മരുഭൂമിയിലിരുന്ന് നിങ്ങളെ സല്യൂട്ടു ചെയ്യുന്നയാളെ പുച്ഛിക്കരുത്; അതൊരു സൂപ്പർതാരമാകുമ്പോൾ പ്രത്യേകിച്ചും...!

എന്തെന്തു ബുദ്ധിമുട്ടുകൾ സഹിച്ചാവും, കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഉപയോഗിച്ച തോക്ക് അദ്ദേഹം സ്വന്തം വീട്ടിലെത്തിച്ചിട്ടുണ്ടാവുക? കൊച്ചിയിലെ വീട്ടിലിരുന്ന ആനക്കൊമ്പിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ തീർക്കാൻ എന്തെന്തു ബുദ്ധിമുട്ടുകളാണ് അദ്ദേഹം നിത്യേനെ സഹിച്ചുകൊണ്ടിരിക്കുന്നത്!

മരുഭൂമിയിലിരുന്ന് നിങ്ങളെ സല്യൂട്ടു ചെയ്യുന്നയാളെ പുച്ഛിക്കരുത്; അതൊരു സൂപ്പർതാരമാകുമ്പോൾ പ്രത്യേകിച്ചും...!

മോഹൻലാലിന്റെ അഭിനയശേഷിയ്ക്കു മുന്നിൽ വാക്കുകളും വാഴ്ത്തുമൊഴികളും ഒന്നുമല്ല.  സംവിധായകന്റെ ആക്ഷനും കട്ടിനുമിടയിൽ തുടങ്ങിത്തീരുന്ന ഒന്നല്ല അത്. അനാദിയിൽ നിന്ന് അനന്തതയിലേയ്ക്കു നീളുന്ന ഒരു മഹാവിസ്മയം. ഇംഗ്ലീഷിൽ പറഞ്ഞാൽ "ദി കംപ്ലീറ്റ് ആക്ടർ". അടിമുടി അഭിനയം. ഭാവം അനായാസമായി മാറും. അയത്നലളിതമായി ഡയലോഗുകൾ പ്രവഹിക്കും. അതൊരു കലയാണ്. കഴിവാണ്.

മേജർ രവിയുടെ തിരക്കഥയിലെ കഥാപാത്രത്തെക്കുറിച്ചും പ്രധാനമന്ത്രി നോട്ടു പിൻവലിച്ചതിനെക്കുറിച്ചും അദ്ദേഹം ആധികാരികമായി സംസാരിക്കും. ഓഷോ രജനീഷിനെ വാഴ്ത്തിപ്പാടുന്ന അതേ ലാഘവത്തോടെ.  അതാണ് കഴിവ്. അതാണ് കല.

സിബി മലയിൽ സങ്കടപ്പെടാനും  ഷാജി കൈലാസ് മീശ ചുരുട്ടാനും രഞ്ജിത്ത് മുണ്ടുമടക്കിക്കുത്താനും രഞ്ജിപ്പണിക്കർ തെറി പറയാനും മേജർ രവി തോക്കെടുക്കാനും പറഞ്ഞാൽ വിനയത്തോടെ അനുസരിക്കുന്ന കലാകാരനാണദ്ദേഹം. സംവിധാനം ചെയ്യുന്നവരുടെ കൽപ്പന നടൻ അനുസരിക്കണം. മനോധർമ്മം ആകാം. പക്ഷേ, സംവിധായകൻ പറയുന്ന വളയത്തിനപ്പുറം പോകരുത്. അതിനാണ് നിർമ്മാതാവ് പണം കൊടുക്കുന്നത്. നിലവിലെ ഇന്ത്യൻ പ്രധാനമന്ത്രിയും വലിയൊരു സംവിധായകനാണ്. നിർമ്മാതാക്കളുടെ വേഷത്തിൽ കോർപറേറ്റുകളുമുണ്ട്.

