ലാഭകരമല്ലെന്ന് വാദം; കല്ലമ്പലത്ത് സ്‌കൂള്‍ ക്ലാസ് മുറികള്‍ മാനേജര്‍ താഴിട്ടുപൂട്ടി

കല്ലമ്പലം മരുതിക്കുന്ന് ഭാസുരവിലാസം യുപി സ്‌കൂളിന്റെ മൂന്നു ക്ലാസ് മുറികളും കഞ്ഞിപ്പുരയുമാണ് മാനേജര്‍ പൂട്ടിയത്. സ്‌കൂള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് മാനേജര്‍ കഴിഞ്ഞ മെയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷയ്ക്ക് മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്നു രാവിലെ പത്തോടെ മാനേജറെത്തി സ്‌കൂള്‍ പൂട്ടിയത്.

ലാഭകരമല്ലെന്ന് വാദം; കല്ലമ്പലത്ത് സ്‌കൂള്‍ ക്ലാസ് മുറികള്‍ മാനേജര്‍ താഴിട്ടുപൂട്ടി

കല്ലമ്പലം: സ്‌കൂള്‍ നടത്തുന്നത് ലാഭകരമല്ലെന്ന് പറഞ്ഞു മാനേജര്‍ ക്ലാസ് മുറികളും ഉച്ചഭക്ഷണം തയ്യാറാക്കുന്ന മുറിയും താഴിട്ടുപൂട്ടി. കല്ലമ്പലം മരുതിക്കുന്ന് ഭാസുരവിലാസം യുപി സ്‌കൂളിന്റെ മൂന്നു ക്ലാസ് മുറികളും കഞ്ഞിപ്പുരയുമാണ് മാനേജര്‍ പൂട്ടിയത്. സ്‌കൂള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് മാനേജര്‍ കഴിഞ്ഞ മെയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷയ്ക്ക്
മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്നു രാവിലെ പത്തോടെ മാനേജറെത്തി ക്ലാസ് മുറികള്‍ പൂട്ടിയത്.


സ്‌കൂള്‍ പൂട്ടിയതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മാനേജരെ ഉപരോധിച്ചത് സംഘഷാവസ്ഥാ സൃഷ്ടിച്ചു. സ്‌കൂള്‍ ലാഭകരമല്ലന്ന തൊടുന്യായം നിരത്തി അടച്ചുപൂട്ടാനുള്ള നീക്കമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്നും അത് പ്രതിഷേധാര്‍ഹമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്തെ ഏറ്റവും സാധാരണക്കാരായ ആളുകളുടെ മക്കള്‍ പഠിക്കുന്ന ഈ വിദ്യാലയത്തെ ലാഭക്കൊതിയുടെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് പള്ളിക്കല്‍ എസ്‌ഐ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ്, കിളിമാനൂര്‍ എഇഒ, പിടിഎ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ അടച്ചുപൂട്ടിയ ക്ലാസ് മുറികള്‍ തുറന്നുനല്‍കാമെന്നും മുറികളുടെ താക്കോല്‍ പിടിഎക്കു നല്‍കാമെന്നും മാനേജര്‍ ഉറപ്പുനല്‍കി. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയ്ക്കു അയവുവന്നത്.

സ്‌കൂള്‍ അണ്‍ എക്കണോമിക് ആണെന്ന് വാദം ഉന്നയിച്ച് മാനേജ്‌മെന്റ് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് എഇഒക്ക് അപേക്ഷ നല്‍കിയത്. അതേസമയം, ക്ലാസ് മുറികള്‍ പൂട്ടിയ നടപടി നിയമവിരുദ്ധമാണെന്നും മാനേജര്‍ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടി ഡിപിഐയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കിളിമാനൂര്‍ എഇഒ മുഹമ്മദ് ഷിറാസ് നാരദാ ന്യൂസിനോട് പറഞ്ഞു. മെയ് 31നാണ് അപേക്ഷ കിട്ടേണ്ടത്. എന്നാല്‍ ജൂണ്‍ പകുതിയോടെയാണ് ഇത് ലഭിച്ചത്. നിയമപ്രകാരം തനിക്കല്ല, ഡിപിഐയ്ക്കാണ് അപേക്ഷ നല്‍കേണ്ടത്. എങ്കിലും അപേക്ഷ ലഭിച്ചപ്പോള്‍ തന്നെ അത് താന്‍ ഡിപിഐയ്ക്ക് കൈമാറിയെന്നും എഇഒ വ്യക്തമാക്കി. ഡിപിഐയുടെ ഉത്തരവ് വരാത്ത സ്ഥിതിക്ക് ഇത്തരമൊരു നടപടിയുണ്ടായത് ശരിയല്ല. 80ഓളം കുട്ടികളും അധ്യാപകരുമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂളാണത്. ഒരുപക്ഷേ ഒരുതരത്തിലും മുന്നോട്ടുപോവാനാവാത്ത സ്ഥിതിയില്‍ ആയാല്‍ മാത്രമേ പൂട്ടുന്നതടക്കമുള്ള നടപടിയിലേക്ക് പോവാനൊക്കൂ. എങ്കിലും അതിന് മാനേജര്‍ക്ക് അധികാരമില്ല. സര്‍ക്കാര്‍ തലത്തിലുള്ള ഉത്തരവുകള്‍ മുന്‍നിര്‍ത്തി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അതിന് അധികാരമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

നാവായിക്കുളം പഞ്ചായത്തിലെ കുടവൂര്‍ മരുതിക്കുന്നില്‍ അരനൂറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് ഭാസുരവിലാസം യുപി സ്‌കൂള്‍. 80 കുട്ടികളാണ് ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 40 ആയിരുന്നു. തുടര്‍ന്ന് ലാഭകരമല്ലെന്നു പറഞ്ഞ് മാനേജര്‍ അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്‌കൂള്‍ സംരക്ഷണസമിതി രൂപീകരിച്ച് 40 കുട്ടികളെ കൂടി കണ്ടെത്തുകയായിരുന്നു. ആറ്റിങ്ങല്‍ എംപി എ സമ്പത്ത്, വര്‍ക്കല എംഎല്‍എ അഡ്വ. വി ജോയി എന്നിവരും സംരക്ഷണ സമിതിയില്‍ അംഗങ്ങളാണ്.

Read More >>