മീഡിയാ വൺ ചാനലിന്റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കുമോ?

ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് ലഭിച്ച വിവരം ചാനൽ ഡെപ്യൂട്ടി സിഇഒ സാജിത് നാരദാ ന്യൂസിനോട് സ്ഥിരീകരിച്ചു. തങ്ങളുടെ വിശദീകരണത്തിനു ശേഷമുളള നടപടികളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മീഡിയാ വൺ ചാനലിന്റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കുമോ?

ദില്ലി ബ്യൂറോ

ദില്ലി:  എൻഡിടിവിയ്ക്കെതിരെയുളള കേന്ദ്രസർക്കാർ നീക്കത്തിനു പിന്നാലെ കേരളത്തിലെ മീഡിയാ വൺ, തമിഴിലെ സത്യം ന്യൂസ് എന്നിവയടക്കം ഒമ്പതു ചാനലുകളുടെ ഭാവിയ്ക്കു നേരെയും സന്ദേഹങ്ങളുയരുന്നു. ഇന്ത്യാ വിരുദ്ധ ഉളളടക്കത്തിന്റെ പേരിൽ മീഡിയാ വണ്ണിന്റെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ചാനൽ മേധാവികൾക്ക് എട്ടു മാസങ്ങൾക്കു മുന്നേ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചാനലിന്റെ വിശദീകരണത്തിനു ശേഷം പിന്നീട് നീക്കങ്ങളൊന്നുമുണ്ടായില്ല. എന്നാൽ വിഷയം കേന്ദ്രസർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നാണ് സൂചനകൾ.

ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് ലഭിച്ച വിവരം ചാനൽ ഡെപ്യൂട്ടി സിഇഒ സാജിത് നാരദാ ന്യൂസിനോട് സ്ഥിരീകരിച്ചു. തങ്ങളുടെ വിശദീകരണത്തിനു ശേഷമുളള നടപടികളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് മീഡിയാ വണ്ണിന് നോട്ടീസ് അയച്ചതെന്നാണ് വിവരം. ഇന്ത്യാ വിരുദ്ധ ഉളളടക്കം തന്നെയായിരുന്നു ആരോപണം. എന്നാൽ ഇന്ത്യാ വിരുദ്ധമായ ഉളളടക്കം എന്ത് എന്ന് നോട്ടീസിൽ വ്യക്തമാക്കിയിരുന്നില്ല.

ചാനലുകളുടെ ലൈസൻസ് വേട്ടയാടാൻ കേന്ദ്രസർക്കാർ

ഇന്ത്യയിലെ ഏകദേശം 150 ചാനലുകളും റൺ ചെയ്യുന്നത് തേഡ് പാർടി ലൈസൻസിലാണ്. നിലവിലുളള ചാനലുകളുടെ ലൈസൻസ് വാടകയ്ക്കെടുത്താണ് അവ പ്രവർത്തിക്കുന്നത്. ഇത്തരം ചാനലുകളെയെല്ലാം വേട്ടയാടാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

സാധന ഗ്രൂപ്പിന്റെ ലൈസൻസിൽ ഇരുപത്തഞ്ചോളം ചാനലുകളാണ് പ്രവർത്തിക്കുന്നത്. സാധനയുടെ അഞ്ചു ചാനലുകളും സർക്കാർ പൂട്ടിച്ചു. അതോടെ, സാധനയുടെ ലൈസൻസിൽ പ്രവർത്തിച്ചുവന്ന മറ്റു ചാനലുകളുടെ ഭാവിയും അവതാളത്തിലായി.

Read More >>