എന്നുവെച്ചാൽ മോഹൻലാലിനെ സംബന്ധിച്ച് കോട്ടിട്ട ഒരു മേജർ രവിയാണ് നരേന്ദ്രമോഡി. രവി ചിന്ന ബഡായിയെങ്കിൽ മറ്റേത് ബഡാ ബഡായി. പക്ഷേ, സംവിധായകൻ സംവിധായകനാണ്. അയത്നലളിതമായി സങ്കീർണഭാവങ്ങൾ അഭിനയിക്കേണ്ടി വരും.... സ്വാഭാവികം.

മോഹൻലാലിപ്പോൾ ജയ്പൂരിൽ നിന്നും അഞ്ഞൂറിലധികം കിലോമീറ്റർ  അപ്പുറമുളള സൂരത്ഗർ എന്ന സ്ഥലത്താണ്. അതും മേജർ രവിയുടെ ലൊക്കേഷനിൽ. സൂരത്ഗറിലൊരു  മിലിറ്ററി ക്യാൻറീനുണ്ട്. ആ കാന്റീനൊരു വാർത്താ പ്രാധാന്യവും.

ഇക്കഴിഞ്ഞ ജൂൺ മുപ്പതിനാണ് ആ കാൻറീനിലെ പട്ടാളക്കാരനെ പതിനേഴര കോടിയുടെ ഹെറോയിനുമായി ബിഎസ്എഫ് അറസ്റ്റു ചെയ്തത്. ഡിറ്റണേറ്റർ അടക്കമുളള സ്ഫോടകവസ്തുക്കളും അയാളുടെ കൈവശമുണ്ടായിരുന്നത്രേ. മയക്കുമരുന്നു കടത്തും ആയുധക്കടത്തും കളളപ്പണവുമായുളള ബന്ധം മനസിലാക്കാൻ തീകച്ചും അനുയോജ്യമായ സ്ഥലമാണ് സൂരത്ഗർ. ഇപ്പോഴവിടെ സിനിമാക്കാരുമുണ്ട്. സ്വാഭാവികമായും അവിടെയിരുന്നു ബ്ലോഗെഴുതിയാൽ ആരും കളളപ്പണത്തിനെതിരെ ആഞ്ഞടിച്ചുപോകും.

"കളളപ്പണവും കളളനോട്ടുമായി തിളയ്ക്കുന്ന ഒരു സമാന്തരലോകം ഇവിടെ നിലനിൽക്കുന്നു"വെന്നാണ് മോഹൻലാൽ  ബ്ലോഗിലെഴുതിയത്. എന്തൊരു ഡയലോഗാണത്!  ആത്മാവിൽ തൊട്ടെഴുതിയ ഈയൊരൊറ്റ വാചകത്തിന്റെ രൂപകൽപനയോടെ തിരക്കഥാ-സംഭാഷണത്തിന്റെ കുലഗുരുവായി പരിഗണിക്കപ്പെട്ടുപോരുന്ന സാക്ഷാൽ എംടി പോലും പ്രസ്തുത സൂപ്പർതാരത്തിന് കാതങ്ങൾ പിന്നിലാവുകയാണ്. ആ വാചകത്തിന്റെ ഘടന നോക്കൂ. "കളളപ്പണവും കളളനോട്ടുമായി തിളയ്ക്കുന്ന സമാന്തര ലോകം".

ആ സമാന്തര ലോകത്തിന്റെ തിളപ്പും പളപളപ്പും മോഹൻലാലിനോളം ഏറ്റു വാങ്ങിയ ആരുണ്ടാകും, ഭൂമി മലയാളത്തിൽ? അതുമാത്രമോ, 2011 ജൂലൈയിലും സെപ്തംബറിലുമായി ഇൻകംടാക്സുകാർ ആ സമാന്തരലോകത്തിലേയ്ക്ക് ഇടിച്ചു കയറിയതും തുടർന്ന് ലെഫ്റ്റ്നെറ്റ് കേണലിനെതിരെ പരേതനായ സുകുമാർ അഴിക്കോട് വിളിച്ചു കൂവിയ അസഭ്യങ്ങളും ആരു മറന്നാലും അനുഭവസ്ഥൻ മറക്കില്ല.

