മാവോയിസ്റ്റുകളെ കൊന്നതു തെറ്റായ നടപടി; കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു പിണറായിക്ക് വിഎസിന്റെ കത്ത്

ഇന്ത്യയില്‍ പല സ്ഥലങ്ങളിലും വ്യാജ ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. അതിലെല്ലാം ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സിപിഐഎം. ആ നയത്തിന് യോജിക്കാത്ത നിലയിലുള്ള ഏറ്റുമുട്ടലാണ് ഇവിടെയുണ്ടായിരിക്കുന്നത്. മാവോയിസ്റ്റുകളുടെ സംരക്ഷകര്‍ ഉന്നതരല്ല. ദലിതരും ആദിവാസികളും അടങ്ങുന്ന ചെറിയ വിഭാഗമാണെന്നത് കൂടി ഓര്‍ക്കണം. അത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.

മാവോയിസ്റ്റുകളെ കൊന്നതു തെറ്റായ നടപടി; കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു പിണറായിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് വിഎസിന്റെ കത്ത്. മാവോയിസ്റ്റുകളെ കൊന്നത് തെറ്റായ നടപടിയാണെന്നും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും തെറ്റായ ആശയ പ്രചാരണം നടത്തുന്നവരെയും കൊല്ലരുതെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായ വിഎസ് അച്യൂതാനന്ദന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അവരുമായി ചര്‍ച്ച വേണമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. പോലീസുകാരുടെ മനോവീര്യം തകര്‍ക്കാനല്ല, കാര്യപ്രാപ്തിയോടു കൂടീ പെരുമാറാനാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നും വിഎസ് കത്തില്‍ വ്യക്തമാക്കുന്നു.


വ്യാജ ഏറ്റുമുട്ടല്‍ സിപിഐഎം നയമല്ല. കൊലപാതകം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. വിവരങ്ങള്‍ മറച്ചുവയ്ക്കപ്പെട്ടത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കുറെയേറെ വസ്തുതകള്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പാകെ വെളിപ്പെടുകയാണ്. അതെല്ലാം ഞെട്ടിക്കുന്നതാണ്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും വ്യാജ ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. അതിലെല്ലാം ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സിപിഐഎം. ആ നയത്തിന് യോജിക്കാത്ത നിലയിലുള്ള ഏറ്റുമുട്ടലാണ് ഇവിടെയുണ്ടായിരിക്കുന്നത്. മാവോയിസ്റ്റുകളുടെ സംരക്ഷകര്‍ ഉന്നതരല്ല. ദലിതരും ആദിവാസികളും അടങ്ങുന്ന ചെറിയ വിഭാഗമാണെന്നത് കൂടി ഓര്‍ക്കണം. അത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.

നിലമ്പൂരിലേത് ഏറ്റുമുട്ടലല്ല, കൊലപാതകമാണെന്ന് ആരോപിച്ച് സിപിഐയും നിരവധി മനുഷ്യാവകാശ സംഘടനകളും ആദ്യം മുതല്‍ രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റുകളെ വധിച്ച നടപടിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സിപിഐഎം മാത്രമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക നിലപാട് വ്യക്തമാക്കാതിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് പിന്നീട് അഭിപ്രായം പറയാമെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് സിപിഐഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവായ വിഎസ് തന്നെ മാവോയിസ്റ്റ് വധത്തിനെതിരെ രംഗത്തെത്തിയത്.