മലപ്പുറം കളക്‌ട്രേറ്റ് വളപ്പില്‍ സ്‌ഫോടനം

സംഭവത്തിനു ശേഷം കരിമരുന്നിന്റെ ഗന്ധം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നതായി കോടതി പരിസരത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു.

മലപ്പുറം കളക്‌ട്രേറ്റ് വളപ്പില്‍ സ്‌ഫോടനം

മലപ്പുറം: ജില്ലാ ഫ്സ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ പൊട്ടിത്തെറി. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. ഡിഎംഒ(ഹോമിയോ)യുടെ കാറിന്റെ പിന്‍വശത്താണു സ്‌ഫോടനമുണ്ടായത്. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. തൊട്ടടുത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ ചില്ലു തകര്‍ന്നു. സംഭവത്തിനു ശേഷം കരിമരുന്നിന്റെ ഗന്ധം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നതായി കോടതി പരിസരത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു.ആദ്യം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമാണെന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍ രൂക്ഷമായ മരുന്ന് ഗന്ധം പരന്നതോടെയാണ് സ്ഫോടനമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ ചിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.


അതേ സമയം ലഘുലേഖകള്‍ അടങ്ങിയ ഒരു പെട്ടിയും സംഭവസ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ബെയ്സ് മൂവ്മെന്റ് എന്ന് പുറത്തെഴുതിയ പെട്ടിയാണ് കണ്ടെത്തിയത്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്. സ്‌ഫോടനത്തില്‍ സമീപത്തുള്ള മറ്റ് കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

പൊലീസ് പിടിച്ചെടുത്ത് തൊണ്ടിമുതലായി സൂക്ഷിച്ച ഒരു വാഹനം പരിസരത്തുണ്ട്. ഏറെനാളായി ഇവിടെ കിടക്കുന്ന ഈ വാഹനം പരിശോധിക്കാന്‍ ഒരുങ്ങുകയാണു പൊലീസും ഫയര്‍ഫോഴ്സും. ഡിവൈഎസ്പി പി.എം. പ്രദീപിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്. ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന വലിയ തരം ബാറ്ററിയുടെ അവശിഷ്ടം സ്ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സ്ഫോടന ശബ്ദത്തെത്തുടര്‍ന്ന് കളക്ടര്‍ ഷൈനാമോള്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി.സ്ഫോടനം ബോധപ്പൂര്‍വ്വമുള്ള ശ്രമമാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ ഉണ്ടായതിന് സമാനമായ സ്ഫോടനം തന്നെയാണ് മലപ്പുറത്തും ഉണ്ടായിരിക്കുന്നത്.

സ്ഫോടക വസ്തുക്കള്‍ തന്നെയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു. അഗ്‌നിശമന സേനയും ഡോഗ് സ്‌ക്വാഡുമടക്കം വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

എന്നാല്‍ മലപ്പുറം കളക്ടറേറ്റില്‍ കാറില്‍ സ്ഫോടനം നടത്തിയതിന് പിന്നില്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയെന്ന് സംശയം. ബേസ് മൂവ്മെന്റ് എന്ന് പേരിലുള്ള പെട്ടി സ്ഫോടനസ്ഥലത്ത് കണ്ടെത്തിയിരുന്നു. അല്‍ ഉമ്മ നിരോധിക്കപ്പെട്ടതിന് ശേഷം ബേസ് മൂവ്മെന്റ് എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. പെട്ടിയില്‍ നിന്ന് ലഘുലേഖകളും പെന്‍ഡ്രൈവും ഉസാമ ബിന്‍ലാദന്റെ ചിത്രവും കണ്ടെത്തിയതായി പൊലീസ് പഞ്ഞു. ലഘുലേഖകളിലാണ് ബിന്‍ലാദന്റെ ചിത്രമുള്ളത്. ബീഫ് സൂക്ഷിച്ചെന്ന കാരണത്തില്‍ യുപിയില്‍ സംഘ് പരിവാര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിനെക്കുറിച്ചും ലഘുലേഖയില്‍ പരാമര്‍മുണ്ട്. കൊല്ലത്ത് സ്ഫോടനം നടത്തുന്നതിന് മുമ്പായി ആന്ധ്രയിലും കര്‍ണാടകയിലും സമാനമായ രീതിയില്‍ സ്ഫോടനം നടത്തിയത് ബേസ് മൂവ് മെന്റാണെന്നുമാണ് പൊലീസ് വിശദീകരണം. ആന്ധ്രയിലെ ചിറ്റൂര്‍ കോടതിവളപ്പിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച അതേ ബാറ്ററികളാണ് കൊല്ലത്തെ സ്ഫോടനത്തിനും ഉപയോഗിച്ചിരിക്കുന്നത്. സമാനമാണ് മലപ്പുറം കളക്ടറേറ്റില്‍ നിന്ന് കിട്ടിയ വസ്തുക്കളാണെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊല്ലം സ്ഫോടനത്തിന് പിന്നില്‍ ദളിത് സംഘടനകളാണെന്ന സംശയത്തിലായിരുന്നു പൊലീസ്. പിന്നീടാണ് ബേസ് മൂവ്മെന്റാണെന്ന് പ്രത്യേക അന്വേഷസംഘം സ്ഥിരീകരിക്കുന്നത്.

1998 എല്‍ കെ അഡ്വാനി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നതിനോടനുബന്ധിച്ച് കോയമ്പത്തൂരില്‍ സ്ഫോടനം നടത്തിയത് അല്‍ ഉമ്മയായിരുന്നു. പതിമൂന്നിടത്ത് ഒരേസമയം നടന്ന സ്ഫോടനത്തില്‍ 46 പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഘടന നിരോധിക്കപ്പെട്ടെങ്കില്‍ ഇതില്‍ പ്രവര്‍ത്തിച്ചിരുന്നു പലരും തമിഴ്നാട്ടിലെ മുസ്ലിം മുന്നേറ്റ കഴകം എന്ന സംഘടനയിലേക്ക് ചേക്കേറിയിരുന്നു. തമിഴകത്ത് പലപേരില്‍ അറിയപ്പെടുന്ന മനുഷ്യാവകാശ സംഘടനകളിലും പഴയകാല അല്‍ ഉമ്മ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തമിഴ് നാട് ക്യൂബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. അല്‍ ഉമ്മയിലെ പഴയകാല പ്രവര്‍ത്തകര്‍ പിന്നീട് രൂപീകരിച്ചതാണ് ബേസ് മൂവ്മെന്റ്. ഭോപ്പാലില്‍ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ക്കിടയിലാണ് മലപ്പുറം കളക്ടറേറ്റില്‍ സ്ഫോടനം നടന്നത്.

Read More >>