മുപ്പതു കോടിയുടെ ഒരു കണക്കായിരുന്നു, അന്നു പറഞ്ഞുകേട്ടത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളും ഓഫീസും റെയിഡു ചെയ്ത ശേഷം. മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ നിന്ന് ആനക്കൊമ്പു  പിടിച്ചെടുത്തത് ആ റെയിഡിലായിരുന്നു.

ദുബായിലെ ബുർജ് ഖലീഫയിലെ ഫ്ലാറ്റിന്റെ വിവരങ്ങളും ബോബി മറൈൻ ഗ്രൂപ്പുമായി ചേർന്നുളള പങ്കുകച്ചവടത്തിന്റെ വെളിപ്പെടുത്താത്ത വിവരങ്ങളും കുളച്ചൽ യുദ്ധകാലത്ത് മാർത്താണ്ഡ വർമ്മ ഉപയോഗിച്ച, സർക്കാരിന്റെ പുരാവസ്തു ശേഖരത്തിൽ നിന്ന് കളവുപോയ തോക്കും വാളുമൊക്കെയാണ് ആ സമാന്തരലോകത്തിൽ ആദായനികുതി വകുപ്പുകാർ കണ്ടത്. ആ തിളപ്പു കണ്ട് അവർ ഞെട്ടി. മുരുകനെക്കണ്ട പുലിയെപ്പോലെ.

വിചിത്രമായ അഭിപ്രായങ്ങൾ പറയാൻ അന്നുമുണ്ടായിരുന്നു, ആരാധകർ.  റെയിഡിനെക്കുറിച്ച് റെഡിഫ് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ചുവട്ടിൽ ഉജ്വലമായ ഒരു കമന്റുണ്ട്. സൂപ്പർതാരങ്ങളുടെ വീടു റെയിഡു നടത്തുമ്പോൾ കളളപ്പണത്തിന്റെയും അനധികൃത സമ്പാദ്യത്തിന്റെയും കണക്കല്ല ഇൻകംടാക്സുകാർ ശേഖരിക്കേണ്ടതെന്നും അവരുടെ വീട്ടിലെ പുരസ്കാരങ്ങളുടെ കണക്കാണെന്നുമായിരുന്നു ആ സുചിന്തിതമായ അഭിപ്രായം. മേജർ രവിയാണോ കമന്റെഴുതിയത് എന്നു വ്യക്തമല്ല.

കോമൺവെൽത്ത് ഇൻക്ലൂസീവ് വെൽത്ത് ഫൌണ്ടേഷനിൽ തുടങ്ങി വിസ്മയ മൾട്ടിപ്ലെക്സ് പ്രൈവറ്റ് ലിമിറ്റഡിൽ വരെ അവസാനിക്കുന്ന ഒമ്പതു കമ്പനികളുടെ ഡയറക്ടറാണ് മോഹൻലാൽ. അവയിൽ മൂന്നെണ്ണത്തിന്റെ ഡയറക്ടർ ബോർഡിൽ മലേക്കുടി ജോസഫ് ആൻറണിയെന്നൊരാളുണ്ട്. അതേ...  ആൾ അതുതന്നെ. സാക്ഷാൽ ആന്റണി പെരുമ്പാവൂർ.

തന്റെ വാഹനത്തിൽ പണമോ ആഭരണമോ വെച്ചു മറഞ്ഞ അജ്ഞാതനായ യാത്രക്കാരനെത്തേടിപ്പോകുന്ന ഓട്ടോ ഡ്രൈവറെ സ്മരിച്ച പ്രധാനമന്ത്രിയെ ഓർത്തു തന്റെ കുറിപ്പിൽ പുളകം കൊള്ളുന്നുണ്ട്, മോഹൻലാൽ. അതു വായിച്ച് കുടുകുടാ ചിരിക്കാൻ ആന്റണി പെരുമ്പാവൂരെന്ന അദ്ദേഹത്തിന്റെ ഡ്രൈവർക്ക് അവകാശമുണ്ട്. അജ്ഞാതനായ യാത്രക്കാരന്റെ പണമല്ലല്ലോ, ആ ഡ്രൈവറുടെ പക്കലുളളത്.

