പണം ലഭിക്കാനുള്ള തടസ്സം; വയോധികനു പെരുവഴിയില്‍ മരണം

നിശ്ചിതതുകയ്ക്കു മുകളില്‍ ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പണത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണു പൊടിയന്‍റെ ജീവന്‍ പൊലിയാന്‍ കാരണമെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

പണം ലഭിക്കാനുള്ള തടസ്സം; വയോധികനു പെരുവഴിയില്‍ മരണം

പത്താനാപുരം: ഹൃദയാഘാതമുണ്ടായ മധ്യവയസ്കന്‍ പണത്തിന്‍റെ ദൌര്‍ലഭ്യത്തെ തുടര്‍ന്നു മരണപ്പെട്ടു. പട്ടാഴി കന്നിമേല്‍ ചന്തക്കുന്നില്‍ വീട്ടില്‍ പൊടിയനാണ് ഇന്നു രാവിലെ ശരിയായ ചികിത്സ ലഭ്യമാകാതെ മരിച്ചത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു പൊടിയനെ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് അടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ എത്രയുംവേഗം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയ്ക്കാനായിരുന്നു അവര്‍ക്ക് അവിടെയുള്ള ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം.


തുടര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള പണം കണ്ടെത്താന്‍ സ്വര്‍ണ്ണം പണയം വയ്ക്കാന്‍ പൊടിയന്‍റെ കുടുംബം നിശ്ചയിച്ചു. ഇതിനായി പൊടിയന്റെ ഭാര്യ മണി ആശുപത്രിക്കു സമീപമായി അടൂരിലെ സ്വകാര്യപണമിടസ്ഥാപനങ്ങളെ സമീപിക്കുകയായിരുന്നു. എന്നാല്‍ നിലവിലെ നോട്ട് പ്രതിസന്ധി മൂലം അവര്‍ക്ക് ആവശ്യമുള്ള പണം നല്‍കാന്‍ ഈ പണമിടപാടു സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നില്ല എന്ന മറുപടിയാണു ലഭിച്ചത്.

പട്ടാഴിയില്‍ തിരികെ എത്തിയ മണി വീടിനു സമീപത്തുള്ള സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയം വച്ചു. അവിടെ നിന്നും തുക സ്വരുക്കൂട്ടി പൊടിയനുമായി മെഡിക്കല്‍ കോളജിലേക്ക് തിരിച്ചു.
എന്നാല്‍, യാത്രാമദ്ധ്യേ ആയൂരിന് സമീപം വച്ചു പൊടിയന്‍ മരിച്ചു.

നിശ്ചിതതുകയ്ക്കു മുകളില്‍ ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പണത്തിനു വേണ്ടിയുള്ള നെട്ടോട്ടമാണു പൊടിയന്‍റെ ജീവന്‍ പൊലിയാന്‍ കാരണമെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. ഈടായി സ്വര്‍ണ്ണം നല്‍കിയാലും പണം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്.

ശരിയായ ചികിത്സ പോലും അച്ഛന് നല്‍കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയിലാണു പൊടിയന്‍റെ മക്കളായ മനോജ്, മനു, മഞ്ചു എന്നിവര്‍.