യു എസ് സെനറ്റിൽ ആദ്യമായൊരു ഇന്ത്യക്കാരി: കമല ഹാരിസ്

യു എസ് ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വംശജ ഇന്ത്യക്കാരിയായി കമല ഹാരിസ്. വിജയം ഒബാമയുടെ പിന്തുണയോടെ

യു എസ് സെനറ്റിൽ ആദ്യമായൊരു ഇന്ത്യക്കാരി: കമല ഹാരിസ്

അമേരിക്കൻ സെനറ്റിലേക്ക് ആദ്യമായൊരു ഇന്തോ - അമേരിക്കൻ വംശജ. കാലിഫോർണിയയിലെ അറ്റോർണി ജനറലായ കമല ഹാരിസിനാണ് ഈ അസുലഭ നേട്ടം.
സ്വന്തം സ്റ്റേറ്റായ കാലിഫോർണിയയിൽ നിന്നാണ് കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത്. കാലിഫോർണിയയിൽ നിന്ന് യു എസ് ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വംശജ കൂടിയാണ് കമല ഹാരിസ്.

പ്രസിഡണ്ട് ബറാക് ഒബാമയുടെയും വൈസ് പ്രസിഡണ്ട് ജോ ബൈഡന്റയും പിന്തുണയുണ്ടായിരുന്ന ഈ 51-കാരി, ലൊറേറ്റ സാഞ്ചസിനെയാണ് തോൽപ്പിച്ചത്. 1,904,714 വോട്ടു നേടി. മത്സര രംഗത്തിറങ്ങിയപ്പോഴേ മുൻതൂക്കമുണ്ടായിരുന്നു കമല ഹാരിസിന്.


ചെന്നൈയിൽ നിന്ന് കാലിഫോർണിയയിലെ ഓക്ലാന്റിൽ കുടിയേറിയതാണ് കമല ഹാരിസിന്റെ അമ്മ ഡോ.ശ്യാമള ഗോപാലൻ. സ്തനാർബുദ സ്പെഷ്യലിസ്റ്റായ ഡോ.ശ്യാമള ഗോപാലൻ മനുഷ്യാവകാശ പ്രവർത്തകയുമാണ്. അച്ഛൻ ജമൈക്കൻ - അമേരിക്കനാണ്, ഡൊണാൾഡ് ഹാരിസ്. സ്റ്റാൻഫഡ് സർവകലാശാലയിൽ ധനതത്വശാസ്ത്ര അധ്യാപകനാണ്.

യു എസ് അധോസഭയായ പ്രതിനിധിസഭയിലേക്ക് മുമ്പുതന്നെ ഇന്ത്യൻ വംശജർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാലിഫോർണിയയിൽ നിന്നുതന്നെയുള്ള ആമി ബേറാ ഇതിൽപ്പെടും.