1987ൽ നാടോടിക്കാറ്റിന്റെ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലുമായി ആന്റണി പെരുമ്പാവൂർ പരിചയമാകുന്നത്. പിന്നീടെപ്പോഴോ അവർ പരസ്പരം, "തേടിവരും  കണ്ണുകളിൽ ഓടിയെത്തിയ സ്വാമി"മാരായി.  2011 ജൂലൈയിൽ മോഹൻലാലിന്റെ വീടു റെയിഡു ചെയ്തപ്പോൾ ഇൻകംടാക്സുകാർ ആൻറണി പെരുമ്പാവൂരിന്റെ വീടും റെയിഡു ചെയ്തു. ആ നിലയിലേയ്ക്കാണ് ബന്ധം വളർന്നത്. പത്തിരുപത്തി രണ്ടു ബിഗ്ബജറ്റ് ലാൽ ചിത്രങ്ങളുടെ നിർമ്മാതാവ്.

കേട്ടറിവിനെക്കാൾ വലുതാണ് മുരുകൻ എന്ന സത്യം എന്ന് എം ആർ ഗോപകുമാർ വക ഒരു ഡയലോഗുണ്ട്, പുലി മുരുകൻ സിനിമയിൽ. മുരുകന്റെ സ്ഥാനത്ത് മോഹൻലാലെന്നോ ആൻറണി പെരുമ്പാവൂരെന്നോ ചേർത്തു നോക്കുക.

2011 സെപ്തംബറിൽ ആർക്കിയോളജി വകുപ്പുദ്യോഗസ്ഥർ മോഹൻലാലിന്റെ ഊട്ടിയിലെ വീടു റെയിഡു ചെയ്തു.  നാലു തോക്ക്, നൂറു വർഷത്തിനു മേൽ പഴക്കമുളള രണ്ടു സ്വർണപ്രതിമകൾ, എന്നിവയുൾപ്പെടെ അസംഖ്യം പുരാവസ്തുക്കളുടെ ശേഖരമായിരുന്നു ആ വീട്ടിൽ. എവിടെ നിന്നു വാങ്ങിയെന്നോ എത്ര രൂപ വില നൽകിയെന്നോ ഒരു കണക്കും എവിടെയുമില്ല. കിട്ടിയതെല്ലാം വാരിക്കൂട്ടി ഒരു മുറിയിട്ട് സീൽ വെച്ചുവെന്നായിരുന്നു വാർത്ത.

അന്ന്, മറ്റൊരു വിവരം കൂടി കേട്ടിരുന്നു. പോലീസിന്റെ നോട്ടപ്പുളളിയായ ഗുൽഷൻ എന്ന ബോളിവുഡ് നിക്ഷേപകനുമൊത്തുളള പങ്കു കച്ചവടം. ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം ഗുൽഷനു കൈമാറ്റം ചെയ്യുന്ന കളളക്കച്ചവടത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾ ഏർപ്പെട്ടിട്ടുണ്ടോ എന്നൊരു സംശയം അന്വേഷണ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നു. ആ അന്വേഷണം എന്തായെന്നും ഒരു വിവരവുമില്ല.

"വലിയ പണച്ചെലവുളള സിനിമാ മേഖലയിൽ നോട്ടു പിൻവലിക്കൽ തീരുമാനം വേഗം പ്രതിഫലിക്കുമെന്നും വ്യക്തിപരമായി താനുമായി ബന്ധപ്പെട്ട പലമേഖലകളിലും സാമ്പത്തിക പുനഃക്രമീകരണം വല്ലാതെ ബാധിക്കു"മെന്നും മോഹൻലാൽ ബ്ലോഗിലെഴുതിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ശരിയല്ലേ എന്നു തോന്നിപ്പിക്കുന്ന വെളിപ്പെടുത്തൽ. അതാണല്ലോ അഭിനേതാവിന്റെ മിടുക്കും.

