അത് രോഗാതുരമായ മനസ്സുള്ളവരുടെ വികൃതസൃഷ്ടി

ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ കൊച്ചുകുട്ടികളോട് അടുത്തുപെരുമാറേണ്ടിവന്നിട്ടുണ്ട്. അവര്‍ കടന്നുപോയ ട്രോമയും നിലതെറ്റിയ മനസ്സും കണ്ടും അറിഞ്ഞും പകച്ചുപോയിട്ടുണ്ട്. ആസ്വദിക്കുന്ന ഇര, ലൈംഗികതയെ കണ്ടെത്തല്‍, തുടങ്ങിയ ബുദ്ധിജീവി വിഷയങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത കുട്ടികള്‍ - ബാലലൈംഗിക പീഡനത്തിന് സൈദ്ധാന്തിക പരിവേഷം നൽകാനെന്ന വിധം സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുന്ന സിനിമയെ കുറിച്ച് അഭിഭാഷകയായ കോകില ബാബു എഴുതുന്നു.

അത് രോഗാതുരമായ മനസ്സുള്ളവരുടെ വികൃതസൃഷ്ടി

ഒപ്പീനിയന്‍/ കോകില ബാബു

ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണു ഞാന്‍. ശക്തമായ ആശയങ്ങള്‍ തീവ്രത ഒട്ടും ചോരാതെ തന്നെ സമൂഹത്തിലെത്തിക്കാന്‍ ഈ ഫോര്‍മാറ്റിനു കഴിയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അപ്രതീക്ഷിതമായി വൈറല്‍ ആകുന്ന ഷോര്‍ട്ട് ഫിലിമുകള്‍ പല നിലവാരത്തിലുള്ള പലതരം ആളുകളിലേക്ക് പൊടുന്നനെ എത്താറുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇപ്പോള്‍ വിവാദത്തിലായ ശൈലജ പതിന്ദലയുടെ മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് അറിയുന്നത്. അതു കണ്ടതോടെ അങ്ങേയറ്റത്തെ അസ്വസ്ഥതയാണുണ്ടായത്. ലൈംഗികത natural instinct ആണ് എന്ന പ്രസ്താവം കൊണ്ട് ലൈംഗികാതിക്രമങ്ങള്‍ ഒരുവേള ഇര സ്വയമറിയാതെ ആസ്വദിക്കുന്നുണ്ടാവാം എന്ന വലിച്ചുനീട്ടലിലേക്ക്, അതിനെ ഭൂതകാലക്കുളിരോടെ ഓര്‍ത്തെടുക്കുന്നുണ്ടാവാം എന്ന കല്പനയിലേക്ക് ഈ ചിത്രം കൊണ്ടുപോകുന്നു എന്നതുകൊണ്ടല്ല, ഈ അസ്വസ്ഥതയുണ്ടാകുന്നത്. പകരം എത്രമാത്രം ഉത്തരവാദിത്വരഹിതമായാണ് ഒരു ശിശുവിന്റെ (മൂന്നാംക്ലാസില്‍ പഠിക്കുന്ന എട്ടുവയസ്സായ ഒരു പെണ്‍കുട്ടിയെ അങ്ങനെ തന്നെയല്ലേ മനസ്സിലാക്കേണ്ടത്) ലൈംഗികാനുഭവത്തെ കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ടാണ്.
രോഗാതുരമായ സമൂഹത്തിനുവേണ്ട രോഗാതുരമായ മനസ്സുള്ളവരുടെ വികൃതസൃഷ്ടിയാണിത്. അഭിഭാഷക എന്ന നിലയിലും മാനസികാരോഗ്യ കേന്ദ്രത്തിലെ ലീഗല്‍ കൗണ്‍സല്‍ എന്ന നിലയിലും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ കൊച്ചുകുട്ടികളോട് അടുത്തുപെരുമാറേണ്ടിവന്നിട്ടുണ്ട്. അവര്‍ കടന്നുപോയ ട്രോമയും നിലതെറ്റിയ മനസ്സും കണ്ടും അറിഞ്ഞും പകച്ചുപോയിട്ടുണ്ട്. ആസ്വദിക്കുന്ന ഇര, ലൈംഗികതയെ കണ്ടെത്തല്‍, തുടങ്ങിയ ബുദ്ധിജീവി വിഷയങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത കുട്ടികള്‍!

കുട്ടികളെ ഉപദ്രവിക്കുന്നവര്‍ക്ക് - അതു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആകാം - തങ്ങള്‍ ഉപദ്രവിക്കുകയല്ല, സുഖം പകരുകയാണ് എന്ന സ്വയം ന്യായീകരണം ചാര്‍ത്തിക്കൊടുക്കാന്‍ ഉപകാരപ്പെടുന്ന സൈദ്ധാന്തികവേലയാണ് ഈ ഹ്രസ്വചിത്രം. ലക്ഷത്തിലൊരാള്‍ക്കുണ്ടായേക്കാവുന്ന റെസ്‌പോണ്‍സുകളെ പൊതുവത്കരിക്കുന്നതിലൂടെ തങ്ങളെന്തോ സമൂഹത്തിലെ കപടസദാചാരത്തിനുനേരെ കലാപം ചെയ്യുകയാണെന്ന ഡോണ്‍ ക്വിക്‌സോട്ടിയന്‍ ധാരണയാകാം ഇവരെ നയിക്കുന്നത്. ഇത്തരക്കാര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല.

ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ധാര്‍മികതയും സദാചാരവും മോശം സംഗതിയൊന്നുമല്ല. അത് പരസ്പരാശ്രിതത്വത്തിന്റേതായ ഒരു നൈതികവലയാണ്. എന്റെ സദാചാരം നിങ്ങളും പാലിക്കണം എന്നു പറയുമ്പോഴാണ് അതു സദാചാര ഗുണ്ടായിസം ആവുന്നത്. അതു സ്വയം തിരിച്ചറിഞ്ഞു പാലിക്കേണ്ട മര്യാദയാണ്. ആ സുജനമര്യാദ ഇല്ല എന്നിടത്താണ് ഈ സിനിമ ഒരു കുറ്റകൃത്യമാവുന്നത്.