

"എന്താണ് ഫോട്ടോജനിക്ക് എന്ന് പറയാന്‍ എനിക്കറിയില്ല"- ഞാന്‍ തുടര്‍ന്നു..

"ലാലുവിനെ പോലെ ഒരാള്‍ ചെയ്യേണ്ടുന്ന കഥാപാത്രമാണ് അതെങ്കില്‍ അങ്ങനെയൊരു മുഖം തന്നെയല്ലേ അതിനു വേണ്ടത്?"

സിനിമയുടെ സൗന്ദര്യവല്‍ക്കരണ സംവിധാനത്തില്‍ വിശ്വാസമില്ലാത്ത ഒരാളാണ് ഞാന്‍. അച്ചന്‍കുഞ്ഞ്, മുരളി, കൊടിയേറ്റം ഗോപി, ബോളിവുഡിന്റെ അമരിഷ് പൂരി എന്നിവരെയെല്ലാം ഈ സൗന്ദര്യ സങ്കല്‍പ്പത്തില്‍ അളക്കാന്‍ കഴിയില്ല എന്ന് ഞാന്‍ അന്നുംമിന്നും വിശ്വസിക്കുന്നു. ഒരു പക്ഷെ ഇത് എന്റെ അറിവില്ലായ്മയായിരിക്കാം.

എങ്കിലും ഈ അറിവില്ലായ്മയും ഒരു വലിയ ശരിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ദേശങ്ങള്‍ക്കും അപ്പുറം മഹാനടനായി മാറിയ ആ അഭിനയമൂര്‍ത്തിയുടെ ആരംഭം ഇവിടെ നിന്നായിരിക്കും എന്ന് ഞാന്‍ അന്ന് അറിഞ്ഞിരുന്നില്ലല്ലോ..

ഇത് ഒരു നിമിത്തം മാത്രമായിരുന്നില്ല..എന്റെ നിയോഗം കൂടിയായിരുന്നു!

അങ്ങനെ ലാലു എന്റെ ക്യാമറയുടെ മുന്നിലെത്തി. ഒരു ജോലിക്കാരന്റെ വേഷമായിരുന്നു ലാല്‍ അതില്‍ ചെയ്തത്. അധികം സീന്‍ ഒന്നും ലാലുവിനില്ല. ഒരു സൈക്കിള്‍ ചവിട്ടി വരുന്ന ലാലുവിനെ ഞാന്‍ എന്റെ ക്യാമറയില്‍ പകര്‍ത്തി.

പിന്നില്‍ മേഘത്തുണ്ടുകള്‍ അതിവേഗം പാഞ്ഞു പോകുന്നുണ്ടായിരുന്നു...

സ്വപ്നങ്ങള്‍ക്ക് ആകാശത്തോളം ഉയരമാകാം എന്ന് അവ അര്‍ത്ഥമാക്കിയിരുന്നോ? അതോ താരരാജാവിന് ആ മേഘങ്ങള്‍ വഴിയൊരുക്കിയതാകുമോ? ആവോ..അറിയില്ല..കാലങ്ങളെ നിര്‍ണ്ണയിക്കുവാന്‍ നമ്മുക്കെന്ത് അധികാരം..

സത്യം പറഞ്ഞാല്‍ ആ കാഴ്ച ഷൂട്ട് ചെയ്തത് എന്റെ അശ്രദ്ധയായിരുന്നു എന്ന് വേണെമെങ്കില്‍ പറയാം. മേഘങ്ങള്‍ ഇങ്ങനെ അതിവേഗത്തില്‍ പാഞ്ഞു പോകുമ്പോള്‍ ലൈറ്റിനു വ്യതിചലനം ഉണ്ടാകും, ഇത് ചിലപ്പോള്‍ ഷോട്ടിനെ ബാധിച്ചേക്കാം. ഇങ്ങനെയുള്ളപ്പോള്‍ ക്യാമറ കട്ട് ചെയ്യുകയാണ് പതിവ്. പക്ഷെ ഇക്കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെയാണ് ഞാന്‍ ആ ഷോട്ട് എടുത്തത്.


റഷസ് കണ്ടപ്പോഴാണ് ഞാന്‍ ഇത് തിരിച്ചറിയുന്നത്. പ്രിന്റ് ലാബില്‍ എത്തിയപ്പോള്‍ എനിക്ക് വളരെ അഭിനന്ദനം ലഭിച്ച ഒരു ഷോട്ട് കൂടിയായിരുന്നു അത്. ഇന്ന് പോലും അപൂര്‍വ്വമായി ലഭിക്കുന്ന ഒരു മനോഹരക്കാഴ്ചയാണത്. 'കട്ട്' പറയാന്‍ അറിയാതിരുന്ന എന്റെ അറിവില്ലായ്മ ഞങ്ങളുടെ കരിയറിന്റെ അനുഗ്രഹമായി മാറി.
[caption id="attachment_57967" align="alignright" width="300"]tira 6 തിരനോട്ടം ഷൂട്ടിങ്ങ്[/caption]

എനിക്ക് ഇന്ന് ഏറെ സന്തോഷമുണ്ട്..അഭിമാനവും! 'ക്യാമറ റോളിംഗ് ആക്ഷന്‍..' ആ വാക്കുകള്‍ ലാലെന്ന മഹാപ്രതിഭയ്ക്കായി കാലം കാത്ത് വെച്ചതായിരുന്നു. പിന്നെയൊരിക്കലും ഞങ്ങളുടെ കരിയര്‍ കട്ടു ചെയ്യേണ്ടി വന്നിട്ടില്ല എന്നുള്ളത് ഈശ്വരാനുഗ്രഹവും!


അന്ന് ഞങ്ങളാരും എടുത്ത തീരുമാനം അപക്വമായിരുന്നില്ല. ആധികാരികമായി ഞങ്ങളെ ശാസിക്കുവാനും ഞങ്ങളുടെ അഭിപ്രായങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്യുവാനും കഴിയുന്ന നല്ല സൗഹൃദമായി അശോക്കുമാര്‍ സജീവസിനിമാവൃത്തത്തില്‍ നിന്നും അകന്ന് ഇപ്പോഴും തിരുവനന്തപുരത്തുണ്ട്.


'തിരനോട്ടം' റിലീസ് ചെയ്തില്ല... പക്ഷെ അവിടെ നിന്നും തുടങ്ങിയ സൗഹൃദങ്ങള്‍ക്ക് മലയാള സിനിമയില്‍ പലതും ചെയ്യാന്‍ പിന്നെയും അവശേഷിച്ചിരുന്നു.


സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍, ഗായകന്‍, ഛായാഗ്രാഹകന്‍ ഇങ്ങനെ പലതും ചെയ്തു മുന്നോട്ട് പോകാനുള്ള നിയോഗം ഇനിയും അവസാനിച്ചിട്ടില്ലെലോ എന്ന് തിരിച്ചറിയുമ്പോള്‍ ഓര്‍മ്മകള്‍ക്ക് എന്തെന്നില്ലാത്ത ഒരു മധുരമുള്ളത് പോലെ...


Read More >>