ഇന്ത്യയിലെ കളളപ്പണത്തിന്റെ ഏറ്റവും വലിയ നിക്ഷേപമേഖല സിനിമയാണ്. ഇന്ത്യൻ സിനിമാ നിർമ്മാണ വ്യവസായത്തിന്റെ രക്തവും മജ്ജയും കളളപ്പണമാണ്. പക്ഷേ, നോട്ടുപിൻവലിക്കൽ ആ നിക്ഷേപത്തിൽ വല്ല മാറ്റവും വരുത്തുമോ? സാധ്യത കുറവാണ്.

കളളവൌച്ചറുകളെഴുതാൻ പ്രത്യേക വൈദഗ്ധ്യമുളളവരാണ് ചെലവഴിക്കുന്ന പണം കണക്കുബുക്കിലെത്തിക്കുന്നത്.  കളള ടാക്സി ബില്ലുകൾ, ജൂനിയർ ആർടിസ്റ്റുകളുടെ ഉയർന്ന ശമ്പളബില്ലുകൾ, ഇല്ലാത്ത സ്റ്റാഫിന്റെ ഭക്ഷണച്ചെലവ്, വൈവിദ്ധ്യമാർന്ന അനാമത്ത് ചെലവുകൾ, അസംഖ്യം കാറുകളുടെ പെട്രോൾ ചെലവ്, പെരുപ്പിച്ച നിർമ്മാണച്ചെലവ് - ഉദാഹരണത്തിന് ആയിരം ബാഗ് പ്ലാസ്റ്റർ ഓഫ് പാരീസ് വാങ്ങിയെന്ന് കണക്കിലെഴുതും. യഥാർത്ഥത്തിൽ നൂറിൽ താഴെയായിരിക്കും വാങ്ങിയിരിക്കുക - വിതരണ, പരസ്യച്ചെലവുകളുടെ പെരുപ്പിച്ചെഴുതൽ തുടങ്ങി നാനാതരം അടവുകളിലൂടെയാണ് സിനിമാനിർമ്മാണത്തിന്റെ കണക്കെഴുത്തു പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നോട്ടു പിൻവലിച്ചുവെന്നു വെച്ച് ഈ അക്കൌണ്ടന്റുമാരുടെ ജോലി വെളളത്തിലാവുമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

നിർമ്മാതാക്കളുും താരങ്ങളും  നോട്ടുകെട്ടുകൾ സ്യൂട്ട് കേസിലാക്കി കുളിമുറിയുടെ സീലിംഗിൽ സൂക്ഷിക്കുകയാണോ ചെയ്യുക? അല്ലേയല്ല. നിക്ഷേപത്തിന്റെ അനന്തസാധ്യതകൾ ഇന്ന് അവരുടെ മുന്നിലുണ്ട്. സ്വർണം, റിയൽ എസ്റ്റേറ്റ്, പൊറോട്ട മുതൽ സംഗീത വ്യവസായം വരെ നീളുന്ന വ്യാപാരമേഖലകൾ, കമ്പനികൾ, ഓഹരിക്കമ്പോളം, വിദേശനിക്ഷേപം, ദുബായ് പോലുളള നികുതിശരണ രാജ്യങ്ങളിലെ നിക്ഷേപങ്ങൾ, സിനിമയിലെ നിർമ്മാണ വിതരണ മേഖലകളിലെ നിക്ഷേപം, സംസ്ഥാനങ്ങൾ തോറും ആഡംബര വില്ലകൾ, ഷോറൂമുകൾ, എന്നിങ്ങനെ എവിടെയാണ് സിനിമാക്കൊമ്പന്മാരുടെ നിക്ഷേപമില്ലാത്തത്?

