കേരളത്തിലും കള്ളപ്പണം വെളുപ്പിക്കല്‍: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിരോധിച്ച നോട്ടു കൊണ്ട് മുന്‍കൂര്‍ ശമ്പളം

പണം വാങ്ങാനെത്തിയ ജീവനക്കാര്‍ക്ക് നിരോധിച്ച ആയിരത്തിന്റേയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നല്‍കിയതോടെയാണ് മെഡിക്കല്‍ കോളേജിന്റെ 'തൊഴിലാളി സ്‌നേഹം' പുറത്തറിഞ്ഞത്.

കേരളത്തിലും കള്ളപ്പണം വെളുപ്പിക്കല്‍: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിരോധിച്ച നോട്ടു കൊണ്ട് മുന്‍കൂര്‍ ശമ്പളം

കൊല്ലം: അടുത്ത മാസം കിട്ടേണ്ട ഈ മാസത്തെ ശമ്പളം മുന്‍കൂര്‍ കൊടുത്ത് തൊഴിലാളികളെ ഞെട്ടിച്ചിരിക്കുകയാണ് കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ്. സ്വതവേ ശമ്പളം നല്‍കാന്‍ മടിയുള്ള മെഡിക്കല്‍ കോളേജ് അധികൃതരാണ് തൊഴിലാളികളെ ഞെട്ടിച്ചത്. പണം വാങ്ങാനെത്തിയ ജീവനക്കാര്‍ക്ക് നിരോധിച്ച ആയിരത്തിന്റേയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നല്‍കിയതോടെയാണ് മെഡിക്കല്‍ കോളേജിന്റെ 'തൊഴിലാളി സ്‌നേഹം' പുറത്തറിഞ്ഞത്.

ഇന്നലെ രാവിലെയാണ് ശമ്പളം വാങ്ങാനെത്തണമെന്ന് ജീവനക്കാരോട് മാനേജ്‌മെന്റ് നിര്‍ദേശിച്ചത്. സാധാരണ രണ്ടാം തിയതി കഴിഞ്ഞ് ശമ്പളം നല്‍കുന്ന മാനേജ്‌മെന്റ് ഇത്തവണ മുന്‍കൂര്‍ നല്‍കുന്നുവെന്ന് ആശ്വസിച്ച ജീവനക്കാരും കൂട്ടത്തിലുണ്ടായിരുന്നു. 7000, 10000, 15000 എന്നീ ഗ്രേഡിലുള്ള ജീവനക്കാര്‍ക്കാണ് മാനേജ്‌മെന്റ് നിരോധിച്ച നോട്ടുകള്‍ കൈമാറിയത്.


എല്ലാ മാസവും ശമ്പളം കൊടുക്കുമ്പോള്‍ രജിസ്റ്ററില്‍ ഒപ്പിട്ടുവാങ്ങുന്ന മാനേജ്‌മെന്റ് ഇത്തവണ വെറുംവെള്ളപ്പേപ്പറിലാണ് ജീവനക്കാരുടെ ഒപ്പ് ശേഖരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിവരം പുറത്തുവിട്ട ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അഞ്ഞൂറ് ബെഡ്ഡുകളുള്ള ഹോസ്പിറ്റല്‍ ശമ്പളം കൊടുത്ത വകയില്‍ കോടിക്കണക്കിന് രൂപയാണ് വെളിപ്പിച്ചെടുക്കാന്‍ ശ്രമിച്ചത്. ലഭിച്ച ശമ്പളം അക്കൗണ്ടില്‍ നിക്ഷേപിച്ചോ, പോസ്റ്റ് ഓഫീസില്‍ നിന്നോ, ബാങ്കില്‍ നിന്നോ മാറിയെടുക്കണമെന്നും മാനേജ്‌മെന്റ് തൊഴിലാളികളെ ഉപദേശിച്ചു.

കഴിഞ്ഞ ഓണത്തിന് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്റെ ഹോസ്പിറ്റല്‍ എംപ്ലോയിസ് യൂണിയന്‍ ഇവിടെ നിരാഹാര സമരം നടത്തിയിരുന്നു. നിരാഹാര സമരത്തിന്റെ പോസ്റ്റര്‍ പതിപ്പിച്ച സിഐടിയു പ്രവര്‍ത്തകരെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ ഗുണ്ടകള്‍ തല്ലിച്ചതച്ചത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സിഐടിയു ജില്ലാക്കമ്മറ്റി വിഷയത്തില്‍ ഇടപെടുകയും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറാവുകയുമുണ്ടായി. അങ്ങനെയാണ് കുറഞ്ഞ ശമ്പളം 4000 ല്‍ നിന്ന് 7000 ലേക്ക് ഉയര്‍ത്തിയത്.

ഇതേ മെഡിക്കല്‍ കോളേജിനെതിരെ വേറേയും ആരോപണങ്ങളുണ്ടായിരുന്നു. 2010 ജൂലൈ 15ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച നിരീക്ഷണ സംഘം ആശുപത്രിയില്‍ പരിശോധന നടത്തിയശേഷം കോളജിന്റെ മെഡിക്കല്‍ പ്രവേശനം തടഞ്ഞിരുന്നു. ഈ നടപടി പിന്നീട് ഹൈക്കോടതി റദ്ദു ചെയ്യുകയായിരുന്നു.

സ്വകാര്യ ട്രസ്റ്റിന്റേതാണ് മെഡിക്കല്‍ കോളേജ്.

Read More >>