പൊടുന്നനെയാണ് ചില താരങ്ങൾക്ക് കൃഷിയിൽ കമ്പം കയറുന്നത്. ഫാം ഹൌസുകൾ, പൌൾട്രി ഫോമുകൾ എന്നിങ്ങനെ പലതരം കമ്പങ്ങൾക്കു പിന്നിലും കളളപ്പണം വെളുക്കും. ചാച്ചാ നെഹ്രുവിനോട് അസൂയ മൂത്ത്  ഒരു ബോളിവുഡ് നടി ഏക്കറുകൾ വിസ്തൃതിയുളള റോസാപ്പൂന്തോട്ടം സ്വന്തമാക്കുമ്പോൾ ഭർത്താവിനെ പാപ്പരായി ബാങ്കു പ്രഖ്യാപിച്ചിട്ട് അധികകാലമായിരുന്നില്ല.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണെന്ന് പുലിമുരുകനിലെ ഡയലോഗ്. പഠിച്ചകളളപ്പണക്കാരും ഇപ്പോ പതുങ്ങുന്നത് ഒളിക്കാനും ഒളിപ്പിക്കാനുമല്ല. കുതിക്കാനാണ്.
ഇന്ത്യയിലെ കളളപ്പണക്കാരുടെ വൈവിദ്ധ്യമാർന്ന നിക്ഷേപതന്ത്രങ്ങളെക്കുറിച്ചു പഠിക്കുന്നവർക്ക് മോഹൻലാലിനെക്കാൾ നല്ലൊരു ഉദാഹരണമില്ല. റിയൽ എസ്റ്റേറ്റു മുതൽ കമ്പനികൾ വരെ. റെസ്റ്റോറന്റു മുതൽ ഫാം ഹൌസും വിദേശ രാജ്യങ്ങളിൽ ആഡംബര ഫ്ലാറ്റും വരെ. കിട്ടിയ പണം നിക്ഷേപിക്കുന്നത് പൊറോട്ട ബിസിനസിലാണോ, പുരാവസ്തു ശേഖരത്തിലാണോ എന്ന് അദ്ദേഹം നോക്കാറേയില്ലെന്ന് റെയിഡിനിറങ്ങിയവർ അത്ഭുതപ്പെടുന്നു. എവിടെയെങ്കിലും നിക്ഷേപിക്കുക. അതാണ് മോഹൻലാലിന്റെ മുദ്രാവാക്യം.

ഓർമ്മയില്ലേ പനാമാ പേപ്പർ വെളിപ്പെടുത്തലുകൾ? അമിതാഭ് ബച്ചൻ, ഐശ്വര്യാ റായി, അജയ് ദേവ്ഗൺ.... ബഹാമസിലെയും ബ്രിട്ടീഷ് വിർജിൻ ഐലന്റിലെയും നാലു കമ്പനികളിൽ 1993 മുതൽ അമിതാഭ് ബച്ചൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നുവെന്നും ബോർഡ് മീറ്റിംഗുകളിൽ ടെലിഫോൺ വഴി പങ്കെടുത്തിരുന്നുവെന്നുമായിരുന്നു പനാമാ പേപ്പർ വെളിപ്പെടുത്തൽ. ബച്ചൻ ആരോപണം നിഷേധിച്ചു.

ഐശ്വര്യാറായിയുടെ മാതാപിതാക്കളും സഹോദരനുമടക്കമുളളവർ ബ്രീട്ടീഷ് വിർജിൻ ഐലന്റിലെ അമിക് പാർട്നേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ടായിരുന്നുവെന്നും ഈ കമ്പനി 2008ൽ പ്രവർത്തനം അവസാനിപ്പിച്ചുവെന്നുമുളള വെളിപ്പെടുത്തലുമുണ്ടായി. ഈ ആരോപണവും നിഷേധിക്കപ്പെട്ടു. എന്നാൽ ബ്രിട്ടീഷ് വിർജിൻ ഐലന്റിലെ മെറിൽബോൺ എന്റർടെയിന്മെന്റ് എന്ന സ്ഥാപനത്തിൽ തനിക്ക് ഓഹരിയുണ്ടെന്ന വെളിപ്പെടുത്തൽ അജയ് ദേവ്ഗൺ ശരിവെച്ചു. ഇവരെല്ലാം ഇപ്പോൾ കളളപ്പണത്തിനെതിരെ മോദിയോട് തോളോടു തോൾ ചേർന്ന് പോരാടുകയാണ്.

മിക്കവാറും ബ്ലോഗെഴുതുമ്പോൾ ഒരു തത്ത്വചിന്തകന്റെ റോളിലാണ് മോഹൻലാൽ അഭിനയിക്കുക. മേജർ രവി അടുത്തുണ്ടെന്നു വെച്ച് ഇപ്പോഴും അതിനൊരു മാറ്റമില്ല. അദ്ദേഹം പറയുന്നു :
ജീവിതമെന്നത് എല്ലായ്പോഴും ഒരേ വേഗത്തിലും താളത്തിലും കടന്നുപോകുന്ന ഒന്നല്ല. അതിനു ചിലപ്പോൾ വേഗം കുറയും. വർണപ്പൊട്ടുകൾ മായും. അത്തരം അവസ്ഥകളെ നേരിടുക ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ അതു നാം സ്നേഹിക്കുന്ന എന്തിനെങ്കിലും വേണ്ടിയാണെങ്കിൽ ബുദ്ധിമുട്ടുകൾ ബുദ്ധിമുട്ടുകളായി തോന്നില്ല. അത്തരം സന്ദർഭങ്ങളിൽ വിഷമങ്ങൾ കൂടി മധുരിക്കും...

ഒരു തുണ്ടു നോട്ടിനുവേണ്ടി ക്യൂ നിന്നു മടുക്കുന്നവർക്ക് വായിച്ചു രോമാഞ്ചം കൊളളാൻ ഇതിലപ്പുറം പഞ്ച് ഡയലോഗില്ല.

എന്തെന്തു ബുദ്ധിമുട്ടുകൾ സഹിച്ചാവും, കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഉപയോഗിച്ച തോക്ക് അദ്ദേഹം  സ്വന്തം വീട്ടിലെത്തിച്ചിട്ടുണ്ടാവുക? കൊച്ചിയിലെ വീട്ടിലിരുന്ന ആനക്കൊമ്പിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ തീർക്കാൻ എന്തെന്തു ബുദ്ധിമുട്ടുകളാണ് അദ്ദേഹം നിത്യേനെ സഹിച്ചുകൊണ്ടിരിക്കുന്നത്!

എല്ലാം രാജ്യത്തിനു വേണ്ടിയാണ് മക്കളേ, ദിനേശന്മാരേ... എല്ലാം സഹിക്കുക. അധ്വാനിച്ചുണ്ടാക്കിയ പണം പെറ്റുവീണ കുഞ്ഞിനു മരുന്നു വാങ്ങാൻ പോലും ഉപകരിക്കാത്ത നിസഹായത സഹിക്കുക. കൺമുന്നിൽ ശ്വാസം കിട്ടാതെ പിടഞ്ഞു തീരുന്ന നവജാതശിശു രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ചതാണ് എന്നു സമാധാനിക്കുക. നിശ്ചയിച്ച തീയതിയിൽ മകളുടെ വിവാഹം നടക്കുമോ എന്ന ആധി കയറി പലരുടെയും ഹൃദയം സ്തംഭിച്ചതും പ്രാണൻ വെടിഞ്ഞതും രാജ്യത്തിനു വേണ്ടിയാണെന്ന് സമാധാനിക്കുക.

രാജ്യാതിർത്തിയിലെ മരുഭൂമിയിലിരുന്ന് സാക്ഷാൽ ലെഫ്റ്റനന്റ് കേണൽ ഡോ. പത്മശ്രീ ഭരത് മോഹൻലാൽ നിങ്ങളെ  സല്യൂട്ടു ചെയ്യുന്നുണ്ട്.